sections
MORE

കെഎഎസ്: ഇന്ത്യയെക്കുറിച്ച് പഠിക്കാനേറെ

exam-preparation
SHARE

കെഎഎസ് പ്രാഥമിക പരീക്ഷയ്ക്കായി അപേക്ഷിച്ച ഉദ്യോഗാർഥികൾ തയാറെടുപ്പ് ആരംഭിച്ചിട്ടുണ്ടാകും. പിഎസ്‌സിയുടേത് ഉൾപ്പെടെയുള്ള മത്സരപ്പരീക്ഷകൾക്കു നേരത്തേ തന്നെ തയാറെടുക്കുന്നവരെ കുഴക്കുന്നതു സിലബസിൽ ഇന്ത്യയെക്കുറിച്ചുള്ള ഭാഗങ്ങളാകും. സാധാരണ പിഎസ്‌സി പരീക്ഷകൾക്ക് ഇന്ത്യാ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ പഠിക്കാനുണ്ടെങ്കിലും ഇത്ര ആഴത്തിൽ വേണ്ടായിരുന്നു. 

ഉദാഹരണത്തിനു പ്രാചീന, മധ്യകാലങ്ങളിലെ ഇന്ത്യാ ചരിത്രം ഇപ്പോൾ ഒട്ടുമിക്ക പിഎസ്‌സി പരീക്ഷകളിലും ചോദിക്കാറില്ല. എന്നാൽ, കെഎഎസ് സിലബസിൽ ഇവ എടുത്തുപറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ സാധാരണ തയാറെടുപ്പു പോരാ. സിലബസിലെ ഇന്ത്യാ കണക്‌ഷൻ പരിശോധിക്കാം.

ഇന്ത്യാ ചരിത്രം
പ്രാചീന, മധ്യകാല, ആധുനിക കാലങ്ങളിലെ ഇന്ത്യ ഉൾപ്പെടുന്ന വിശാലമായ സിലബസ്. പതിനെട്ടാം നൂറ്റാണ്ട് മുതൽ നിലവിലെ സാഹചര്യങ്ങൾ വരെയുള്ളവയ്ക്കു പ്രാധാന്യം കൂടും. സിലബസ് വിപുലമായതിനാൽ തന്നെ ചോദ്യങ്ങളുടെ എണ്ണവും കൂടുമെന്നു പ്രതീക്ഷിക്കുന്നു.

 എങ്ങനെ പഠിക്കണം: എൻസിഇആർടിയുടെ എട്ടാം ക്ലാസ് മുതലുള്ള പുസ്തകങ്ങളാണ് ഇവ പഠിക്കാനുള്ള അടിസ്ഥാനം. എൻസിഇആർടി പ്ലസ് വൺ, പ്ലസ് ടു ചരിത്ര പുസ്തകങ്ങൾ വായിച്ചിരിക്കണം. റാങ്ക് ഫയലുകൾക്കും ആനുകാലിക പ്രസിദ്ധീകരണങ്ങൾക്കുമൊപ്പം ബിപൻ ചന്ദ്രയുടെ ‘ഹിസ്റ്ററി ഓഫ് മോഡേൺ ഇന്ത്യ’, സ്പെക്ട്രം പബ്ലിക്കേഷൻസിന്റെ ‘ബ്രീഫ് ഹിസ്റ്ററി ഓഫ് മോഡേൺ ഇന്ത്യ’ തുടങ്ങിയ പുസ്തകങ്ങൾ റഫർ ചെയ്യാം.

ഭൂമിശാസ്ത്രം
സൗരയൂഥം മുതൽ പ്രളയം വരെയുള്ള കാര്യങ്ങൾ ഭൂമിശാസ്ത്രം (ജ്യോഗ്രഫി) സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിലെ ഒരു ഭാഗമായാണ് ഇന്ത്യയുടെ ഭൂമിശാസ്ത്രം പറഞ്ഞിട്ടുള്ളത്.

 എങ്ങനെ പഠിക്കണം: എൻസിഇആർടിയുടെ പ്ലസ് വൺ, പ്ലസ് ടു ജ്യോഗ്രഫി പുസ്തകങ്ങൾ വായിക്കണം. ഇന്ത്യയുടെ മാപ്പോ അറ്റ്‌ലസോ ഉപയോഗിച്ച് അടിസ്ഥാന ധാരണ ഉറപ്പിക്കണം. ഗോ ചെങ് ലോങ്ങിന്റെ ‘സർട്ടിഫിക്കറ്റ് ഫിസിക്കൽ ആൻഡ് ഹ്യൂമൻ ജ്യോഗ്രഫി’, ഡി.ആർ. ഖുള്ളറുടെ ‘ഐഎസ്‌സി ജ്യോഗ്രഫി’ എന്നീ പുസ്തകങ്ങളും മികച്ച മാർക്ക് നേടിത്തരും.

ഇന്ത്യൻ ഭരണഘടന
മിക്ക മത്സരപ്പരീക്ഷകളിലും ഭരണഘടന സംബന്ധിച്ചു ചോദ്യങ്ങൾ പതിവായുണ്ടാകും. എന്നാൽ, കെഎഎസ് സിലബസിൽ ഈ ഭാഗവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ വിദേശനയം, ഭരണനിർവഹണം, രാജ്യാന്തര കരാറുകൾ, ജുഡീഷ്യറിയുടെ ഘടന, പഞ്ചായത്തീരാജ് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഴമേറിയ പഠനം വേണമെന്ന് ചുരുക്കം.

 എങ്ങനെ പഠിക്കണം: സ്റ്റഡി മെറ്റീരിയലുകൾ ലഭിക്കാൻ വലിയ ബുദ്ധിമുട്ടില്ല. എൻസിഇആർടി പ്ലസ് വൺ, പ്ലസ് ടു പുസ്തകങ്ങൾ വായിച്ചാൽ അടിസ്ഥാന ധാരണ കിട്ടും. എം. ലക്ഷ്മികാന്തിന്റെ ‘ഇന്ത്യൻ പൊളിറ്റി’ എന്ന പുസ്തകത്തിൽ സിലബസിലെ ഒട്ടുമിക്ക ഭാഗങ്ങളും ഉണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA