ADVERTISEMENT

ഉദ്യോഗാർഥികൾക്ക് ഇഷ്ടമുള്ള ജില്ലയിൽ പരീക്ഷ എഴുതാൻ നൽകിയിരുന്ന സൗകര്യം പിഎസ്‌സി പിൻവലിച്ചു. സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിൽ നടന്ന ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം. 

ഒക്ടോബർ 15 ലെ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന സംസ്ഥാനതല വിജ്ഞാപനങ്ങൾപ്രകാരം അപേക്ഷിച്ച ഉദ്യോഗാർഥികൾക്കു നേറ്റീവ് ജില്ലയിൽ മാത്രം പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കാനാണ് ആദ്യം അവസരം നൽകിയിരുന്നത്. എന്നാൽ, ഇതു പരാതികൾക്ക് ഇടയാക്കിയ സാഹചര്യത്തിൽ ഉദ്യോഗാർഥികൾ ഇപ്പോൾ താമസിക്കുന്ന ജില്ലയിൽ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. ജില്ലാതല നിയമനങ്ങൾക്ക് അപേക്ഷ നൽകുന്ന ജില്ലയിൽ മാത്രമേ പരീക്ഷാ കേന്ദ്രം അനുവദിക്കൂ.   ഒരു ജില്ലയിൽ അപേക്ഷിക്കുന്ന ഉദ്യോഗാർഥിക്ക് മറ്റു ജില്ലകളിൽ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാൻ ഇതുവരെ പിഎസ്‌സി അവസരം നൽകിയിരുന്നു. പരീക്ഷാകേന്ദ്രങ്ങളുടെ ലഭ്യത അനുസരിച്ച് ഉദ്യോഗാർഥി തിരഞ്ഞെടുക്കുന്ന ജില്ലയിൽ തന്നെ പരീക്ഷ എഴുതാനും കഴിഞ്ഞിരുന്നു. ഈ സൗകര്യവും ഇനിയുണ്ടാകില്ല. 

തിരുത്തലിന് അവസരം
ഒറ്റത്തവണ റജിസ്ട്രേഷനിൽ ഉദ്യോഗാർഥി രേഖപ്പെടുത്തിയിട്ടുള്ള ഇപ്പോൾ താമസിക്കുന്ന ജില്ല (Presently Residing District) ആയിരിക്കും സംസ്ഥാനതല വിജ്ഞാപനങ്ങളിൽ  പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുമ്പോൾ ഇനി വെബ്സൈറ്റിൽ കാണാൻ കഴിയുക. ഇപ്പോൾ താമസിക്കുന്ന ജില്ലയും ഇതിലെ ഒരു താലൂക്കും മാത്രമേ പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുക്കാൻ കഴിയൂ. 

ഒറ്റത്തവണ റജിസ്ട്രേഷനിൽ ഇപ്പോൾ താമസിക്കുന്ന ജില്ല തെറ്റായി രേഖപ്പെടുത്തിയവർ അതു തിരുത്തിയ ശേഷം അപേക്ഷ നൽകണം. ജില്ലതല നിയമനങ്ങൾക്കുള്ള വിജ്ഞാപനപ്രകാരം അപേക്ഷിക്കുന്നവർ അപേക്ഷ നൽകുന്ന ജില്ലയിൽ വേണം ഇനി പരീക്ഷ എഴുതാൻ. 

തിരുവനന്തപുരത്തുള്ള ഉദ്യോഗാർഥി കാസർകോട് ജില്ലയിൽ അപേക്ഷ നൽകുകയാണെങ്കിൽ കാസർകോട് ജില്ലയിൽ മാത്രമേ പരീക്ഷ എഴുതാൻ കഴിയൂ. തെറ്റായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും പിഎസ്‍സി തീരുമാനിച്ചിട്ടുണ്ട്. 

സിവിൽ പൊലീസ് ഓഫിസർ പരീക്ഷയ്ക്ക് കാസർകോട് ജില്ലയിൽ അപേക്ഷ നൽകിയ ഉദ്യോഗാർഥികൾക്കു തിരുവനന്തപുരം ജില്ലയിൽ പരീക്ഷാകേന്ദ്രം ലഭിക്കുകയും കുറച്ചു പേർ ക്രമക്കേടു നടത്തി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തതോടെയാണ്, ഇഷ്ടമുള്ള ജില്ലയിൽ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്ന സൗകര്യം അവസാനിപ്പിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com