sections
MORE

ഭക്ഷണം കഴിച്ചാൽ കാശ് ഇങ്ങോട്ട് കിട്ടും! എന്താ താൽപര്യമുണ്ടോ?

Food_critic
SHARE

ഭക്ഷണത്തിന്റെ നിലവാരം പഠിക്കുന്ന ‘ഫുഡ് ക്രിട്ടിക്’ പുതിയ കാലത്തെ രസമുള്ളൊരു ജോലിയാണ്. ‘വയറു നിറയ്ക്കാൻ ആരെക്കൊണ്ടും പറ്റും. എന്നാൽ, കഴിക്കുന്നവന്റെ മനസ്സും നിറയ്ക്കുന്നതാണു യഥാർഥ കൈപ്പുണ്യം’–‘ഉസ്താദ് ഹോട്ടൽ’ എന്ന സിനിമയിൽ തിലകൻ കഥാപാത്രത്തിന്റെ ഈ ഡയലോഗ് എളുപ്പം മറക്കാനാവില്ല. 

സിനിമയിലെ സംഭാഷണം കാൽപനികമാകാം. പക്ഷേ, കഴിക്കുന്നവരുടെ വയറും മനസ്സും നിറയുന്നുണ്ടോ എന്നത് നാട്ടുകാരെ അറിയിക്കുന്ന ചിലരുണ്ട്–‘ഫുഡ് ക്രിട്ടിക്’ അഥവാ ഭക്ഷണനിരൂപകർ! ലോകമെങ്ങുമുള്ള റസ്റ്ററന്റുകളിലെയും മറ്റും ഭക്ഷണത്തിന്റെ രുചിയും നിലവാരവും വ്യത്യസ്തതയുമൊക്കെ നിഷ്പക്ഷമായി ലോകരെ അറിയിക്കുകയാണ് ഇവരുടെ ജോലി. സമൂഹമാധ്യമങ്ങൾ വ്യാപകമായതോടെ ഫുഡ് ക്രിട്ടിക്കുകളുടെ പ്രാധാന്യം വർധിക്കുകയും ചെയ്തു. 

അറിയണം, രുചിശാസ്ത്രം 
ഹോട്ടലിലെ ഭക്ഷണത്തിന് ഉപ്പില്ല, പുളിയില്ല എന്നൊക്കെ വെറുതെയങ്ങു പറയുന്നതുപോലെ എളുപ്പമല്ല ഫുഡ് ക്രിട്ടിക് ആകാൻ. എന്നാൽ, ഗംഭീരമായി പാചകം ചെയ്യാൻ അറിയണം എന്നും നിർബന്ധമില്ല. ഫുഡ് ബ്ലോഗർമാരും വ്ലോഗർമാരും ക്രിട്ടിക്കുകളും ഒരേ ജോലിയല്ല ചെയ്യുന്നത്. ഫുഡ് ക്രിട്ടിക്കുകൾ ഭക്ഷണത്തിന്റെ രസതന്ത്രവും രുചിശാസ്ത്രവും ആഴത്തിൽ പഠിക്കേണ്ടതുണ്ട്. കാര്യങ്ങൾ നന്നായി എഴുതി ഫലിപ്പിക്കാനുള്ള കഴിവുണ്ടാകണം. എല്ലായിടത്തും പോയി ഭക്ഷണം വളരെ നല്ലതാണെന്നു മാത്രം പറഞ്ഞാൽ പോരാ, നിഷ്പക്ഷമായി വിലയിരുത്താനാകണം. ഹോട്ടൽ മുതലാളിമാരുടെ പ്രലോഭനങ്ങളിൽ വീഴാതെ പിടിച്ചുനിൽക്കുന്നവർക്കാണ് ഈ മേഖലയിൽ ഡിമാൻഡ്. നിരീക്ഷണപാടവം ഏറ്റവും അത്യാവശ്യം വേണ്ട ഗുണമാണ്. ഹോട്ടൽ, റസ്റ്ററന്റ് മേഖലയിലെ ശക്തമായ ബന്ധങ്ങളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്.  

വെറുതെ വയറു നിറയില്ല 
മാഗസിനുകൾ, പത്രങ്ങൾ തുടങ്ങി പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി ഫുഡ് ക്രിട്ടിക്കായി ജോലി ചെയ്താൽ മികച്ച ശമ്പളം ഉറപ്പ്. ഭൂരിഭാഗം ഫുഡ് ക്രിട്ടിക്കുകൾക്കും സ്വന്തമായി വെബ്സൈറ്റോ യുട്യൂബ് ചാനലോ ഉണ്ട്. സ്വതന്ത്രമായി പ്രവർത്തിക്കാം എന്നതിനു പുറമെ, നല്ല വരുമാനവും ഇതുവഴി ലഭിക്കും. മുൻപൊക്കെ ആരുമറിയാതെ ആയിരുന്നു ഫുഡ് ക്രിട്ടിക്കുകൾ റസ്റ്ററന്റുകളിൽ ചെന്നിരുന്നതെങ്കിൽ ഇപ്പോൾ മിക്കവരും പ്രശസ്തരാണ്. 

ഒരു കാര്യം പറയാം, സൗജന്യമായി ഭക്ഷണം ലഭിക്കുമെന്നോർത്ത് ആരും ഇതൊരു കരിയർ മേഖലയാക്കേണ്ട. ഭക്ഷണത്തിലെ നല്ലതും ചീത്തയുമൊക്കെ വയറിൽ കയറിപ്പിടിച്ചെന്നു വരാം. ഭക്ഷണപ്രിയർക്കു പാർട് ടൈമായെങ്കിലും ഈ ജോലിയൊന്നു ശ്രമിച്ചുനോക്കാവുന്നതാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA