sections
MORE

സൈക്കിയാട്രി, സൈക്കോളജി വ്യത്യാസമറിയാം; മികച്ച കരിയർ സ്വന്തമാക്കാം

counselling
SHARE

സമൂഹസേവന തൽപരനായൊരു മകന്റെ അമ്മയാണു ഞാൻ. സാമൂഹിക സേവനത്തിൽ വലിയ സാധ്യതയുള്ള ഒന്നാണല്ലോ മനോരോഗ ചികിത്സ? എന്തെല്ലാമാണ് ഇത്തരം ചികിത്സകരുടെ ചുമതലകൾ? ജോലിസാധ്യത എങ്ങനെയാണ്? 

ഒരു വീട്ടമ്മ, 

കോഴിക്കോട് 

മനോരോഗ ചികിത്സകൻ എന്നു പറയുന്നതിൽ അവ്യക്തതയുണ്ട്. മനസ്സിന്റെ വിഷമതകൾ പരിഹരിക്കുന്ന പ്രഫഷനലുകൾ മുഖ്യമായി രണ്ടു തരമാണ്–സൈക്കിയാട്രിസ്റ്റും ക്ലിനിക്കൽ സൈക്കോളജിസ്റ്റും. പക്ഷേ, ഇരുവിഭാഗക്കാരുടെയും പശ്ചാത്തലവും സമീപനവും വ്യത്യസ്തമാണ്. ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം ഏതൊരാൾക്കും വേണം. സുഖകരമായ ജീവിതത്തിനു മാനസികാരോഗ്യം കൂടിയേ തീരൂ–വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനു തന്നെയും. ഇതുറപ്പാക്കാൻ പ്രയത്നിക്കുന്ന മുഖ്യപ്രഫഷനലുകളാണു സൈക്കിയാട്രിസ്റ്റും സൈക്കോളജിസ്റ്റും. 

സൈക്കിയാട്രിസ്റ്റ് 

മെ‍ഡിക്കൽ ഡോക്ടറാണ്. എംബിബിഎസ് ജയിച്ച് മെഡിക്കൽ ശാഖയായ സൈക്കിയാട്രിയിൽ ഉപരിപഠനം നടത്താം. കുട്ടികൾ (പീഡിയാട്രിക്), വയോധികർ (ജെറിയാട്രിക്), കുറ്റകൃത്യങ്ങൾ (ഫോറൻസിക്) എന്നീ മേഖലകളിലെ സൈക്കിയാട്രിയിൽ സ്പെഷലൈസ് ചെയ്യാൻ സാധ്യതയുണ്ട്. അൽസ്ഹൈമേഴ്സ്, എഡിഎച്ച്ഡി, ഒസിഡി മുതലായവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുമുണ്ട്. 

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

മാനസികവും വൈകാരികവും പെരുമാറ്റസംബന്ധവുമായ തകരാറുകൾ തിരിച്ചറിഞ്ഞു പരിഹരിക്കുന്ന മനശ്ശാസ്ത്ര ശാഖയാണു ക്ലിനിക്കൽ സൈക്കോളജി. സൈക്കോളജിയിലെ ബാച്‌ലർ ബിരുദമാണ് ആദ്യ ചുവടുവയ്പ്. എംഫിൽ യോഗ്യതയുള്ളവർ പ്രാക്ടീസ് ചെയ്യാൻ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (www.rehabcouncil.nic.in) റജിസ്ട്രേഷൻ വാങ്ങാറുണ്ട്. വ്യക്തിത്വം, ബുദ്ധിശക്തി, മാനസിക കഴിവുകൾ മുതലായവ ശാസ്ത്രീയമായി നിർണയിക്കാനുള്ള സൈക്കോമെട്രിക് ടെസ്റ്റുകൾ രൂപകൽപന ചെയ്യുക, അവ ഉപയോഗിച്ചു വിലയിരുത്തി ഉപേദേശം നൽകുക എന്നിവയിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാർക്ക് ഏർപ്പെടാം. 

വ്യത്യാസമെന്ത്?

സൈക്കിയാട്രിസ്റ്റിന്റെ ഊന്നൽ ലാബ് പരിശോധനയിലും ഔഷധചികിത്സയിലുമാണെന്നു വരാം. സൈക്കോളജിസ്റ്റാകട്ടെ, താരതമ്യേന കൂടുതൽ നേരം രോഗിയുമായി ചെലവിട്ടു സംസാരിച്ചു‌ം ഉപദേശിച്ചും കൗൺസലിങ് ശൈലിയിൽ സഹായിക്കുന്നു. ഇരു പ്രഫഷനലുകളുടെയും പ്രവർത്തനങ്ങളിൽ പൊതുവായ പലതുമുണ്ട്. മനോരോഗത്തിനു മരുന്നു കഴിക്കാൻ ഇഷ്ടമില്ലാത്തവർ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെയാവും സമീപിക്കുക. 

പരിശീലനകേന്ദ്രങ്ങൾ

ഏതാനും സ്ഥാപനങ്ങളെക്കുറിച്ചുള്ള സൂചനകൾ കാണുക. വിശദാംശങ്ങൾക്ക് അതതു വെബ്സൈറ്റുകൾ നോക്കാം. 

∙നിംഹാൻസ്, ബെംഗളൂരു (www.nimhans.ac.in): പിഎച്ച്ഡി (സൈക്യാട്രി /ക്ലിനിക്കൽ സൈക്കോളജി), ഡിഎം (അഡിക്‌ഷൻ/ചൈൽഡ് & അഡോളസന്റ്/ജെറിയാട്രിക് സൈക്യാട്രി), എംഡി സൈക്യാട്രി, ഫെലോഷിപ് ഇൻ സൈക്യാട്രിക് റീഹാബിലിറ്റേഷൻ–മെഡിക്കലും നോൺ മെഡിക്കലും, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് ഇൻ ഫോറൻസിക്/ജെറിയാട്രിക് സൈക്യാട്രി. 

∙സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി, റാഞ്ചി (www.cipranchi.nic.in): പിഎച്ച്ഡി/എംഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി, എംഡി സൈക്യാട്രി. 

∙AIIMS, ഡൽഹി (www.aiimsexams.org): പിഎച്ച്ഡി സൈക്യാട്രി/ക്ലിനിക്കൽ സൈക്കോളജി. 

∙തിരുവനന്ത‌പുരം, കോട്ടയം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കൊച്ചി സർക്കാർ മെ‍ഡിക്കൽ കോളജുകളിലും പരിയാരം, അമല, ജൂബിലി, കാരക്കോണം, കോലഞ്ചേരി, കണ്ണൂർ, മലപ്പുറം എംഇഎസ്, തിരുവല്ല മെ‍ഡിക്കൽ കോളജുകളിലും: എംഡി സൈക്യാട്രി. 

∙കോഴിക്കോട് ഇംഹാൻസ് (http://imhans.org), ചണ്ഡിഗഢ് സർക്കാർ മെഡിക്കൽ കോളജ്, ഗുജറാത്ത് ഗാന്ധിനഗറിലെ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റി, മണിപ്പാൽ യൂണിവേഴ്സിറ്റി: എംഫിൽ ക്ലിനിക്കൽ സൈക്കോളജി. 

∙സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്, മഹാത്മാഗാന്ധി സർവകലാശാല, കോട്ടയം: പിഎച്ച്ഡി ബിഹേവിയറൽ മെഡിസിൻ, എംഫിൽ റീഹാബിലിറ്റേഷൻ സൈക്കോളജി/ബിഹേവിയറൽ മെഡിസിൻ & റീഹാബിലിറ്റേഷൻ. 

∙ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ബിഹേവിയർ & അലൈഡ് സയൻസസ്, ഡൽഹി: എംഡി സൈക്യാട്രി, എംഫിൽ ക്ലിനിക്കൽ സൈക്കോളജി. 

∙ജിപ്മെർ, പുതുച്ചേരി: എംഡി സൈക്യാട്രി, ഫെലോഷിപ് ഇൻ ചൈൽഡ് & അഡോളസന്റ് സൈക്യാട്ര‌ി (എംഡി സൈക്യാട്രിക്കു ശേഷം ഒരു വർഷം). 

∙ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്), മുംബൈ/ചെന്നൈ: എംഎ അപ്ലൈഡ് സൈക്കോളജി–സ്പെഷ്ലൈസേഷൻ ഇൻ ക്ലിനിക്കൽ/കൗൺസലിങ് സൈക്കോളജി. 


Content Summary: Difference Between Psychology And Psychiatry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA