ADVERTISEMENT

എന്തുകൊണ്ടാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെഎഎസ്) ശ്രദ്ധേയവും പ്രസക്തവുമാകുന്നത്‌ ? കാര്യപ്രാപ്തിയും ഭരണത്തിന്റെ സാമൂഹിക-സാമ്പത്തിക ലക്ഷ്യങ്ങളെപ്പറ്റിയുള്ള അവബോധവും നിഷ്പക്ഷ തീരുമാനങ്ങളെടുക്കാനുള്ള കഴിവും അപഗ്രഥനത്തിനുള്ള വിവേകവും സർവോപരി സാമൂഹിക പ്രതിബദ്ധതയുമുള്ള ഉദ്യോഗസ്ഥരെ ധാരാളമായി ആവശ്യമുണ്ട്. ആ ലക്ഷ്യമാണു കെഎഎസിലൂടെ നേടാൻ പോകുന്നത്.    

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഭരണപ്രക്രിയയുടെ സങ്കീർണത സാങ്കേതിക-സാമൂഹിക-രാഷ്ട്രീയ കാരണങ്ങളാൽ വർധിക്കുകയാണ്. ദേശീയവും രാജ്യാന്തരവുമായ വിവിധ അവസ്ഥകളും  വസ്തുതകളുമായി ബന്ധപ്പെട്ടു മാത്രമേ പല കാര്യങ്ങളും തീരുമാനിക്കാനാവൂ. ‌

ഈ മത്സരപ്പരീക്ഷയിൽ പങ്കെടുക്കുന്നവർ നിർദിഷ്ട സിലബസിനപ്പുറത്ത് സമൂഹത്തിന്റെ പ്രശ്നങ്ങളോട് ആഭിമുഖ്യം പുലർത്തുന്നവരാവണം. മത-ജാതി-രാഷ്ട്രീയ പരിഗണനകൾക്കതീതമായ നിഷ്പക്ഷതയും സാമൂഹിക ഹൃദയാലുത്വവും  പരീക്ഷ ജയിക്കാൻ മാത്രമല്ല, സർവീസിൽ കയറിയതിനു ശേഷമുള്ള വിജയത്തിനും അനുപേക്ഷണീയം. 

സർക്കാരുകൾക്കാവശ്യം ഉയർന്ന മൂല്യബോധത്തോടെയും, സാമൂഹികാവബോധത്തോടെയും, ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും,        ഫലപ്രാപ്തിയോടെ പ്രവർത്തിക്കാനുള്ള മാനസിക സജ്ജീകരണവും വ്യക്തിത്വവും  മൂല്യബോധവുമുള്ള ഉദ്യോഗസ്ഥരെയാണ്. സ്വന്തം ഉന്നതിക്കു മാത്രമായി ഈ സർവീസ് പരിഗണിക്കുന്നവർ ഇപ്പോഴേ പുനരാലോചിക്കണം. ഈ സർവീസ് ആവശ്യപ്പെടുന്ന സമർപ്പണ ബോധവും ത്യാഗബുദ്ധിയും സാമൂഹിക പ്രതിബദ്ധതയും  ജനാധിപത്യമൂല്യങ്ങളും തനിക്കുണ്ടോയെന്ന് ആത്മപരിശോധന നടത്തണം.  

കേരളത്തിന്റെ സാമൂഹിക– രാഷ്ട്രീയ ചരിത്രം, സമകാലിക അവസ്ഥ, സാംസ്കാരിക പരിണാമങ്ങൾ, പൊരുത്തക്കേടുകൾ, സംസ്ഥാനത്തിന്റെ തനതായ പ്രശ്നങ്ങൾ, സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള അറിവും ധാരണയും ഒഴിച്ചുകൂടാനാവാത്തതാണ്. തങ്ങളുടെ കൂറ് സാധാരണക്കാരോടാണെന്ന അവബോധവും, അഴിമതിക്കും മറ്റു പ്രേരണകൾക്കും പ്രലോഭനങ്ങൾക്കും വിധേയമാവുകയില്ലെന്ന സമ്പൂർണ നിർണയവും ഓരോ മത്സരാർത്ഥിയും സ്വയം ആർജിക്കേണ്ടതാണ്. ഈ ആത്മപരിശോധനയാണ് പരീക്ഷയെക്കാൾ കാതലായതെന്നു ഞാൻ കരുതുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com