ജോലിയിലും ജീവിതത്തിലും വിജയം ഉറപ്പ്! അറിയണം ഈ ടൈം മാനേജ്‌മെന്റ് തന്ത്രങ്ങൾ

Time-Management
SHARE

The Bad News is Time Files.

The Good News is you are the pilot

- Michael Altshuler

എല്ലാവർക്കും തുല്യത എന്ന ആശയം ഒരുപക്ഷേ ലോകത്തൊരു കാലവും നിലവിൽ വരില്ലായിരിക്കാം. എന്നാൽ എല്ലാക്കാലവും എല്ലാവർക്കും തുല്യത നൽകുന്ന ഒന്നാണു സമയം! അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും നാമോരുത്തർക്കും. തുല്യമായി ദിവസം ഇരുപത്തിനാലു മണിക്കൂർ തന്നെ ലഭിക്കുന്നു. ക്യാംപസ് പ്ലേസ്മെന്റ് എന്ന വിഷയവുമായി ബന്ധപ്പെട്ട് സമയത്തെ കരുതലോടെ കൈകാര്യം ചെയ്യുന്നതിന് ഏറെ പ്രാധാന്യമുണ്ട്. ആറു സെമസ്റ്ററുകൾ നീളുന്ന ഒരു കോഴ്സ് പഠിക്കുന്ന ഭൂരിപക്ഷം വിദ്യാർഥികളും ആദ്യ നാലു സെമസ്റ്ററുകളിൽ പ്ലേസ്മെന്റ് എന്ന വിഷയത്തെക്കുറിച്ചു ചിന്തിക്കുകപോലുമില്ല. അവസാന രണ്ടു സെമസ്റ്ററുകളിൽ നടക്കുന്ന ഒരു മാജിക് പ്രോഗ്രാമാണ് പലർക്കും ക്യാംപസ് പ്ലേസ്മെന്റ്.

യാഥാർഥ്യം തികച്ചും ഭിന്നമാണ്. ലക്ഷ്യബോധമുള്ള ഒരു വിദ്യാർഥി പഠനവിഷയങ്ങളോടൊപ്പം ആദ്യ സെമസ്റ്ററുകളിൽത്തന്നെ ക്യാംപസ് പ്ലേസ്മെന്റിനായുള്ള തയാറെടുപ്പുകളും ആരംഭിക്കണം. പഠനസമയത്തിന്റെ ഒരു ഓഹരി ക്യാംപസ് പ്ലേസ്മെന്റിലെ പ്രധാന കടമ്പകളായ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്. എച്ച്ആർ ഇന്റർവ്യൂ, ജിഡി എന്നിവയെ വിജയകരമായി നേരിടുന്നതിനുള്ള പരിശീലനങ്ങൾക്കായി മാറ്റിവയ്ക്കാം. ഒരു ദിവസം എന്നാൽ ഇരുപത്തിനാലു മണിക്കൂറുണ്ട്. ഇതിൽ എട്ടു മണിക്കൂർ വിശ്രമം ലഭിക്കണം. അഞ്ചു മണിക്കൂറോളം കോളജിലും മറ്റും ചെലവഴിക്കുന്നു. മൂന്നു മണിക്കൂർ വ്യക്തിപരമായ മറ്റാവശ്യങ്ങൾക്കും വിനോദങ്ങൾക്കുമായി ചെലവഴിക്കപ്പെടുന്നു എന്നു കരുതാം. ആകെ പതിനാറു മണിക്കൂർ. വീണ്ടും എട്ടു മണിക്കൂർ ബാക്കിയുണ്ട് ഈ എട്ടുമണിക്കൂറുകളുടെ ക്രിയാത്മകമായ ഉപയോഗമാണ് നിങ്ങളുടെ വിജയം സുനിശ്ചിതമാക്കുക. ഈ എട്ടുമണിക്കൂറിൽ അരമണിക്കൂറെങ്കിലും സർഗാത്മകത വളർത്തുന്നതിനും ക്രിയാത്മകമായ ചിന്തകൾക്കുമായി ചെലവഴിച്ചാൽ വിജയം കണ്ടെത്താം. ഈ സമയത്തിൽ നിന്നും ദിവസേന ഒരു മണിക്കൂറെങ്കിലും ക്യാംപസ് പ്ലേസ്മെന്റിനുള്ള തയാറെടുപ്പിനായി മാറ്റി വയ്ക്കുക. രണ്ടു മണിക്കൂർ നിങ്ങളുടെ പാഷനായി മാറ്റിവയ്ക്കുക. പ്ലേസ്മെന്റിന്റെ തലേന്നുവരെ ക്രിയാത്മകമായി ഒന്നും ചെയ്യാതെ ഒടുവിൽ ഇനിയെന്തു ചെയ്യും എന്നു ചിന്തിച്ച് ഹതാശരായിരിക്കുന്ന വിദ്യാർഥികൾ ഒരു സങ്കടക്കാഴ്ചയാണ്.

ടൈം മാനേജ്മെന്റ് (Time management) എന്ന പഴയ ആശയത്തിന് ഇന്നു പുതിയ മാനങ്ങൾ കൈവന്നിട്ടുണ്ട്. സമയത്തെ നമുക്കു ‘മാനേജ്’ ചെയ്യുവാൻ സാധിക്കില്ല. ലോകാരംഭം മുതൽ, അല്ലെങ്കിൽ അതിനും മുൻപു തന്നെ സമയത്തിന് ഒരു താളമുണ്ട്. ആരാലും നിയന്ത്രിക്കാനാവാത്ത ഒരു താളം. എന്നാൽ നിയന്ത്രിക്കാൻ പറ്റുന്ന ഒന്നുണ്ട്. സമയത്തിന്റെ അനിയന്ത്രിതമായ താളത്തിനൊപ്പം നമുക്ക് നമ്മളെത്തന്നെ നിയന്ത്രിക്കാം ചുരുക്കത്തില്‍ സമയത്തെ മാനേജ് ചെയ്യുക എന്നാൽ അതിനർഥം സ്വയം മാനേജ് ചെയ്യുക എന്നാണ് (Manage Ourselves).

വിഖ്യാതനായ മൈക്കിൾ ആൾപൂളർ സമയത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. ‘ദുഃഖകരമായ വസ്തുതയെന്തെന്നാൽ ഒരു സന്തോഷകരമായ, വാർത്തയുണ്ട് – നിങ്ങളാണ് ആ വിമാനത്തിന്റെ വൈമാനികൻ. പാറിപ്പറന്നകലുന്ന സമയത്തെ നമുക്കനുകൂലമായ രീതിയിൽ ഉപയോഗിക്കുവാൻ നമുക്കു സാധിക്കണം.‌

ഒട്ടുമിക്ക വിദ്യാർഥികളും പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ചെയ്യുന്ന പ്രധാന കലാപരിപാടികളിൽ ഒന്നാണ് ന്യൂഇയർ റെസല്യൂഷൻ എന്നത്. ഡിസംബര്‍ പകുതിയോടെ എടുക്കുന്ന ഈ ഓമനപ്പേരിലുള്ള പുതു തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള പരിപാടിയുടെ നടത്തിപ്പിനായി തിരഞ്ഞെടുക്കപ്പെടുന്നത് ജനുവരി ഒന്നാണ്. ജനുവരി പത്ത് തികച്ച ന്യൂഇയർ റസല്യൂഷനുകൾ വിരളമാണ്. എന്തായിരിക്കും അത്തരം ശക്തമയ തീരുമാനങ്ങൾ ലക്ഷ്യം കാണാത്തത്? അതിനുത്തരം ഒരു ചൈനീസ് പഴഞ്ചൊല്ലിലുണ്ട്. ആ പഴഞ്ചൊല്ലിന്റെ അർഥമിതാണ്. ‘ഒരു വൃഷത്തൈ നടുന്നതിനുള്ള ഏറ്റവും മികച്ച സമയം ഇരുപതുകൊല്ലം മുൻപായിരുന്നു. അന്നതു സാധിച്ചില്ല. ഇനി ലഭ്യമായ ഏറ്റവും മികച്ച സമയം ഇന്നാണ്, ഇപ്പോഴാണ് ഈ നിമിഷമാണ്! നാളെകളിലേക്കു തള്ളപ്പെടുന്ന ഒരു പ്രവൃത്തിയും ലക്ഷ്യം കാണില്ല. ചെയ്യാനുള്ളത് ഇന്നു ചെയ്യുക.

അമേരിക്കൻ ചിന്തകനായ സ്റ്റീഫൻ കോവേ (Stephen Covey) Seven Habits of Highly Effective People എന്ന പുസ്തകത്തിൽ ടൈം മാനേജ്മെന്റ് മാട്രിക്സിലൂടെ അവതരിപ്പിച്ച Put first thing first എന്ന ആശയം സമയത്തെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിനും ചെയ്തുതീർക്കേണ്ട കാര്യങ്ങളെ മുൻഗണനാക്രമത്തിൽ വിലയിരുത്തുന്നതിനും ഉപയോഗിക്കാവുന്നതാണ്.

ചെയ്തു തീർക്കേണ്ട കാര്യങ്ങളെ ആദ്യം നാലായി തരംതിരിക്കുന്നു.

∙ ഉടനടി ചെയ്യേണ്ടതും പ്രാധാന്യമേറിയതും (Urgent & Important)

∙ ഉടനടി ചെയ്യേണ്ടതും പ്രാധാന്യം കുറഞ്ഞതും (Urgent but not Important)

∙ ഉടനടി ചെയ്യേണ്ടാത്തതും എന്നാൽ പ്രാധാന്യമുള്ളതും (Not urgent but Important) 

∙ ഉടനടി ചെയ്യേണ്ടാത്തതും പ്രാധാന്യമില്ലാത്തതും (Not urgent & Not Important)

ഇത്തരത്തിൽ വിഭജിച്ചതിനു ശേഷം മുൻഗണനാക്രമത്തിൽ പ്രാധാന്യം കൽപിച്ചു നൽകുന്നതിലൂടെ പ്രാധാന്യവും അടിയന്തിര സ്വഭാവവുമുള്ളവയ്ക്ക് മുൻഗണന ലഭിക്കുകയും ചെയ്യുന്നു. താരതമ്യേന പ്രാധാന്യം കുറഞ്ഞവ ചെയ്തുതീർക്കുന്നതിന് കൂടുതൽ സാവകാശം ലഭിക്കുകയും ചെയ്യുന്നു, എപ്പോഴും ഓർക്കുക ഉടനടി ചെയ്യേണ്ടാത്തതും എന്നാൽ പ്രാധാന്യമുള്ളതുമായവയ്ക്കാണ് ഏറ്റവും ശ്രദ്ധ നൽകേണ്ടത് (Not urgent but important)

സമയം എന്ന അദ്ഭുതത്തെ നേരിടാൻ ഉദ്യോഗാർഥികൾ കഷ്ടപ്പെടുന്ന ഒരുപാടു സാഹചര്യങ്ങൾ ക്യാംപസ് പ്ലേസ്മെന്റിന്റെ വിവിധ ഘട്ടങ്ങളിലുണ്ടാകാം. ആദ്യമായി സമയത്തെക്കുറിച്ചുള്ള അവബോധത്തെ സ്വയമൊന്നു പരീക്ഷിച്ചു നോക്കാം. നിങ്ങളുടെ മൊബൈൽ ഫോണിൽ ഒരു സ്്റോപ്പ് വാച്ച് സെറ്റു ചെയ്യുക. സെറ്റ് ചെയ്ത ശേഷം എഴുന്നേറ്റു നിൽക്കുക. രണ്ടു മിനിറ്റായി എന്നു സ്വയം തോന്നുമ്പോള്‍ ഇരിക്കാം. ഇരിക്കുന്നതോടൊപ്പം സ്റ്റോപ്പ് വാച്ചിലേക്കു നോക്കുക. രണ്ടു മിനിറ്റ് എന്ന ആശയം നമുക്കെത്രമാത്രം അപരിചിതമാണെന്ന വസ്തുത നമ്മെ അമ്പരിപ്പിക്കും. സമയത്തെക്കുറിച്ചുള്ള ധാരണയില്ലായ്മ പലതരത്തിൽ ക്യാംപസ് പ്ലേസ്മെന്റിനെത്തുന്ന വിദ്യാർഥികളെ ബാധിക്കാറുണ്ട്. ഒരു സിനിമയിലെ നായകൻ പറയുന്നതു പോലെ ഒൻപതു മണിക്ക് കോളജിൽ എത്തണമെങ്കിൽ എട്ടരമണിക്ക് ഉറക്കമുണരുന്നതിനെക്കുറിച്ച് ആലോചിക്കുന്നവരാണു ഭൂരിപക്ഷം.

ക്യാംപസ് പ്ലേസ്മെന്റിനായി തയാറെടുക്കുമ്പോൾ എങ്ങനെയെല്ലാം സമയബോധം നമുക്കനുകൂലമായി മാറ്റാം എന്നതു പരിശോധിക്കാം. പത്രങ്ങളിലോ നവമാധ്യമങ്ങളായ ഫെയ്സ്ബുക്ക്. വാട്സ്ആപ് ജോബ് പോർട്ടലുകൾ എന്നിവയിൽ നിന്നോ ആണ് ഭൂരിപക്ഷം തൊഴിലവസരങ്ങളും ഉദ്യോഗാർഥികൾ അറിയുക. ഏതു ജോബ് പോസ്റ്റിങ്ങിലും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഉണ്ടാകും. നമ്മുടെ മനസ്സിൽ ആദ്യം കയറിക്കൂടുക ഈ അവസാന തീയതിയാകും. ഒട്ടുമിക്ക സ്വകാര്യ കമ്പനികളും ആദ്യമാദ്യം വരുന്ന അപേക്ഷകളിൽ നിന്നു വിദ്യാർഥികളെ ഇന്റർവ്യൂവിനും മറ്റുമായി ക്ഷണിക്കുന്ന രീതിയുണ്ട്. മികച്ച ഉദ്യോഗാർഥിയെ ലഭിച്ചാൽ വേക്കൻസികൾ പൂർണമായും അവസാന തീയതിക്കു മുൻപു തന്നെ നിറയുവാനുള്ള സാധ്യതകളും ചെറുതല്ല.

ക്യാംപസ് റിക്രൂട്മെന്റ് നടക്കുന്ന ദിവസം മുൻകൂട്ടിത്തന്നെ ക്യാംപസിൽ എത്തിച്ചേരുന്നു എന്നുറപ്പാക്കുക. പല കമ്പനികളുടെയും റിക്രൂട്മെന്റ് പ്രോസസിലെ പ്രധാന ഒരിനമാണ് ജിഡി അഥവാ ഗ്രൂപ്പ് ഡിസ്കഷൻ പത്തു മിനിറ്റാണ് ജിഡിക്കായി അനുവദിച്ചിരിക്കുന്ന സമയമെങ്കിൽ ഒരു കാരണവശാലും സമയക്രമം പാലിക്കാതിരിക്കരുത്. അനുവദിക്കപ്പെട്ട സമയത്തിൽ നിന്നും നിങ്ങൾക്കുപയോഗിക്കാവുന്ന സമയത്തെക്കുറിച്ചും ചോദ്യങ്ങളുടെ എണ്ണത്തെക്കുറിച്ചും നല്ല ധാരണ ഉണ്ടാകണം. ഓൺലൈൻ ടെസ്റ്റുകളിൽ ടൈമര്‍ സംവിധാനമുള്ളതിനാൽ അതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുക. ഇന്റർവ്യൂവിനായി എത്തിച്ചേരുന്ന കാര്യത്തിലും സമയബോധം അത്യാവശ്യമാണ്. ചിട്ടയോടെയും തയാറെടുപ്പോടും കൂടിയുള്ള സമീപനത്തിലൂടെ സമയത്തിന്റെ സാധ്യതകളെ ഉപയോഗിക്കാം. ഓർക്കുക നമുക്ക് ആവശ്യം ‘On Time’ (കൃത്യസമയം) അല്ല ‘In Time’ (വേണ്ടത്ര സമയം) ആണ്.

കടപ്പാട്
ക്യാംപസ് പ്ലേസ്മെന്റ്
സ്വപ്നജോലിക്കു വിജയമന്ത്രങ്ങൾ
ബ്രിജേഷ് ജോർജ് ജോൺ, കൃഷ്ണരാജ് എസ്
മനോരമ ബുക്സ്

Order Book>>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA