ADVERTISEMENT

തിരുച്ചിറപ്പള്ളി എൻഐടിയിൽ ബിടെക് സിവിൽ എൻജിനീയറിങ്ങിനു ചേരുമ്പോൾ മുതൽ കാത്തിരുന്ന ക്യാംപസ് പ്ലേസ്മെന്റ്, ബർജാസ് മുഹമ്മദിനു കനത്ത നിരാശയാണു സമ്മാനിച്ചത്. സിലക്‌ഷൻ കിട്ടാത്തതല്ല കാരണം; റിക്രൂട്മെന്റിനു വന്നതത്രയും പഠിച്ച മേഖലയുമായി ബന്ധമില്ലാത്ത നോൺ ടെക്നിക്കൽ കമ്പനികൾ. പഠിച്ച മേഖലയിൽ തന്നെയാവണം കരിയർ എന്ന നിശ്ചയദാർഢ്യത്തിൽനിന്നാണ് എൻജിനീയറിങ് സർവീസ് എക്സാം (ഇഎസ്ഇ) ബർജാസിന്റെ സ്വപ്നത്തിലേക്കു കടന്നുകൂടിയത്.

വിജയശതമാനം വച്ചു നോക്കിയാൽ, ഇന്ത്യയിലെ ഏറ്റവും പ്രയാസമേറിയ പ്രവേശനപരീക്ഷ. കഴിഞ്ഞ വർഷം, കോളജിലെ അവസാന സെമസ്റ്ററിൽ പരീക്ഷണാർഥം എഴുതിയിരുന്നു. കോഴ്സ് കഴിഞ്ഞയുടൻ കോച്ചിങ്ങിനു നേരെ ഡൽഹിക്ക്.

കഴിഞ്ഞ മേയിൽ കോച്ചിങ് തുടങ്ങിയതു മുതൽ ദിവസവും ആറര മണിക്കൂർ ഉറക്കമൊഴികെ ബാക്കി ഏതാണ്ടു മുഴുവൻ സമയവും പഠനം. വേഗവും കൃത്യതയും ഒരുപോലെ പ്രധാനമാണു പ്രിലിമിനറി പരീക്ഷയിൽ. ദിവസവും ഒട്ടേറെ ചോദ്യങ്ങൾ ചെയ്തുപഠിച്ചു.  

ഇന്റർവ്യൂ, കൂൾ!
കോഴ്സ് കഴിഞ്ഞു ജോലിയിൽ പ്രവേശിച്ചവരാകും മിക്കവരുമെന്നതിനാൽ ഇന്റർവ്യൂവിനു ജോലിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളേറും. ബർജാസിനു ജോലി പരിചയമില്ലാത്തതിനാൽ കോഴ്സ് പ്രോജക്ടുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങളേറെയും. ക്യാംപസ് പ്ലേസ്മെന്റ് വരെ ഉപേക്ഷിച്ചു തയാറെടുത്തത് എൻജിനീയറിങ് സർവീസിനോടുള്ള ആത്മാർഥത കാരണമാണെന്നു ബോധ്യപ്പെടുത്താനായി. യുപിഎസ്‌സി അംഗമാണ് ഇന്റർവ്യൂ ബോർഡ് അധ്യക്ഷൻ. അദ്ദേഹം പൊതുവിജ്ഞാനം പരിശോധിക്കുമ്പോള്‍ അഡ്വൈസറി അംഗങ്ങൾ സാങ്കേതിക പരിജ്ഞാനം അളക്കും.

ഇഎസ്ഇ എഴുതുമ്പോൾ
സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ ശാഖകളിലാണു പരീക്ഷ. ഓരോ ശാഖയിലും രണ്ടു ലക്ഷം വരെ അപേക്ഷകർ. ഇത്തവണ സിവിൽ വിഭാഗത്തിൽനിന്നു പ്രിലിമിനറി ജയിച്ചവർ 1825. മെയിനും കടന്ന് ഇന്റർവ്യൂവിനെത്തിയത് 645 പേർ. വിജ്ഞാപനത്തിൽ 260 ഒഴിവ് പ്രഖ്യാപിച്ചിരുന്നെങ്കിലും റാങ്ക് പട്ടികയിൽ ഇടം നേടിയവർ 233 മാത്രം. ഇതിൽ ദേശീയ തലത്തിൽ 15–ാമതും കേരളത്തിൽ ഒന്നാമതുമാണു ബർജാസ്.

ഇന്റർവ്യൂവിനു മുൻപ് ജോലി ചെയ്യാൻ താൽപര്യപ്പെടുന്ന വകുപ്പ് തിരഞ്ഞെടുക്കണം. ഇത്തവണ എട്ടു സർക്കാർ വകുപ്പുകളിലാണു സിവിൽ  ശാഖയിലെ വിജയികൾക്ക് അവസരമുണ്ടായിരുന്നത്. ബർജാസ് റെയിൽവേ തിരഞ്ഞെടുത്തു. ഒന്നര വർഷം വീതം ട്രെയിനിങ്ങും ഫീൽഡ് വർക്കും പൂർത്തിയാക്കിയാൽ അസിസ്റ്റന്റ് ഡിവിഷനൽ എൻജിനീയറായി നിയമനം. വടകര കടമേരി ആർഎസി ഹൈസ്കൂൾ അധ്യാപിക സി.വി. ഉമൈമയുടെയും എംയുപി സ്കൂൾ അധ്യാപകൻ പി.പി.മൊയ്തുവിന്റെയും മകനാണ് ബർജാസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com