sections
MORE

കെഎഎസ് വിജയം ഉറപ്പാക്കാം; വേണ്ടത് ഇത്തരം സ്മാർട് അറിവുകൾ

Exam_Tips
SHARE

പിഎസ്‌സിയുടെ സാധാരണ പരീക്ഷകളിൽ നിന്നു കെഎഎസ് തിരഞ്ഞെടുപ്പിനെ വേറിട്ടു നിർത്തുന്ന ഏറ്റവും പ്രധാന ഘടകം ഡിസ്ക്രിപ്റ്റീവ് പരീക്ഷകളെന്ന രണ്ടാം ഘട്ടമാണ് (മെയിൻസ്). പിഎസ്‌സി പരീക്ഷകൾക്കായി മാത്രം തയാറെടുത്തു ശീലിച്ച ഉദ്യോഗാർഥികളെ ഈ ഘട്ടം ആശയക്കുഴപ്പത്തിലാക്കിയേക്കാം. തൽക്കാലം പ്രാഥമിക കടമ്പ കടക്കണം എന്നതിനാൽ അതിനു പ്രാധാന്യം നൽകി മിക്കവരും തയാറെടുപ്പ് ആരംഭിച്ചിട്ടുണ്ടാകും. മെയിൻസിന്റെ സിലബസും പിഎസ്‌സി പ്രസിദ്ധീകരിച്ചിട്ടില്ല. 

എന്നാൽ, മെയിൻസ് പരീക്ഷയ്ക്കു കൂടി ഇപ്പോഴേ ഒരുക്കം വേണം. റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കണമെങ്കിൽ മെയിൻസിൽ നല്ല മാർക്ക് നേടണം. പ്രിലിമിനറി പരീക്ഷയുടെ സ്കോർ റാങ്കിനു പരിഗണിക്കില്ല. പ്രിലിമിനറിക്കൊപ്പം മെയിൻസിനും പരിഗണന നൽകി എങ്ങനെ പഠിക്കാമെന്നു പരിശോധിക്കാം. 

മാതൃക യുപിഎസ്‌സി തന്നെ
സിവിൽ സർവീസ് പരീക്ഷയുടെ മെയിൻസ് ഘട്ടം തന്നെയാകും കെഎഎസിനും മാതൃക. എന്നാൽ, അത്ര കടുപ്പമുണ്ടാകില്ല. ഓപ്ഷനൽ വിഷയമുൾപ്പെടെ 9 പേപ്പറുകളാണ് സിവിൽ സർവീസ് മെയിൻസിൽ എഴുതേണ്ടത്. കെഎഎസ് സ്കീം അനുസരിച്ച് 100 മാർക്ക് വീതമുള്ള 3 പേപ്പറുകൾ മാത്രമാണുള്ളത്. ഓരോന്നിനും 2 മണിക്കൂർ സമയം. ചോദ്യം ഇംഗ്ലിഷിലാണെങ്കിലും ഉത്തരങ്ങൾ ഇംഗ്ലിഷിലോ മലയാളത്തിലോ എഴുതാം. 

സിവിൽ സർവീസിനു സാധാരണ പ്രിലിമിനറിക്കു ശേഷം മൂന്നോ നാലോ മാസം കഴിഞ്ഞാണു മെയിൻസ് പരീക്ഷ. കെഎഎസിലും അങ്ങനെ തന്നെയാകാനാണു സാധ്യത. 

സ്മാർട് ടിപ്സ്: സിലബസ് പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും പ്രിലിമിനറിക്കു ചോദിക്കുന്ന ഒട്ടുമിക്ക ഭാഗങ്ങളും മെയിൻസിനുമുണ്ടാകും. ഓപ്ഷനൽ വിഷയമില്ലാത്തതിനാൽ അതിനായി പ്രത്യേകം തയാറെടുക്കേണ്ടതില്ല. ഓരോ വിഷയത്തിലും പ്രിലിംസിനു തയാറെടുക്കുമ്പോൾ മെയിൻസിലെ ഡിസ്ക്രിപ്ടീവ് പരീക്ഷയും കണക്കിലെടുക്കുക. 

ഉത്തരം തിരിച്ചറിഞ്ഞാൽ പോരാ
പ്രിലിമിനറി പരീക്ഷ മൾട്ടിപ്പിൾ ചോയ്സ് രീതിയിലായതിനാൽ ഓപ്ഷനുകളിൽ നിന്ന് ഉത്തരം തിരഞ്ഞെടുക്കാം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഉത്തരം തിരിച്ചറിഞ്ഞാൽ മതി. എന്നാൽ, ഡിസ്ക്രിപ്റ്റീവ് പരീക്ഷയിൽ നല്ല മാർക്കിന് ആഴത്തിലുള്ള പഠനം വേണം. പിഎസ്‌സി പരീക്ഷകൾക്കായി മാത്രം തയാറെടുത്തിരുന്നവർ പഠനരീതി അൽപം മാറ്റണമെന്നർഥം.

സ്മാർട് ടിപ്സ്: ഓരോ വിഷയവും ചെറു കുറിപ്പുകൾ തയാറാക്കി മൊഡ്യൂളുകളാക്കാം. ഉദാഹരണത്തിനു ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചു പഠിക്കുമ്പോൾ  ഗാന്ധിജിയുടെ  ഓരോ സമരവും ഓരോ മൊഡ്യൂളാക്കാം.ചെറിയ വരകളുടെയും ടേബിൾ, ബാർ ഡയഗ്രങ്ങളുടെയും സഹായത്തോടെ മൊഡ്യൂൾ തയാറാക്കുന്നതും ആലോചിക്കാം.

പത്രവായനയിൽ കൂടി ലഭിക്കുന്ന വിവരങ്ങൾ മെയിൻ പരീക്ഷയിലും ഇന്റർവ്യൂവിലും ഗുണം ചെയ്യുമെന്നുറപ്പാണ്. വിഷയം തിരിച്ചു നോട്ടുകൾ തയാറാക്കുക. അടുത്ത ദിവസം വാർത്തയുടെ ഫോളോ അപ് വരുമ്പോൾ അതനുസരിച്ച് ഈ നോട്ടുകൾ അപ്ഡേറ്റ് ചെയ്യുകയും വേണം.

എഴുത്ത് നന്നാക്കാം
വിഷയങ്ങൾ നന്നായി അറിഞ്ഞതുകൊണ്ടു മാത്രം കാര്യമില്ല. അവ ഫലപ്രദമായി ഉത്തരക്കടലാസിലേക്കു പകർത്താനും കഴിയണം. എഴുതിയ ആശയം വ്യക്തമായി പേപ്പർ നോക്കുന്നയാൾക്കു മനസ്സിലാകുന്നതിലാണു കാര്യം. അതുകൊണ്ടുതന്നെ എഴുത്തിൽ പരിശീലനം അത്യാവശ്യം. പ്രിലിമിനറിക്കു ശേഷം എല്ലാ ദിവസവും പരിശീലനം നടത്തണം. ഇംഗ്ലിഷിലാണോ മലയാളത്തിലാണോ ഉത്തരം എഴുതുന്നതെന്നു നേരത്തേ തീരുമാനിക്കുകയും വേണം.

 സ്മാർട് ടിപ്സ്: പത്രവായനയുടെ സമയത്ത് അതിലെ എഴുത്തിന്റെ ശൈലി കൂടി ശ്രദ്ധിക്കണം. ആമുഖം, വിഷയം, സംഗ്രഹം എന്ന രീതിയിൽ ഓരോ ചോദ്യത്തിനും ഉത്തരം എഴുതേണ്ടതുണ്ട്. അനാവശ്യ സാങ്കേതികപദങ്ങൾ ഒഴിവാക്കണം. വാക്കുകളുടെ എണ്ണം തികയ്ക്കാനുള്ള അനാവശ്യ വർണനകളും ഒഴിവാക്കി വിഷയത്തിലേക്കു നേരിട്ടു പ്രവേശിക്കണം. വ്യാകരണത്തെറ്റുകൾ, അക്ഷരത്തെറ്റുകൾ എന്നിവ നിർബന്ധമായും ഒഴിവാക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA