കെഎഎസ് പ്രാഥമിക പരീക്ഷാ സിലബസിലെ പ്രധാനപ്പെട്ട ഭാഗമാണ് സമ്പദ്വ്യവസ്ഥയും ആസൂത്രണവും (ഇക്കോണമി & പ്ലാനിങ്). 100 മാർക്കിനുള്ള രണ്ടാം പേപ്പറിന്റെ സിലബസിൽ സാമ്പത്തികശാസ്ത്രത്തെക്കുറിച്ചുള്ള ഭാഗങ്ങൾ വിശദമായി നൽകിയിട്ടുണ്ട്.
കേരള മോഡലും കേരളത്തിന്റെ സാമ്പത്തികസ്ഥിതിയും പഠിക്കാനുണ്ടെങ്കിലും ഇന്ത്യയുമായി ബന്ധപ്പെട്ട ഭാഗങ്ങളാണു കൂടുതലും. യുപിഎസ്സി പരീക്ഷകൾക്കു തയാറെടുക്കുന്നവർ കേരളവുമായി ബന്ധപ്പെട്ടവ ഒഴിച്ചുള്ള ഭാഗങ്ങളുമായി പരിചയമുണ്ടാകും. മറ്റു പിഎസ്സി പരീക്ഷകൾക്കു തയാറെടുക്കുന്നവർ പഞ്ചവത്സര പദ്ധതികളും നിതി ആയോഗുമൊക്കെ പഠിക്കുന്നുണ്ടെങ്കിലും ഇത്ര ആഴത്തിൽ സാമ്പത്തികശാസ്ത്രം പഠിക്കേണ്ട കാര്യമില്ലായിരുന്നു. ഡിഗ്രിക്ക് ഇക്കണോമിക്സ് പഠിക്കാത്തവർ ഈ ഭാഗങ്ങളൊക്കെ മുൻപു കാണാൻ സാധ്യതയുമില്ല.
അതുകൊണ്ടുതന്നെ അൽപം സമയമെടുത്തു പഠിക്കേണ്ട ഭാഗമാണു സാമ്പത്തികശാസ്ത്രം.
ആസൂത്രണം മുതൽ സന്തോഷസൂചിക വരെ
വിശാലമായ സിലബസിൽ ഒട്ടേറെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി, പ്ലാനിങ് കമ്മിഷനുകൾ, നിതി ആയോഗ്, പ്രതിശീർഷ വരുമാനം, പഞ്ചവത്സര പദ്ധതികളുടെ ഉദ്ദേശ്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.കൃഷിമേഖലയുമായി ബന്ധപ്പെട്ട് കൃഷിയിലെ നൂതന സാങ്കേതികവിദ്യകൾ, ഹരിതവിപ്ലവം തുടങ്ങിയവ സിലബസിലുണ്ട്.വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനങ്ങൾ, വിദേശ നിക്ഷേപം, ഇ– കൊമേഴ്സ് തുടങ്ങിയവയുണ്ട്.
റോഡ്, റെയിൽ, ജലഗതാഗത സൗകര്യങ്ങൾ, അണക്കെട്ടുകൾ, ജനസംഖ്യാപഠനം, തൊഴിലില്ലായ്മ, മനുഷ്യവിഭവശേഷി, നികുതികൾ, ബജറ്റ്, വിദേശവ്യാപാരം എന്നിങ്ങനെ സാമ്പകത്തികമേഖലയുമായി ബന്ധപ്പെട്ട് ഒട്ടുമിക്ക കാര്യങ്ങളും സിലബസിൽ ഇടംപിടിച്ചിട്ടുണ്ട്. ലോക പട്ടിണി സൂചികയിലും സന്തോഷ സൂചികയിലും ഇന്ത്യയുടെ സ്ഥാനവും ഓർത്തിരിക്കണം.
∙ എങ്ങനെ പഠിക്കാം: ചിലപ്പോൾ സ്കൂൾ തലത്തിൽ പോലും ഇവ പഠിക്കാൻ സാധ്യതയില്ലാത്തതിനാൽ ഈ മേഖലയിൽ അടിസ്ഥാന ധാരണ നേടേണ്ടത് അത്യാവശ്യമാണ്. എൻസിഇആർടിയുടെ ഇക്കണോമിക്സ് പ്ലസ് വൺ, പ്ലസ് ടു പുസ്തകങ്ങൾ വായിച്ചാൽ ലളിതമായി കാര്യങ്ങൾ മനസ്സിലാക്കാം.
അതിനുശേഷം യുപിഎസ്സി പരീക്ഷകൾക്കു തയാറെടുക്കാൻ സഹായിക്കുന്ന പുസ്തകങ്ങൾ വായിക്കാം. ശങ്കർ ഗണേശിന്റെ ‘ഇന്ത്യൻ ഇക്കോണമി’ എന്ന പുസ്തകത്തിൽനിന്നു സിലബസിൽ പറഞ്ഞിരിക്കുന്ന ഒട്ടേറെ കാര്യങ്ങൾ പഠിക്കാം. ഇതുവരെ പഠിച്ചു തുടങ്ങിയിട്ടില്ലെങ്കിൽ റാങ്ക് ഫയലോ ഓൺലൈൻ റിസോഴ്സുകളോ റഫർ ചെയ്യാം.