ADVERTISEMENT

കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കാനിരിക്കെ കെഎസ്എഫ്ഇയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സ്ഥാനക്കയറ്റ ശതമാനം ഉയർത്തിയത് ഉദ്യോഗാർഥികൾക്ക് തിരിച്ചടി. നിലവിൽ അസിസ്റ്റന്റാകാൻ അനുവദിച്ചിരുന്ന 10% സ്ഥാനക്കയറ്റ ഒഴിവുകൾക്കു പുറമേ വീണ്ടും 10% കൂടി  ലാസ്റ്റ് ഗ്രേഡുകാർക്കു നൽകിയതാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കു തിരിച്ചടിയായത്.  പിഎസ്‌സി നടത്തുന്ന എലിജിബിറ്റി പരീക്ഷ വിജയിക്കുന്നവർക്കാണ് ഇതുവരെ 10% അസിസ്റ്റന്റ് ഒഴിവുകൾ നീക്കിവച്ചിരുന്നതെങ്കിൽ പുതിയ ഉത്തരവനുസരിച്ച് പരീക്ഷ വിജയിക്കാത്തവർക്കും ഈ ഒഴിവ് ലഭിക്കും. ഇതോടെ കെഎസ്എഫ്ഇയിലെ 100 അസിസ്റ്റന്റ് ഒഴിവുകളിൽ 80 എണ്ണം മാത്രമേ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ലഭിക്കൂ. ബാക്കി 20 ഒഴിവുകൾ സ്ഥാനക്കയറ്റത്തിനു നീക്കിവയ്ക്കും. 

കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്ന് ഏറ്റവും കൂടുതൽ നിയമനം നടക്കുന്ന കെഎസ്എഫ്ഇയിൽ  സ്ഥാനക്കയറ്റ നിയമനത്തിന്റെ  ശതമാനം  ഉയർത്തിയത് നിയമനശുപാർശ വൻതോതിൽ കുറയാൻ ഇടയാക്കും.    

തീരുമാനം കോടതി വിധിയെ തുടർന്ന്

വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് എൽഡി ക്ലാർക്ക്, എൽഡി ടൈപ്പിസ്റ്റ് തസ്തികകളിലെ 10 ശതമാനം ഒഴിവുകളിൽ സ്ഥാനക്കയറ്റ നിയമനം അനുവദിച്ച് 03–01–2014ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു (ജിഒ (പി) നമ്പർ. 1/2014/പി ആൻഡ് എആർഡി). നിശ്ചിത യോഗ്യതയുടെയും സീനിയോറിറ്റിയുടെയും അടിസ്ഥാനത്തിലായിരുന്നു  സ്ഥാനക്കയറ്റ നിയമനം അനുവദിച്ചിരുന്നത്. കെഎഎസ്എഫ്ഇയിലെ  ലാസ്റ്റ്  ഗ്രേഡ് ജീവനക്കാരും ഇതിന്റെ ചുവടുപിടിച്ച് സ്ഥാനക്കയറ്റ ശതമാനം ഉയർത്തിക്കിട്ടാൻ സർക്കാരിനെ സമീപിച്ചു.  എന്നാൽ നിലവിൽ 10% ഒഴിവ് ഇതിലേക്ക് നീക്കിവയ്ക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി സർക്കാർ ഈ ആവശ്യം നിരസിച്ചു. പിന്നീട്  കുറച്ചു ജീവനക്കാർ ഹൈക്കോടതിയെ സമീപിക്കുകയും  21–08–2019ൽ ഇതു സംബന്ധിച്ച അനുകൂല വിധി നേടുകയും ചെയ്തു. വധിപ്പകർപ്പ് ലഭിച്ച് മൂന്നു മാസത്തിനകം സ്ഥാനക്കയറ്റ ഉത്തരവിറക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ  അടിസ്ഥാനത്തിലാണ്   05–11–2019 ൽ കെഎസ്എഫ്ഇയിലെ  ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് പിഎസ്‌സിയുടെ  എലിജിബിലിറ്റി  പരീക്ഷ വിജയിക്കാതെ തന്നെ 10% അസിസ്റ്റന്റ് ഒഴിവുകൾ അനുവദിച്ച് സർക്കാർ ഉത്തരവായത് (ജിഒ (ആർടി) നമ്പർ. 821/2019/ടാക്സസ്).

കെഎസ്എഫ്ഇയിൽ അസിസ്റ്റന്റ് ആകാനുള്ള അടിസ്ഥാന യോഗ്യത ബിരുദമാണ്.  പത്താം ക്ലാസ് വിജയിച്ച ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് പിഎസ്‌സി നടത്തുന്ന എലിജിബിലിറ്റി  ടെസ്റ്റ് വിജയിച്ചാൽ 10% ഒഴിവുകളിൽ അസിസ്റ്റന്റാകാൻ ഇപ്പോൾ അവസരം ലഭിക്കുന്നുണ്ട്.  സർക്കാർ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് എൽഡി ക്ലാർക്ക്, എൽഡി ടൈപ്പിസ്റ്റ് തസ്തികകളിൽ 2014ലെ ഉത്തരവനുസരിച്ച്  സ്ഥാനക്കയറ്റം ലഭിക്കണമെങ്കിലും  ബന്ധപ്പെട്ട തസ്തികയിലെ അടിസ്ഥാന യോഗ്യത നേടണം. എന്നാൽ ‌ബിരുദമില്ലാത്തവരും  പിഎസ്‌സിയുടെ എലിജിബിലിറ്റി ടെസ്റ്റ് വിജയിക്കാത്തവരുമായ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും  കെഎസ്എഫ്ഇയിൽ  അസിസ്റ്റന്റാകാൻ പുതിയ ഉത്തരവിലൂടെ വഴിതെളിഞ്ഞിരിക്കുകയാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com