ADVERTISEMENT

ഓരോരുത്തർക്കും ഇഷ്ടനിറങ്ങളുണ്ട്. അവ നമ്മുടെ സ്വഭാവത്തെപ്പോലും സ്വാധീനിക്കാറുണ്ടെന്നാണു പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. എങ്കിലും ഒരു പ്രത്യേക സാഹചര്യം വരുമ്പോൾ ഏതെങ്കിലും നിറം അത്രയെളുപ്പം നമുക്കു തീരുമാനിക്കാനുമാവില്ല. 

തുണിക്കടയിൽ പോയാൽ ഇഷ്ടനിറമുള്ള വസ്ത്രം വാങ്ങാൻ എത്ര നേരമാണു ചെലവഴിക്കുന്നതെന്ന് ആലോചിച്ചുനോക്കൂ. ഏതു നിറം വേണമെന്നു തീരുമാനിക്കാനാകും ഭൂരിഭാഗം സമയവും ചെലവഴിക്കുന്നത്. വീടിനു പെയിന്റടിക്കുമ്പോഴും ഈ കൺഫ്യൂഷൻ മിക്കവരും അനുഭവിച്ചിട്ടുണ്ടാകും. അത്തരക്കാരെ സഹായിക്കാൻ ഇപ്പോൾ ചിലരുണ്ട്–കളർ എക്സ്പർട് അഥവാ കളർ കൺസൽറ്റന്റ്. 

സാഹചര്യങ്ങൾക്കിണങ്ങുന്ന നിറങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ് ഈ ജോലി ചെയ്യുന്നവരുടെ പ്രധാന ചുമതല. പുതിയ ഉൽപന്നങ്ങൾ ഡിസൈൻ ചെയ്യുമ്പോഴും ലോഗോ തയാറാക്കുമ്പോഴും കെട്ടിടങ്ങളുടെ പെയിന്റിങ്ങിനും ഉൾപ്പെടെ കളർ എക്സ്പർട്ടുകളുടെ സഹായം തേടാറുണ്ട്. 

മൂഡറിഞ്ഞ് നിറമറിയാം
നിറങ്ങൾക്കു നമ്മുടെ ‘മൂഡ്’ തന്നെ മാറ്റാൻ സാധിക്കും. അതുകൊണ്ടുതന്നെ സാഹചര്യങ്ങളെ മനശ്ശാസ്ത്രപരമായി വിശകലനം ചെയ്താണു നിറങ്ങൾ തീരുമാനിക്കുന്നത്. നിലവിലെ ട്രെൻഡുകൾ, നിറം വേണ്ട വസ്തുവിന്റെ ചുറ്റുപാടുകൾ, ഡിസൈൻ തുടങ്ങിയവ വിശദമായി കളർ എക്സ്പർട്ടുകൾ പരിശോധിക്കും. 

ട്രെൻഡി നിറങ്ങൾ വേണോ ക്ലാസിക് വേണോ എന്നാണ് ആദ്യം തീരുമാനിക്കുക. എതിരാളികളുടെ ഉൽപന്നങ്ങളിൽനിന്നു വ്യത്യസ്തമായ നിറം തീരുമാനിക്കണം. ഏതു പ്രായപരിധിയിലുള്ളവരെയാണു ലക്ഷ്യം വയ്ക്കുന്നതെന്നും പരിഗണിക്കാറുണ്ട്. ചെറുപ്പക്കാർക്കു വേണ്ട നിറമാകില്ല പ്രായമുള്ളവർക്ക്.

നിറങ്ങളെ പഠിക്കാം
നിറങ്ങളുടെ ലോകത്തേക്കു വരാൻ താൽപര്യമുള്ളവർക്കു പരിശീലനം നൽകുന്ന സ്ഥാപനങ്ങളുണ്ട്. ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് കളർ കൺസൽറ്റന്റ്സ് എന്ന സംഘടനയാണ് ഇതിൽ പ്രധാനം. ഓസ്ട്രിയ, ഇറ്റലി, ജപ്പാൻ, യുഎസ്എ എന്നീ രാജ്യങ്ങളിൽ ക്യാംപസുകളുണ്ട്. ലോകമെങ്ങുമുള്ള വൻ കമ്പനികൾക്കു കളർ കൺസൽറ്റന്റുകളുടെ സേവനം ലഭ്യമാക്കുന്നതും ഇവർ തന്നെ. വലിയ പെയിന്റ് കമ്പനികൾ ഇന്ത്യയിലും കളർ കൺസൽറ്റന്റുകളുടെ സേവനം ലഭ്യമാക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com