sections
MORE

സിവിൽ സര്‍വീസ് തയാറെടുപ്പിലാണോ? ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കുക: ദിവ്യ അയ്യർ ഐഎഎസ്

Divya S Iyer
SHARE

‘നല്ല വാക്കും നല്ല നോക്കും നല്ല പോക്കും ജീവിതമയ്യാ നന്നായി’ എന്നു കുഞ്ഞുണ്ണി മാഷ് പറഞ്ഞപ്പോൾ സിവിൽ സർവീസസ് പരീക്ഷ മനസ്സിൽ കണ്ടില്ലായിരുന്നുവെങ്കിലും അതിനും ഈ ഈരടി ബാധകമാണെന്ന് അനുഭവം പഠിപ്പിച്ചു. 

നല്ല നോക്ക്: ജനറൽ സ്റ്റഡീസ് പേപ്പറിൽ സൂര്യനു കീഴെയുള്ള എന്തും ചോദിക്കാമല്ലോയെന്ന് ആദ്യം തോന്നും. എന്നാൽ കൃത്യമായ വായനയും വിപുലമായ പൊതുജ്ഞാനവും മാത്രം മതി. 

കാടുകയറി വായിക്കരുത്. ഓരോ വിഷയവും ഏതു സ്രോതസ്സിൽനിന്നാണു പഠിക്കാൻ പോകുന്നതെന്നു കുറിച്ചിട്ടശേഷം മാത്രം പഠിച്ചുതുടങ്ങുക. നോട്സ്, ഗൈഡ്, ടെക്സ്റ്റ് ബുക്ക്, ഓൺലൈൻ മെറ്റീരിയൽ എന്നിങ്ങനെ പലതും ലഭ്യമാണ്. എല്ലാ വിഷയങ്ങൾക്കും ഒരേ സ്രോതസ്സ് ആയിരിക്കില്ല നല്ലത്; ചിലതിന് ഒന്നിലേറെ വേണ്ടിവരാം. 

എല്ലാം പഠിച്ചിട്ട് എഴുതാമെന്നു കരുതിയാൽ നടക്കില്ല. അതിനാൽ വിഷയങ്ങളെ മൂന്നായി തിരിക്കാം – Need to know, Good to know, Great to know. ഈ ക്രമത്തിൽ ആധികാരിക സ്രോതസ്സുകളിൽനിന്നു പഠിക്കാം. എവിടെനിന്നു തുടങ്ങണമെന്നല്ലേ – പത്രവായനയിൽനിന്നു തന്നെ.

നല്ല വാക്ക്: എല്ലാം പഠിച്ചാൽ മാത്രം പോരാ, നല്ല വാക്കുകളിൽ പ്രകടിപ്പിക്കാനും കഴിയണം. പരീക്ഷയുടെ മൂന്നു ഘട്ടങ്ങളിലും മൂന്നു തരം പ്രകടനശേഷിയാണ് ആവശ്യം. പ്രിലിംസിൽ ഒബ്ജെക്ടീവ് ചോദ്യങ്ങൾക്കു സമാനതകളുള്ള ചോയ്സുകളാകും ലഭിക്കുക. വാക്കിൻകൂട്ടങ്ങളുടെ അർഥം ഞൊടിയിടയിൽ മനസ്സിലാക്കി അശ്രദ്ധ മൂലമുണ്ടാകുന്ന തെറ്റുകളുണ്ടാകാതെ നോക്കണം. മെയിൻസിൽ പരിമിത വാക്കുകളിൽ കുറിക്കുകൊള്ളുന്ന രീതിയിൽ കാര്യം പറയണം. പഴ്സനാലിറ്റി ടെസ്റ്റിൽ ഇന്റർവ്യൂ ബോർഡുമായി വാക്പോരിൽ ഏർപ്പെടാതെ അർഥവത്തായ സംഭാഷണത്തിൽ ഏർപ്പെടണം. ഇതിനൊക്കെ വേണ്ടതു പ്രാക്ടീസും ! 

വായിക്കുമ്പോൾ ചെറു കുറിപ്പുകൾ ഉണ്ടാക്കുക, ഉത്തരങ്ങൾ സമയപരിധി വച്ച് എഴുതി ശീലിക്കുക, മുൻവർഷ ചോദ്യപേപ്പറുകൾ വച്ച് മോഡൽ പരീക്ഷകൾ എഴുതുക, മോഡൽ ഇന്റർവ്യൂ സെഷനുകളിൽ ആത്മാർഥമായി പങ്കെടുക്കുക.

നല്ല പോക്ക്: ഇതാണ് ഏറ്റവും പ്രധാനം. സിവിൽ സര്‍വീസസ് തയാറെടുപ്പ് ഒരു വർഷത്തോളം (ചിലപ്പോൾ വർഷങ്ങളോളം) നീളുന്നതാണ്. പഠിക്കാൻ പറ്റാതെ, ആത്മവിശ്വാസം പൊലിഞ്ഞ് ‘എന്നെക്കൊണ്ട് ഇതൊക്കെ കഴിയുമോ’ എന്ന ചോദ്യം മുന്നിൽ തെളിയുന്ന ദിവസങ്ങളുമുണ്ടാകും. ഭയക്കേണ്ട; എല്ലാവരും ഇത്തരം സന്ദർഭങ്ങളിലൂടെ കടന്നുപോകും. അതു താൽക്കാലികമാണ്. 

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും സഹായം തേടുകയും മാനസിക സമ്മർദം കുറയ്ക്കാനുതകുന്ന വിനോദങ്ങളിൽ ഏർപ്പെടുകയും വേണം. എത്രയും വേഗം 'back-on-track' ആയി കഴിയുമ്പോൾ ശുഭാപ്തിവിശ്വാസം തിരിച്ചുകിട്ടും. പരീക്ഷാ ദിവസങ്ങളിൽ സമചിത്തത പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

(2012ൽ സിവിൽ സർവീസ് ലഭിച്ച ലേഖിക ഇപ്പോൾ തൊഴിലുറപ്പു പദ്ധതിയുടെ കേരളത്തിലെ മിഷൻ ഡയറക്ടറാണ്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA