ADVERTISEMENT

എംബിബിഎസ് / ബി‍ഡിഎസ് പ്രവേശനത്തിന് രാജ്യത്ത് ഒറ്റപ്പരീക്ഷ എന്ന തീരുമാനം അക്ഷരാർഥത്തിൽ നടപ്പാകുന്നത് ഇത്തവണത്തെ ‘നീറ്റ്’ മുതലാണ്. ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) 15 കേന്ദ്രങ്ങളിലെയും, പുതുച്ചേരി / കാരയ്ക്കൽ ജിപ്മെറിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ വേണ്ട. അവിടുത്തെ മൊത്തം 1407 സീറ്റ‌ുകളിലെ പ്രവേശനവും നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന ‘നീറ്റി’ലെ സ്കോർ ആധാരമാക്കിയാണ്. 

https://ntaneet.nic.in എന്ന സൈറ്റിലൂടെ നീറ്റിന് ഓൺലൈൻ അപേക്ഷ നൽകാം. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. പബ്ലിക് നോട്ടീസും ഇൻഫർമേഷൻ ബുള്ളറ്റിനും പഠിച്ചശേഷം അപേക്ഷ സമർപ്പിക്കുക. ഒന്നിലേറെ അപേക്ഷ പാടില്ല.

15%   അ‌ഖിലേന്ത്യാ ക്വോട്ട, കേന്ദ്ര/ കൽപിത സർവകലാശാലകൾ, പുണെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജ് (എഎഫ്എംസി) മുതലായവ സംബന്ധിച്ച വിവരങ്ങൾക്ക് www.mohfw.gov.in, www.mcc.nic.in എന്നീ  സൈറ്റുകളും യഥാസമയം നോക്കാം. ആയുർവേദ, ഹോമിയോ, സിദ്ധ, യൂനാനി കൗൺസലിങ്ങിന് (ആയുഷ്) www.ayush.gov.in, www.aaccc.gov.in എന്നീ സൈറ്റുകൾ നോക്കാം..

പ്രവേശനയോഗ്യത

ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി (അഥവാ ബയോടെക്‌നോളജി) എന്നിവയ്ക്കു മൊത്തം 50 % മാർക്കോടെ 12–ാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം; പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് 40 % മാർക്ക്;  വിശേഷ ഭിന്നശേഷിക്കാർക്ക് 45 %.  ഇപ്പോൾ 12ലെ പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കും അപേക്ഷിക്കാം. ആദ്യറൗണ്ട് കൗൺസലിങ് വേളയിൽ മാർക്ക് ലിസ്റ്റ് ഹാജരാക്കിയാൽ മതി.  

2020 ഡിസംബർ 31ന് 17 വയസ്സു തികഞ്ഞിരിക്കണം; പരീക്ഷാദിവസം 25 കവിയരുത്. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 30 വരെയാകാം. 25 വയസ്സു സംബന്ധിച്ച കേസ് സുപ്രീം കോടതിയിൽ തീരുമാനമാകാത്തതിനാൽ, 25 കഴിഞ്ഞവരെ താൽക്കാലികമായി കോടതിവിധിക്കു വിധേയമായി പരീക്ഷയെഴുതാൻ അനുവദിക്കും.

നീറ്റിൽ 50 പെർസെന്റൈൽ സ്കോറെങ്കിലും  ഉണ്ടെങ്കിലേ പ്രവേശനാർഹതയുള്ളൂ. പട്ടിക, പിന്നാക്ക വിഭാഗക്കാർക്കു 40 പെർസെന്റൈൽ  മതി; വിശേഷ ഭിന്നശേഷിക്കാർക്ക് 45 പെർസെന്റൈലും.

കേന്ദ്ര സർവകലാശാലകളിലും സ്ഥാപനങ്ങള‌ിലും പട്ടികജാതി / പട്ടികവർഗ / പിന്നാക്ക / സാമ്പത്തികപിന്നാക്ക വിഭാഗക്കാർക്ക് യഥാക്രമം 15 / 7.5 / 27 / 10 % സീറ്റുകൾ സംവരണം ചെയ്‌തിട്ടുണ്ട്. മെഡിക്കൽ പ്രവേശനത്തിൽ ഭിന്നശേഷി വിഭാഗക്കാരുടെ സംവരണത്തിന് വിശേഷമാനദണ്ഡങ്ങളുണ്ട്.

ഇ–മെയിൽ: neetug-nta@nic.in

ഫോൺ: 0120-6895200

കേരളത്തിലേക്ക് ഒരു അപേക്ഷ കൂടി

നീറ്റ് അപേക്ഷയ്ക്കു പുറമേ, കേരളത്തിലെ മെഡിക്കൽ പ്രവേശനത്തിന് എൻജിനീയറിങ്, ബിഫാം എൻട്രൻസ് അപേക്ഷകരോടൊപ്പം മറ്റൊരു അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. എംബിബിഎസ്, ബിഡിഎസ്, ആയുർവേദ, ഹോമിയോ, യൂനാനി, വെറ്ററിനറി, അഗ്രികൾചർ, ഫോറസ്‌ട്രി, ഫിഷറീസ് കോഴ്സുകളിലെയെല്ലാം പ്രവേശനത്തിന് നീറ്റ് റാങ്ക് തന്നെയാണു നോക്കുക.

ദേശീയ റാങ്ക്‌ലിസ്റ്റിൽനിന്നു കേരളത്തിൽ പ്രവേശനത്തിന് അർഹതയുള്ളവരെ തിരഞ്ഞെടുത്ത് അവർ മാത്രമുൾപ്പെടുന്ന സംസ്ഥാന റാങ്ക്‌ലിസ്റ്റ് തയാറാക്കും. അത് അടിസ്ഥാനമാക്കിയാണു കേരളത്തിലെ സിലക്‌ഷൻ. ഉദാഹരണത്തിന് കേരളത്തിൽ പ്രവേശനത്തിന് അർഹതയുള്ളവരിൽ ആദ്യത്തെ നാലു പേരുടെ റാങ്ക് ദേശീയലിസ്‌റ്റിൽ 8, 73, 154, 207 എന്നിങ്ങനെയാണെന്നു കരുതുക. കേരള ലിസ്റ്റിൽ അവരുടെ റാങ്ക് യഥാക്രമം 1, 2, 3, 4 എന്നായിരിക്കും. ഇങ്ങനെ സംസ്ഥാന റാങ്ക്‌ലിസ്റ്റ് തയാറാക്കി, കേരളത്തിലെ സംവരണക്രമവും മറ്റു വ്യവസ്ഥകളും പാലിച്ച് എൻട്രൻസ് പരീക്ഷാ കമ്മിഷണർ സിലക്‌ഷനും സീറ്റ് അലോട്മെന്റും നടത്തും.

ഓൾ ഇന്ത്യ: പ്രവേശന നടപടികൾക്ക് എംസിസി 

ദേശീയതലത്തിൽ കേരളത്തിലേതടക്കം സർക്കാർ മെഡിക്കൽ–ഡെന്റൽ കോളജുകളിലെ 15 % എംബിബിഎസ് / ബിഡിഎസ് സീറ്റുകളിലേക്ക് കുട്ടികളെ ഓൺലൈനായി അലോട്ട് ചെയ്യുന്നതു കേന്ദ്ര ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ‘മെഡിക്കൽ കൗൺസലിങ് കമ്മിറ്റി’ ആയിരിക്കും. www.mcc.nic.in എന്ന സൈറ്റിൽ ചോയ്സുകൾ സ്വീകരിച്ച് അലോട്‌മെന്റ് നടത്തും. 

ഇതിനു പുറമേ കൽപിത / കേന്ദ്ര സർവകലാശാലകൾ, ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഇഎസ്ഐസി, എഎഫ്എംസി,  15 എയിംസ്, 2 ജിപ്മെർ, ഡൽഹി / ബനാറസ് / അലിഗഡ് സർവകലാശാലകൾ എന്നിവയിലെ മുഴുവൻ സീറ്റുകളും ഇതേ കൗൺസലിങ് വഴിയായിരിക്കും. പക്ഷേ ഈ സ്ഥാപനങ്ങൾ സംവരണമടക്കം സ്വന്തം വ്യവസ്ഥകളനുസരിച്ചാവും പ്രവേശനം നടത്തുക. 

ഉദാഹരണത്തിന്, എഎഫ്എംസി പ്രവേശനത്തിന് www.afmc.nic.in സൈറ്റിൽ യഥാസമയം മറ്റൊരു അപേക്ഷ സ്വീകരിക്കും. കൗൺസലിങ് കമ്മിറ്റി നൽകുന്ന ലിസ്റ്റിലെ കുട്ടികൾക്ക് വിശേഷടെസ്റ്റുകൾ നൽകിയാണ് അവിടെ അന്തിമ സിലക്‌ഷൻ.

ഓൾ ഇന്ത്യ ക്വോട്ടയിൽ രണ്ടു റൗണ്ടുകള്‍ക്കു ശേഷം ഒഴിവുകളുണ്ടെങ്കിൽ അവ ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്കു കൈമാറുകയാണു പതിവ്.  കൽപിത / കേന്ദ്ര സർവകലാശാലകൾ, കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഇഎസ്ഐസി, എഎഫ്എംസി എന്നിവയ്ക്കായി തുടർന്നു മോപ്അപ് റൗണ്ട്; എന്നിട്ടും ഒറ്റപ്പെട്ട സീറ്റുകളുണ്ടെങ്കിൽ അവയിലെ പ്രവേശനത്തിന്, പത്തിരട്ടി പേരുടെ ലിസ്റ്റ് കേന്ദ്ര / കൽപിത സർവകലാശാലകൾക്ക് അയച്ചുകൊടുക്കുകയാണു സമ്പ്രദായം. ഇതിനു മാറ്റം വരാം.

സങ്കീർണ വ്യവസ്ഥകളാണ് ഓൾ ഇന്ത്യാ ക്വോട്ടയ്ക്കും അതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ പ്രവേശനത്തിനും. രണ്ടാം റൗണ്ടിൽ ചോയ്സ് കൊടുത്താൽപ്പിന്നെ  വിട്ടുപോരാനോ ഇന്ത്യയിലെ മറ്റേതെങ്കിലും കൗൺസലിങ്ങില്‍ പങ്കെടുക്കാനോ കഴിയാതെ വരുന്നതടക്കം നിബന്ധനകളുണ്ടാവാം. ഇവയെല്ലാം യഥാസമയം നിഷ്കൃഷ്ടമായി പഠിച്ച് കൈവന്ന  അവസരം പരമാവധി പ്രയോജനപ്പെടുത്താൻ കുട്ടികളും  രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇനിയുള്ള 5 മാസം തീവ്രപഠനപരിശീലനത്തിനു നീക്കിവയ്ക്കുന്നതു വളരെ പ്രധാനം. .

അപേക്ഷാഫീ

ജനറൽ–1500 രൂപ

പിന്നാക്കം, സാമ്പത്തിക പിന്നാക്കം –1400 രൂപ

പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ–800 രൂപ

സർവീസ് / പ്രോസസിങ് ചാർജ്, 18 % ജിഎസ്ടി എന്നിവയും നൽകേണ്ടിവരും.

പോസ്റ്റ് കാർഡ് സൈസ് ഫോട്ടോയും വേണം

അപേക്ഷാ വേളയിൽ JPG / JPEG ഫോർമാറ്റിൽ ചുവടെ പറയുന്ന ഫോട്ടോകളും രേഖകളും അപ്‌ലോ‍ഡ് ചെയ്യണം. ഓരോന്നും നിശ്ചിത ഫയൽ സൈസ് പ്രകാരമുള്ളതാണെന്നും  ഉറപ്പാക്കണം. 

പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ  (ഫയൽ സൈസ് 10– 200 കെബി)

പോസ്റ്റ് കാർഡ് സൈസ് ഫോട്ടോ 4" x 6 " (50 – 300 കെബി)

കയ്യൊപ്പ് ( 4– 30 കെബി); വെള്ളക്കടലാസിൽ കറുത്ത മഷിയിലായിരിക്കണം. 

ഇടത്തേ പെരുവിരൽ അടയാളം (10– 50 കെബി); ഇത് എടുക്കാനാകാത്ത സാഹചര്യമാണെങ്കിൽ വലത്തേ പെരുവിരലിന്റേത്.

പത്താം ക്ലാസ് പാസ് സർട്ടിഫിക്കറ്റ് ( 100– 400 കെബി)

പരീക്ഷ 3 മണിക്കൂർ

ഒബ്‌ജെക്ടീവ് എഴുത്തുപരീക്ഷയിൽ 180 ചോദ്യങ്ങൾക്കു 180 മിനിറ്റ്. ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി വിഷയങ്ങൾക്കു യഥാക്രമം 45/ 45/ 90 വീതം  ചോദ്യങ്ങൾ. ഓരോ ചോദ്യത്തിനും നേർക്കുള്ള നാലുത്തരങ്ങളിൽ നിന്നു ശരിയുത്തരം തിരഞ്ഞെടുത്ത് അടയാളപ്പെടുത്തണം. ശരിയുത്തരത്തിന് നാലു മാർക്ക് വീതം ആകെ 720 മാർക്ക്. തെറ്റിനു ഒരു മാർക്ക് കുറയ്‌ക്കും. ഇംഗ്ലിഷടക്കം 11 ഭാഷകളിൽ ചോദ്യങ്ങൾ; മലയാളമില്ല. 

കാൽക്കുലേറ്റർ, ലോഗരിതം ടേബിൾ മുതലായവ പരീക്ഷാഹാളിൽ അനുവദിക്കാത്തതിനാൽ തയാറെടുപ്പ് അതനുസരിച്ചാവണം.  ഇൻഫർമേഷൻ ബുള്ളറ്റിനിൽ സിലബസുണ്ട്.

മറക്കരുത് ഈ  7 കാര്യങ്ങൾ

1. അപേക്ഷ നല്‍കാൻ അവസാനദിവസം വരെ കാത്തിരിക്കേണ്ട.

2. വെബ്സൈറ്റിൽനിന്നു കിട്ടുന്ന അപേക്ഷാനമ്പറും പണമടച്ചതിന്റെ കൺഫർമേഷൻ പേജും സൂക്ഷിച്ചുവയ്ക്കണം.

3. ജനുവരി 15നു ശേഷം ഫോമിൽ തിരുത്തൽ അനുവദിക്കില്ല.

4. SBI/ Syndicate/ HDFC/ ICICI/ Paytm പേയ്മെന്റ് ഗേറ്റ്‌വേ വഴിയും ഫീസടയ്ക്കാം. 

5. എൻആർഐ, ഒസിഐ, പിഐഒ വിഭാഗക്കാർക്കും അപേക്ഷിക്കാം.

6. ഓപ്പൺ സ്കൂൾ / പ്രൈവറ്റ് വിദ്യാർഥികൾക്ക് അർഹതയില്ല. പക്ഷേ താൽക്കാലികമായി കോടതിവിധിക്കു വിധേയമായി അപേക്ഷ പരിഗണിക്കും.

7. മാറ്റങ്ങൾ വന്നേക്കാമെന്നതിനാൽ, പുതിയ അറിയിപ്പുകളുണ്ടോയെന്ന് www.nta.ac.in എന്ന സൈറ്റിൽ ഇടയ്ക്കു നോക്കണം.

പെർസെന്റൈലും പെർസെന്റേജും

വിദ്യാർഥി നേടുന്ന മാർക്ക് ഇത്ര ശതമാനം (%) എന്നു നാം പറയാറുണ്ട്. പക്ഷേ ആ കുട്ടിയുടെ പെർസെന്റൈൽ എന്നതു മറ്റു കുട്ടികളുടെ പ്രകടന‌ത്തെയും ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ പെർസെന്റൈൽ 72–ാമത്തേത് എന്നു പറഞ്ഞാൽ പരീക്ഷയിൽ മാർക്ക് നേടിയവരിൽ 72 % പേരെക്കാൾ മെച്ചമായിരുന്നു നിങ്ങളുടെ പ്രകടനം എന്നു മനസ്സിലാക്കാം. പ്രവേശനാർഹതയ്ക്ക് 50–ാം പെർസെന്റൈലെങ്കിലും വേണ്ടപ്പോൾ, റാങ്ക്‌ലിസ്റ്റിലെ ആദ്യപകുതിയിൽ വരുന്നവർക്കേ പ്രവേശനത്തിന് അർഹതയുള്ളൂ. 

രണ്ടു പേർ ഒരേ പെർസെന്റൈൽ സ്കോർ നേടിയാൽ മുൻഗണന നിശ്ചയിക്കുക ഇങ്ങനെ:

∙ബയോളജിക്കു കൂടുതൽ മാർക്ക് / പെർസെന്റൈൽ സ്കോർ നേടുന്നയാൾ.

∙കെമിസ്ട്രിക്കു കൂടുതൽ മാർക്ക് / പെർസെന്റൈൽ സ്കോർ നേടുന്നയാൾ.

∙എഴുതിയവയിൽ തെറ്റുത്തരങ്ങളും ശരിയുത്തരങ്ങളും തമ്മിലുള്ള അനുപാതം ഏറ്റവും കുറഞ്ഞയാൾ. 

∙പ്രായം കൂടിയ ആൾ.

നീറ്റ് ടൈംടേബിൾ

അപേ‌ക്ഷ – ‍ഡിസംബർ 31 വരെ

അപേക്ഷാഫീ (കാർഡ് / നെറ്റ് ബാങ്കിങ്)– ജനുവരി 1, രാത്രി 11.50 വരെ

അപേക്ഷയിൽ വെബ്സൈറ്റ്‌ വഴി തിരുത്ത്–ജനുവരി 1 – 15 

അഡ്മിറ്റ് കാർഡ്–മാർച്ച് 27 മുതൽ 

പരീക്ഷ –മേയ് 3,  ഉച്ച കഴിഞ്ഞ് 2.00– 5.00

ഫലം–ജൂൺ 4

കേരളത്തിൽ 12 പരീക്ഷാകേന്ദ്രങ്ങൾ

അപേക്ഷകർക്കു സ്വന്തം സംസ്ഥാനത്തെ ഏറ്റവും സൗകര്യപ്രദമായ നാലു പരീക്ഷാകേന്ദ്രങ്ങൾക്കു ചോയ്സ് നൽകാം. അന്തിമ തീരുമാനം എൻടിഎയുടേത്. 

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ ഇവ

കേന്ദ്രം–സിറ്റി കോഡ്

ആലപ്പുഴ -2801

അങ്കമാലി-2802

എറണാകുളം-2803

കണ്ണൂർ-2804

കാസർകോട്-2805

കൊല്ലം-2806

കോട്ടയം -2807

കോഴിക്കോട്-2808

മലപ്പുറം-2809

പാലക്കാട്-2810

തിരുവനന്തപുരം-2811

തൃശൂർ-2812

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com