ADVERTISEMENT

പൂമ്പാറ്റകളോടും പൂത്തുമ്പികളോടുമൊപ്പം ആർത്തുല്ലസിച്ച് വീടിനോടു ചേർന്നു പൂന്തോട്ടത്തിൽ ഓടിക്കളിക്കുകയായിരുന്നു കുട്ടി. ജനലഴിക്കിടയിലൂടെ മകന്റെ കളി കണ്ട് അച്ഛൻ രോഷത്തോടെ വിളിച്ചുപറഞ്ഞു: ‘വികൃതി കാണിക്കാതെ കയറിപ്പോ’. ചാറ്റൽ മഴ തുടങ്ങിയപ്പോഴും കുട്ടി മുറ്റത്തു കളി തുടർന്നു. അമ്മ വിലക്കി: ‘നാളെ പനി പിടിച്ചാൽ..., കയറിപ്പോ’. 

ഗൗനിക്കാതെ അവൻ ഉമ്മറത്തെ ചെളിക്കുണ്ടിൽ കളിക്കാനിറങ്ങി. ‘വീടു മുഴുവൻ ചെളിയാക്കിയിട്ടേ അടങ്ങു’ എന്നു ശകാരിച്ചുകൊണ്ട് മകനെ അകത്താക്കി അമ്മ കതകടച്ചു. അവൻ കളർ പെൻസിലുകളെടുത്തു ചുമരിൽ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി. ‘കഴിഞ്ഞ മാസം പെയിന്റടിച്ച ചുമരാണ്. നിനക്കൊന്ന് അടങ്ങിയിരുന്നൂടേ, വല്ലാത്ത ഭ്രാന്തു തന്നെ’–അമ്മ വീണ്ടും ആക്രോശിച്ചു. കുറേ കളിപ്പാട്ടങ്ങളെടുത്ത് അവന്റെ മുന്നിലേക്കിട്ട് കളർ പെൻസിലുകളെല്ലാം അമ്മ അലമാരയിൽ വച്ചു പൂട്ടി. സ്വയം ചലിക്കുന്ന പാവയ്ക്കുള്ളിൽ എന്താണെന്നറിയാൻ അവൻ പാവയെ നിലത്തടിച്ചു പൊട്ടിച്ചു. നല്ലൊരടി കൊടുത്തിട്ട് അമ്മ പറഞ്ഞു: ‘ഇതിനൊക്കെ എത്രയാ വിലയെന്ന് അറിയാമോ? നിന്റെ ഭ്രാന്തു തീർക്കാനുള്ളതല്ല ഇത്’. 

ഇവിടെ ആർക്കാണു ഭ്രാന്ത്? അമ്മയ്‌ക്കോ അച്ഛനോ കുഞ്ഞിനോ? വീട്ടുകാരും നാട്ടുകാരും അധ്യാപകരുമൊക്കെ നിരത്തുന്ന വിലക്കുകൾ ചിലപ്പോൾ ആവശ്യമായിരിക്കാം. പക്ഷേ, അതൊന്നും ഒരിക്കലും കുട്ടികളുടെ സർഗശേഷിയും ആത്മവിശ്വാസവും തല്ലിക്കെടുത്തുന്നതാകരുത്. സ്വതന്ത്ര ചിന്തകളിലേക്കും സ്വപ്നങ്ങളിലേക്കുമുള്ള വഴികൾ അകാരണമായി, അനാവശ്യമായി അടച്ചിടുന്നതെന്തിനാണ്?  

ആത്മവിശ്വാസം വളർത്താൻ എന്തു ചെയ്യാമെന്നു പലരും ചോദിക്കാറുണ്ട്. ലളിതമായ രണ്ടു വഴികൾ പറയാം.. 

മാജിക്കൽ മിറർ തെറപ്പി
സ്വയം സ്‌നേഹിക്കുകയാണ് ഈ മാർഗം. നമ്മൾ നമ്മളെത്തന്നെ വെറുത്താൽ മറ്റൊരാളെ സ്‌നേഹിക്കാനാവില്ലെന്നും മറ്റൊരാൾക്കു നമ്മെ ഇഷ്ടപ്പെടാനാവില്ലെന്നുമാണു പ്രപഞ്ചസത്യം. ദിവസവും രാവിലെയും രാത്രി ഉറങ്ങുംമുൻപും കണ്ണാടിയിൽ നോക്കി ചിരിച്ചുകൊണ്ട് സ്വന്തം പേരു വിളിച്ചുകൊണ്ട് അൽപം വികാരത്തോടെതന്നെ പറയുക: ‘എനിക്കു നിന്നെ ഇഷ്ടമാണ്, വിശ്വാസമാണ്’. ഇതു സത്യസന്ധമായി പറയണമെങ്കിൽ മറ്റൊരു കാര്യം കൂടിയുണ്ട്. അതാണു രണ്ടാമത്തെ വഴി. 

സെൽഫ് അനാലിസിസ് 
വലിയ കമ്പനികളൊക്കെ SWOT Analysis നടത്താറുണ്ട്. ആ കമ്പനിയുടെ Strength, Weakness, Opportunity, Threats എന്നിവ തിരിച്ചറിയാനാണിത്. നമുക്കോരോരുത്തർക്കും ഇതു ചെയ്യാവുന്നതേയുള്ളൂ. ഒറ്റയ്ക്കിരുന്ന് അവനവനോടുതന്നെ ചോദിക്കാം, എന്റെ Strength, Weakness, Opportunity, Threats എന്താണെന്ന്. എന്നിട്ട് ഈ 4 ഘടകങ്ങളും 4 പേജുകളിലായി എഴുതാം. Weakness, Threats എന്നിവ കൂടുമ്പോഴാണ് നമുക്കു നമ്മളോടുള്ള ഇഷ്ടം കുറയുന്നത്, വിശ്വാസമില്ലാതാകുന്നത്. അപ്പോൾ ഇഷ്ടം കൂടണമെങ്കിൽ Weakness നെ Strength ആക്കി മാറ്റണം. Threats നെ Opportunity ആക്കണം. ഇതിന് അവനനവന്റെ ശ്രമം അനിവാര്യമാണ്. നമുക്കു കഴിയാത്തതായി ഒന്നുമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ടുവേണം പ്രവർത്തിക്കാൻ. കഠിനാധ്വാനത്തിലൂടെ നേടാൻ കഴിയാത്തതായി ഒന്നുമില്ല. എങ്കിലും, ജന്മം കൊണ്ടും ജീവിതസാഹചര്യങ്ങൾ കൊണ്ടും മാറ്റാൻ കഴിയാത്തതായി ചിലതുണ്ട്. അതിനെ വിട്ടുകളയുക. 

മാജിക്കിന്റെ ഒരു പശ്ചാത്തലവും ഇല്ലാതിരുന്ന, വെറുമൊരു നാട്ടിൻപുറത്തുകാരനായ, അത്രമാത്രം ദാരിദ്ര്യമുള്ള ഒരു വീട്ടിൽ പിറന്ന എനിക്കുമുണ്ടായിരുന്നു ഈ ആത്മവിശ്വാസമില്ലായ്മ. സ്വയം ഇഷ്ടക്കുറവ്, വിശ്വാസമില്ലായ്മ ഒക്കെ. ഒരാളുടെ മുഖത്തു നോക്കി സംസാരിക്കാൻ പോലുമാകാത്ത ഞാൻ ഇന്നു നിങ്ങളോട് ഇങ്ങനെ സംസാരിക്കുന്നത് സ്വയം ഇഷ്ടപ്പെടാൻ തുടങ്ങിയതിലൂടെയും നീണ്ട പരിശ്രമങ്ങളിലൂടെയുമൊക്കെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com