ADVERTISEMENT

ഡിജിറ്റൽ ലോകം വളരുമ്പോൾ അവിടെ സ്വയംതൊഴിൽ സാധ്യതകളും ഏറുകയാണ്. അത്തരത്തിലൊന്നാണ് ഓൺലൈൻ ട്യൂഷനും കോച്ചിങ്ങും. സംരംഭകന്റെ യോഗ്യതയ്ക്കനുസരിച്ചു ട്യൂഷൻ മൊഡ്യൂൾ തയാറാക്കാം. കോച്ചിങ് പാക്കേജുകളുടെ നിലവാരവും പരിശീലനം തേടുന്നവരുടെ എണ്ണവും കണക്കിലെടുത്തു ഫീസ് നിർണയിക്കാം. 

ആശയം
സ്കൂൾ, കോളജ് തലത്തിലെ പരിശീലനങ്ങൾക്ക് ഓൺലൈൻ കോച്ചിങ് നല്ല സാധ്യതയുള്ള മേഖലയാണ്. വിവിധ പരീക്ഷകൾക്ക് പ്രസിദ്ധീകരണങ്ങളിൽനിന്നു ലഭിക്കുന്ന ബൃഹത്തായ അറിവുകൾ പ്രായോഗികമായി പരിശീലിക്കാനുള്ള മേഖലയായും ഓൺലൈൻ കോച്ചിങ്ങിനെ ഉപയോഗപ്പെടുത്താം. കോഴ്സുകൾ പല ദൈർഘ്യത്തിൽ തുടങ്ങാം. മാസം തോറും ആരംഭിക്കുന്ന ബാച്ചുകളും ആകാം. പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കു മെന്ററിങ് നൽകാനും കഴിയണം. ഒരു മാസം മുതൽ ഒരു വർഷം വരെ നീളുന്ന പാക്കേജുകൾ ഇപ്പോൾ ലഭ്യമാണ്. 50 രൂപ മുതൽ 6,000 രൂപ വരെ ഫീസ് ഈടാക്കുന്ന പാക്കേജുകൾ പൊതുവെയുണ്ട്. 

വിപണി
വിദ്യാർഥികളും പരീക്ഷകളിൽ പരിശീലനം തേടുന്നവരുമായ വലിയ വിഭാഗത്തെയാണു ലക്ഷ്യമിടേണ്ടത്. ഇവരുടെ ശരാശരിക്കണക്ക് 70 ലക്ഷത്തിലേറെ വരും. ഈ കൊച്ചുകേരളത്തിൽത്തന്നെ മികച്ച വിപണി കണ്ടെത്താൻ ബുദ്ധിമുട്ടില്ല. വ്യത്യസ്ത യോഗ്യതകളുള്ളവരുടെ സഹായത്തോടെ കൂടുതൽ മേഖലകളിലേക്കു കോച്ചിങ് വ്യാപിപ്പിക്കുകയും ചെയ്യാം. 

നിക്ഷേപം
കാര്യമായ അടിസ്ഥാനസൗകര്യങ്ങൾ ആവശ്യമില്ലെന്നതാണ് ആകർഷണം. വലിയ നിക്ഷേപവും വേണ്ട. ഒരു കംപ്യൂട്ടറും മികച്ച നെറ്റ്/വിഡിയോകോൾ സൗകര്യവും ഉറപ്പാക്കണം. ഇടയ്ക്ക് ഒത്തുചേരലുകളും ഓഫ്‍‌ലൈൻ ക്ലാസും സംഘടിപ്പിക്കുന്നതും ഗുണം ചെയ്യും. ഗെസ്റ്റ് ഫാക്കൽറ്റികളുടെ സേവനവും ഉപയോഗപ്പെടുത്താം. 

നേട്ടം
കുറഞ്ഞ മുതൽമുടക്കിൽ മികച്ച തൊഴിൽസംരംഭം കണ്ടെത്താം. ഉന്നതവിദ്യാഭ്യാസം നേടി നല്ല ജോലി കിട്ടാതിരിക്കുന്ന വീട്ടമ്മമാർക്ക് ഈ സംരംഭം ഏറെ അനുയോജ്യമാണ്. ഡിജിറ്റൽ രംഗത്തെ മികവ് ഏതാനും ആഴ്ചകൊണ്ടുതന്നെ പരിശീലിക്കാവുന്നതേയുള്ളൂ. കുറഞ്ഞ ചെലവിൽ പരിശീലനം ലഭിക്കുന്ന എന്നത് വിദ്യാർഥികളെയും മറ്റും ആകർഷിക്കുകയും ചെയ്യും. വീട്ടമ്മമാരുടെ സംഘങ്ങൾ രൂപവൽക്കരിച്ചും ഈ സംരംഭത്തെ മികച്ച രീതിയിൽ ഏകോപിപ്പിക്കാം. ആപ്പുകളും മറ്റും സജ്ജമാക്കി വേറെയും വികസന സാധ്യതകളുണ്ട്. ശ്രമിച്ചാൽ ആറു മാസത്തിനകം തന്നെ 60,000 രൂപയെങ്കിലും പ്രതിമാസം സമ്പാദിക്കാൻ കഴിയുമെന്ന് അനുഭവസ്ഥർ പറയുന്നു. 


(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ടി. എസ്. ചന്ദ്രൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com