ADVERTISEMENT

വനം വകുപ്പിൽ റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ റാങ്ക് ലിസ്റ്റിൽ അപ്രഖ്യാപിത നിയമനനിര‌ോധനം. 13 ജില്ലകളിലായി ഈ തസ്തികയുടെ റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ട് ഒരു വർഷമാകാറായിട്ടും ഇതുവരെ നടന്നത് 108 നിയമനശുപാർശ മാത്രം.  സ്ഥിര തസ്തികയില്ലെന്ന പേരിൽ താൽക്കാലികക്കാരെ നിയമിക്കുകയും പിന്നീട് തരംകിട്ടുമ്പോൾ ഇവരെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതാണ് പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം തടസപ്പെടുത്തുന്നത്. വിവിധ ജില്ലകളിലായി നൂറു കണക്കിന് ഉദ്യോഗാർഥികളാണ് ഈ റാങ്ക് ലിസ്റ്റിൽ നിയമനം കാത്തിരിക്കുന്നത്.  നിയമനശുപാർശ  വേഗത്തിലാക്കാനുള്ള നടപടികളൊന്നും വനം വകുപ്പിന്റെയും സർക്കാരിന്റെയും ഭാഗത്തു  നിന്നും ഉണ്ടായിട്ടില്ല. 

താൽക്കാലികക്കാർക്ക് മാത്രം നിയമനം
മലപ്പുറം ജില്ലയിൽ മാത്രം 243 താൽക്കാലികക്കാരാണ് വനം വകുപ്പിൽ വാച്ചർ തസ്തികയിൽ ജോലി ചെയ്യുന്നത്. നിലമ്പൂർ സൗത്ത്, നിലമ്പൂർ നോർത്ത് ഡിവിഷനുകൾക്ക് കീഴിലാണ് ഇത്രയും പേരുള്ളത്. സംസ്ഥാനത്തെ മറ്റു ജില്ലകളിലും ഇത്തരത്തിൽ താൽക്കാലിക വാച്ചർമാർ ജോലി ചെയ്യുന്നുണ്ടെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.  എൻഎംആർ വാച്ചർ എന്ന പേരിൽ നിയമിക്കുന്ന ഇവരെ പിന്നീട് സ്ഥിരപ്പെടുത്തുകയാണ് പതിവ്.  20 വർഷത്തിലധികം ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന വാച്ചർമാരെ സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ച് 01–09–2013ൽ സ്ഥിരപ്പെടുത്തിയിരുന്നു. 14–05–2015ലും 28–12–2015ലും ഈ രീതിയിൽ സ്ഥിരപ്പെടുത്തൽ തുടർന്നു. ഇതിൽ ഉൾപ്പെടാതെ പോയ 35 പേരെ പിന്നീട് 03–11–2019ൽ പ്രത്യേക ഉത്തരവ് പ്രസിദ്ധീകരിച്ച് സ്ഥിരപ്പെടുത്തി. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ വനംവകുപ്പിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്  ഉദ്യോഗാർഥികൾ. 

ഇതുവരെ 108 നിയമനശുപാർശ
ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളിൽ റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ തസ്തികയ്ക്ക് 21–12–2018ലാണ്   റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്.   ഇതുവരെ നിയമനശുപാർശ ലഭിച്ചത് 108 പേർക്ക് മാത്രം. ഏറ്റവും കൂടുതൽ പേർക്ക് നിയമനശുപാർശ നൽകിയത് പാലക്കാട് ജില്ലയിലാണ്– 33. ഏറ്റവും കുറവ് നിയമനങ്ങൾ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ– ഒന്നു വീതം. കൊല്ലം, ഇടുക്കി, പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ നിയമനശുപാർശ രണ്ടക്കത്തിലെത്തിയിട്ടില്ല. ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 554 പേർക്കാണ് നിയമനശുപാർശ ലഭിച്ചത്.  

വിജ്ഞാപനം വന്ന് അഞ്ചാം വർഷം നിയമനശുപാർശ 
വിജ്ഞാപനം വന്ന് അഞ്ചാം വർഷത്തിൽ ബവ്റിജസ് കോർപറേഷനിൽ എൽഡി ക്ലാർക്ക് തസ്തികയിലേക്കുള്ള നിയമനശുപാർശ ആരംഭിച്ചു. ഒന്നാം ഘട്ടത്തിൽ 319 പേർക്കാണ് നിയമനം. ഒാപ്പൺ മെറിറ്റിൽ 262–ാം റാങ്ക് വരെയുള്ള എല്ലാവരും ശുപാർശ ചെയ്യപ്പെട്ടു. സംവരണ വിഭാഗങ്ങളിലുള്ളവരുടെ നിയമനവിവരങ്ങൾ ഇനി പറയുന്നു. ഈഴവ– 273 വരെ, എസ്‌സി– 1072 വരെ, എസ്‌ടി– സപ്ലിമെന്ററി 5 വരെ, മുസ്ലിം– 619 വരെ, ലത്തീൻ കത്തോലിക്കർ– 1037 വരെ, ഒബിസി– 247 വരെ, വിശ്വകർമ– 345 വരെ, എസ്ഐയുസി നാടാർ– 282 വരെ, ഹിന്ദു നാടാർ– 268 വരെ, എസ്‌സിസിസി– 1746 വരെ. ഭിന്നശേഷിയുള്ളവർ: ബ്ലൈൻഡ്– 2 വരെ, ഡഫ്– 3 വരെ, ഒാർത്തോ– 3 വരെ.  ധീവര വിഭാഗത്തിൽ ഒാപ്പൺ മെറിറ്റിനുള്ളിലുള്ളവരെ നിയമനശുപാർശ ചെയ്യപ്പെട്ടിട്ടുള്ളൂ.

ഇഴഞ്ഞിഴഞ്ഞ് നിയമന നടപടി
26–12–2014ലാണ് ഈ തസ്തികയിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 22–10–2016ൽ പരീക്ഷ നടത്തി. സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചത് 20–12–2018ൽ. സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് 03–06–2019ലാണ് . റിപ്പോർട്ട് ചെയ്ത ഒഴിവിൽ നിയമനശുപാർശ തയാറാക്കാനെടുത്തത് 4 മാസം. 03–10–2019ലാണ് 319 പേരുടെ നിയമനശുപാർശ തയാറായത്. ബവ്റിജസിലെ എല്ലാ തസ്തികയിലേക്കും ‘ഇഴഞ്ഞിഴഞ്ഞാണ്’ പിഎസ്‌സി നിയമന നടപടി പൂർത്തിയാക്കാറുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com