ADVERTISEMENT

അഭിജിത് ബാനർജിക്കു നൊബേൽ പുരസ്കാരം ലഭിച്ചതിന്റെ ഗ്ലാമറിൽ നിൽക്കുന്ന വിഷയമാണ് ഇക്കണോമിക്സ്. രാജ്യത്തിന്റെ സാമ്പത്തികനയ രൂപീകരണത്തിൽ വരെ പങ്കാളികളാകാൻ കഴിയുന്ന ഇന്ത്യൻ ഇക്കണോമിക് സർവീസിന്റെ (ഐഇഎസ്) കരിയർ സാധ്യതകൾ ചർച്ച ചെയ്യാൻ ഇതിലും പറ്റിയ സമയമേത് ? 

സാമ്പത്തികശാസ്ത്രത്തിൽ രാജ്യത്തെ മിടുക്കരെ തേടിയാണു യുപിഎസ്‌സി എല്ലാ വർഷവും ഇന്ത്യൻ ഇക്കണോമിക് സർവീസ് പരീക്ഷ നടത്തുന്നത്. ഇക്കണോമിക്സിൽ പോസ്റ്റ് ഗ്രാജ്വേഷൻ ഉള്ളവർക്കേ അപേക്ഷിക്കാനാകൂ. അടുത്ത പരീക്ഷയ്ക്കു മാർച്ച് 25 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം. ജൂൺ 26ന് ആദ്യഘട്ട പരീക്ഷ ആരംഭിക്കും. ഒക്ടോബർ, നവംബർ മാസങ്ങളിലാകും അഭിമുഖം. ഈ സമയക്രമം അനുസരിച്ചുള്ള തയാറെടുപ്പ് ഇപ്പോഴേ തുടങ്ങണം എന്നർഥം.

തിരഞ്ഞെടുപ്പ് രണ്ടു ഘട്ടം
മൂന്നു ദിവസമായുള്ള  6 പേപ്പറുകളാണ് ഐഇഎസ് പരീക്ഷയുടെ ആദ്യ ഘട്ടം. ഡിസ്ക്രിപ്റ്റീവ് പരീക്ഷയാണ്. ഇതിൽ നിന്നു തിരഞ്ഞെടുക്കുന്നവരെ രണ്ടാം ഘട്ടമായ അഭിമുഖത്തിനു ക്ഷണിക്കും. 1000 മാർക്കിനാണ് ആദ്യ ഘട്ട പരീക്ഷ.

പേപ്പർ 1: ജനറൽ ഇംഗ്ലിഷ്, 100 മാർക്ക്

∙ സിവിൽ സർവീസസ് പരീക്ഷയിൽനിന്നു വിഭിന്നമായി ഇംഗ്ലിഷിന്റെ മാർക്ക് ഇവിടെ അടുത്ത ഘട്ടത്തിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതിനു പരിഗണിക്കും. സിവിൽ സർവീസസ് പരീക്ഷയുടെ നിലവാരത്തിലുള്ള ചോദ്യങ്ങളാകും ഉണ്ടാവുക.

പേപ്പർ 2: ജനറൽ സ്റ്റഡീസ്

100 മാർക്ക് ∙പൊളിറ്റി, സയൻസ് ആൻഡ് ടെക്നോളജി, ആനുകാലിക സംഭവങ്ങൾ, ഹിസ്റ്ററി, ജ്യോഗ്രഫി തുടങ്ങിയ വിഷയങ്ങളാകും ഇവിടെ ചോദിക്കുക. 

പേപ്പർ 3: ജനറൽ ഇക്കണോമിക്സ് I, 

200 മാർക്ക് ∙മൈക്രോ ഇക്കണോമിക്സാകും ഈ പേപ്പറിൽ ചോദിക്കുക. ഇക്കണോമിക്സ് തിയറിയിൽ ഉദ്യോഗാർഥിക്കുള്ള അറിവ് പരിശോധിക്കും. 

പേപ്പർ 4: ജനറൽ ഇക്കണോമിക്സ് II, 

200 മാർക്ക് ∙ രാജ്യാന്തര സാമ്പത്തികശാസ്ത്രം, വികസനോന്മുഖ സാമ്പത്തികശാസ്ത്രം തുടങ്ങിയവയാകും ഈ പേപ്പറിൽ ചോദിക്കുക.

പേപ്പർ 5: ജനറൽ ഇക്കണോമിക്സ് III, 200 മാർക്ക് ∙ പബ്ലിക് ഫിനാൻസ്, എൻവയൺമെന്റൽ ഇക്കണോമിക്സ് തുടങ്ങിയവയാകും ഈ ഭാഗത്തുനിന്നു ചോദിക്കുക. സാമ്പത്തിക രംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങൾ ചോദിക്കാം.

പേപ്പർ 6: ജനറൽ ഇക്കണോമിക്സ് IV, 200 മാർക്ക് ∙ ഇന്ത്യൻ ഇക്കണോമിക്സ് ആകും ഈ ഭാഗത്തുനിന്നു ചോദിക്കുക. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങൾ, പദ്ധതികൾ തുടങ്ങിയവ പ്രതീക്ഷിക്കാം.

എങ്ങനെ പഠിക്കാം

സാമ്പത്തിക ശാസ്ത്രത്തിൽ ആഴമേറിയ അറിവുണ്ടെങ്കിലേ വിജയിക്കാനാകൂ. ആധികാരിക പുസ്തകങ്ങൾ തന്നെ വായിക്കണം. തിയറി മാത്രം പഠിച്ചാൽ പോരാ, സാമ്പത്തികശാസ്ത്രത്തിന്റെ പ്രായോഗിക തലവും അറിഞ്ഞിരിക്കണം. വായിച്ചു മനസ്സിലാക്കിയാൽ പോരാ, വിഷയങ്ങൾ എഴുതിപ്പഠിക്കേണ്ടി വരും. സിലബസ് പരിശോധിച്ച്, മുൻകാല ചോദ്യപ്പേപ്പറുകൾ പരിശീലിച്ചു തയാറെടുക്കാം. കേന്ദ്രസർക്കാർ പുറത്തിറക്കുന്ന ഇക്കണോമിക് സർവേ, യോജന മാഗസിൻ തുടങ്ങിയവ നിർബന്ധമായും വായിച്ചിരിക്കണം.

30– 35 ഒഴിവുകളിലേക്ക് ഓരോ വർഷവും അപേക്ഷകർ 30,000– 40,000 ആണ്. എന്നാൽ, കഠിന പരിശ്രമം നടത്തി പരീക്ഷ എഴുതുന്നവർ  പതിനായിരത്തിൽ താഴെയേ വരൂ. കേരളത്തിൽ നിന്നു മുൻപ് ഒട്ടേറെപ്പേർ ഇന്ത്യൻ ഇക്കണോമിക് സർവീസിൽ എത്തിയിട്ടുണ്ടെങ്കിലും ഇപ്പോൾ എണ്ണം കുറയുന്നതായാണു കാണുന്നത്.

ഡോ. സി.എസ്. ഷൈജുമോൻ

ഇക്കണോമിക്സ് വിഭാഗം 

അസോഷ്യേറ്റ് പ്രഫസർ

ഐഐഎസ്ടി, തിരുവനന്തപുരം

 

കേരളത്തിൽ പരിശീലനം

ഇന്ത്യൻ ഇക്കണോമിക്സ് സർവീസ് പരീക്ഷയ്ക്ക് കോച്ചിങ് നൽകാനൊരുങ്ങുകയാണു സംസ്ഥാന സിവിൽ സർവീസ് അക്കാദമി. ജനുവരി 6ന് ബാച്ച് ആരംഭിക്കും. 31 വരെ മണ്ണന്തല ക്യാംപസ് ഓഫിസിൽ അപേക്ഷാ ഫോം ലഭിക്കും.

വെബ്‌സൈറ്റ്: www.ccek.org

ഫോൺ: 8281098867

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com