ADVERTISEMENT

അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) റാങ്ക് ലിസ്റ്റ് അവസാനിക്കാൻ 3 ആഴ്ച മാത്രം ബാക്കി നിൽക്കേ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ കെഎസ്ഇബി.  2572 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ നിയമനശുപാർശ നൽകിയത് 8% പേർക്കു മാത്രം. ഒാഗസ്റ്റ് 31ന് ശേഷം ഒരാൾക്കു പോലും  ഈ റാങ്ക് ലിസ്റ്റിൽ നിന്നു  നിയമനശുപാർശ നൽകിയിട്ടില്ല. ഡിസംബര്‍ 29ന് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കും.  ഈ തസ്തികയുടെ മുൻ  ലിസ്റ്റിൽ നിന്ന് 773 പേർക്കാണ് നിയമനശുപാർശ ലഭിച്ചത്.

സ്ഥാനക്കയറ്റം നടക്കുന്നില്ല
യഥാസമയം സ്ഥാനക്കയറ്റം നടത്താത്തതും സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പ്രകാരം യോഗ്യത നിശ്ചയിക്കാത്തതുമാണ് അസിസ്റ്റന്റ് എൻജിനീയർ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം കുറയാൻ കാരണമെന്ന് ഉദ്യോഗാർഥികൾ പറയുന്നു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരുടെ 100ൽ അധികം ഒഴിവുകൾ കെഎസ്ഇബിയിൽ നിലവിലുണ്ട്. യഥാസമയം സ്ഥാനക്കയറ്റം നടന്നിരുന്നെങ്കിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഇത്രയും തസ്തിക ലഭിച്ചേനെ.  സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി വ്യവസ്ഥകൾ പ്രകാരം സബ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ തുടങ്ങിയ സൂപ്പർവൈസറി തസ്തികകളിൽ ഐടിഐ യോഗ്യത മാത്രമുള്ളവർക്ക് സ്ഥാനക്കയറ്റം നൽകാൻ പാടില്ല. എന്നാൽ ഈ വ്യവസ്ഥ പാലിക്കാൻ കെഎസ്ഇബി തയാറല്ല. ഇവിടെ അസിസ്റ്റന്റ് എൻജിനീയർ നിയമനത്തിനുള്ള ക്വോട്ട 40–30–20–10 എന്നതാണ്. 40% തസ്തിക പിഎസ്‌‌സി വഴി നേരിട്ട് നിയമിക്കപ്പെടുന്നവർക്കും 30%  ഡിപ്ലോമക്കാർക്കും 20%  ഐടിഐക്കാർക്കും 10% ഇൻ സർവീസ് സ്ഥാനക്കയറ്റം എന്നീ രീതിയിലാണ് നിയമനം.

റിപ്പോർട്ടും പൂഴ്ത്തി
കെഎസ്ഇബിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി കോഴിക്കോട് ഐഐഎം 2014ൽ സമർപ്പിച്ച റിപ്പോർട്ടിൽ ഐടിഐക്കാർക്കായി നീക്കിവച്ച ഒഴിവുകളുടെ 20%  പിഎസ്‌സി വഴി നേരിട്ടുള്ള നിയമനത്തിനു നീക്കിവയ്ക്കണമെന്ന് വ്യക്തമാക്കിയട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 200ൽ അധികം ഒഴിവ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ലഭിക്കേണ്ടതാണ്. എന്നാൽ ഐഐഎം നിർദേശ പ്രകാരമുള്ള മറ്റു ശുപാർശകളെല്ലാം നടപ്പാക്കിയെങ്കിലും  ഇക്കാര്യത്തിൽ  തീരുമാനമെടുക്കാതെ  ബോർഡ്  ഒളിച്ചുകളി തുടരുകയാണ്. 

ലിസ്റ്റ്  29ന് റദ്ദാകും
മൂന്നു വർഷത്തെ കാലാവധി പൂർത്തിയാക്കി അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) റാങ്ക് ലിസ്റ്റ് ഡിസംബര്‍ 29ന് റദ്ദാകും. മെയിൻ ലിസ്റ്റിൽ 969, സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റുകളിൽ 1568, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ലിസ്റ്റിൽ 35 ഉൾപ്പെടെ 2572 പേരെയാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുളളത്. ഇതിൽ 203 പേർക്കു മാത്രമേ ഇതുവരെ നിയമനശുപാർശ ലഭിച്ചിട്ടുള്ളൂ.  അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) റാങ്ക് ലിസ്റ്റിലെ വിശദമായ നിയമനവിവരങ്ങൾ ഇനി പറയുന്നു. ഒാപ്പൺ മെറിറ്റ്– 150 വരെ, ഈഴവ– 165 വരെ, എസ്‌സി– 120 വരെ, എസ്ടി– സപ്ലിമെന്ററി 17 വരെ, മുസ്ലിം– 225 വരെ, ലത്തീൻ കത്തോലിക്കർ– 444 വരെ, ഒബിസി– 154 വരെ, വിശ്വകർമ– 246 വരെ, എസ്ഐയുസി നാടാർ– 142 വരെ, ഹിന്ദു നാടാർ– 418 വരെ, എസ്‌സിസിസി– സപ്ലിമെന്ററി ഒന്നു വരെ, ധീവര– 235 വരെ. ഭിന്നശേഷിയുള്ളവർ: ബ്ലൈൻഡ്– അ‍ഞ്ചു വരെ, ‍ഡഫ്– 5 വരെ, ഒാർത്തോ– 6 വരെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com