sections
MORE

ആപ് വഴി ജോലി, എഐ വഴി ഇന്റർവ്യൂ..ഭാവിയിലെ കാര്യങ്ങൾ ഇങ്ങനെയാണ്

Online
SHARE

‘‘ഫോണിൽ കുത്തിക്കുറിക്കാതെ പോയി വല്ലതും പഠിക്കെടാ...’’ ഇങ്ങനെ കണ്ണുമടച്ചു പറയുംമുൻപ് അച്ഛനമ്മമാർ ഇനി രണ്ടുവട്ടം ആലോചിക്കണം. സാങ്കേതികവിദ്യ വളർന്ന ഇക്കാലത്ത് ജോലി വരുന്നതും സ്മാർട് ഫോൺ വഴിയാണ്.

അപേക്ഷയും ബയോഡേറ്റയും അയച്ചു കാത്തിരുന്ന കാലം മാറുന്നു. നിർമിത ബുദ്ധി (എഐ), മെഷീൻ ലേണിങ് (എംഎൽ), ബ്ലോക്ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), ബിഗ് ഡേറ്റ, നാച്വറൽ ലാംഗ്വിജ് പ്രോസസിങ് (എൻഎൽപി) തുടങ്ങിയ സാങ്കേതികവിദ്യകളാകും ഇനി കമ്പനികളിൽ റിക്രൂട്മെന്റ് ദൗത്യം നിർവഹിക്കുക. ഇത്തരം സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ചുള്ള റിക്രൂട്മെന്റ് സോഫ്റ്റ്‌വെയറുകളുമായി സ്റ്റാർട്ടപ്പുകളെത്തുന്നു. കമ്പനികൾ അതിനനുസരിച്ചു നിയമനരീതി മാറ്റുന്നു, കേരളത്തിലുൾപ്പെടെ. 

 ആപ് വഴി ജോലി

ഈ വർഷം മുതൽ ക്യാംപസ് റിക്രൂട്മെന്റ് വഴി 700 അസിസ്റ്റന്റ് മാനേജർമാരെ നിയമിക്കാൻ ‘ഫെഡ്റിക്രൂട്’ എന്ന മൊബൈൽ ആപ്ലിക്കേഷനാണു ഫെഡറൽ ബാങ്ക് ഉപയോഗിക്കുന്നത്. നിർമിത ബുദ്ധി, ഗെയിമിഫിക്കേഷൻ‌, റിക്രൂട്മെന്റ് അനലിറ്റിക്സ് തുടങ്ങിയവ ഉപയോഗിച്ചാണു നിയമന നടപടികൾ. 100 % കടലാസ് രഹിത  പ്രക്രിയ. 400 പേർക്ക് ഓഫർ ലെറ്റർ നൽകിക്കഴിഞ്ഞു. 

ലാറ്ററൽ എൻട്രി വഴി ലെവൽ 1, 2 ഓഫിസർമാരുടെ തിരഞ്ഞെടുപ്പും ഭാവിയിൽ ഈ രീതിയിലേക്കു മാറും.

പ്രവർത്തനം ഇങ്ങനെ

∙ ഉദ്യോഗാർഥി ആദ്യം ‘ഫെഡ്റിക്രൂട്’ ആപ് മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നു.

∙ സ്വന്തം വിവരങ്ങൾ ഉദ്യോഗാർഥിക്ക് ഈ ആപ് വഴി നൽകാം; രേഖകൾ അപ്‌ലോഡ് ചെയ്യാം.

∙ ഉദ്യോഗാർഥിയുമായി എച്ച്ആർ വിഭാഗത്തിന്റെ ആശയവിനിമയവും ആപ് മുഖേന. വ്യക്തികളല്ല, ചാറ്റ്ബോട്ടുകളാകും സംസാരിക്കുകയെന്നു മാത്രം.

∙ റൊബോട്ടിക് ഇന്റർവ്യൂ നടത്തുകയും അനിമേറ്റഡ് സിമുലേഷൻ വഴി ജോലിയുടെ കൃത്രിമ അന്തരീക്ഷം സൃഷ്ടിച്ച് ആളെ വിലയിരുത്തുകയും ചെയ്ത ശേഷം അവസാന ഇന്റർവ്യൂ.

മാറുന്ന എച്ച്ആർ റോൾ

പതിവു നിയമന നടപടികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏറ്റെടുക്കുന്നതോടെ കമ്പനികളിൽ എച്ച്ആർ വിഭാഗത്തിന്റെ ജോലിയുടെ ഊന്നലിലും മാറ്റമുണ്ടാകും. ജീവനക്കാരുമായി കൂടുതൽ ഇടപഴകാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാം. കൂടുതൽ തുടർപഠന, പരിശീലന പദ്ധതികളിലും ശ്രദ്ധ കേന്ദ്രീകരിക്കാം.

ഇതൊക്കെയാണ് ടെക്നോളജികൾ

∙ നിർമിത ബുദ്ധി: 

ഉദ്യോഗാർഥിയെക്കുറിച്ചു ലഭ്യമായ ഡേറ്റ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചു വിലയിരുത്തി ഇന്റർവ്യൂ പാനലിനു വേണ്ട വിവരങ്ങൾ കൈമാറും. പക്ഷപാതമില്ലാത്ത, കൃത്യമായ തിരഞ്ഞെടുപ്പ്, കുറഞ്ഞ സമയത്തിനുള്ളിൽ നടത്താം.

∙ ഗെയിമിഫിക്കേഷൻ: 

ജോലിക്ക് ആവശ്യമായ കഴിവുകൾ വിലയിരുത്താൻ ഗെയിമുകളെ അടിസ്ഥാനമാക്കിയുള്ള അനിമേറ്റഡ് സിമുലേഷനുകളാണ് ഉപയോഗിക്കുന്നത്. വിവിധ തൊഴിൽസാഹചര്യങ്ങളോട് ഉദ്യോഗാർഥി ഏതു രീതിയിൽ പ്രതികരിക്കുന്നുവെന്ന് ഇതുവഴി മനസ്സിലാക്കാം. താൻ ചെയ്യേണ്ട ജോലി എന്താണെന്ന് 

ഉദ്യോഗാർഥിക്കും മനസ്സിലാക്കാം. ഉദ്യോഗാർഥിയുടെ പഠനക്ഷമത, കാര്യക്ഷമത, നിരീക്ഷണ പാടവം, വിലയിരുത്താനും ഇടപെടാനുമുള്ള കഴിവ് 

എന്നിവ മാനേജർമാർക്കു മനസ്സിലാക്കാനാകും.

∙ റൊബോട്ടിക് അഭിമുഖം: 

ഉദ്യോഗാർഥിയുടെ വ്യക്തിത്വ സവിശേഷതകൾ മനസ്സിലാക്കുകയാണു റൊബോട്ടിക് ഇന്റർവ്യൂവിന്റെ ലക്ഷ്യം. ഇതിന്റെ വിഡിയോ 

ദൃശ്യങ്ങൾ വിലയിരുത്തി തയാറെടുപ്പു നടത്താൻ ഇന്റർവ്യൂ പാനലിനു കഴിയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA