ADVERTISEMENT

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷയുടെ രണ്ടാം പേപ്പറിലെ പ്രധാന ഭാഗമാണു ശാസ്ത്ര, സാങ്കേതികവിദ്യ. സാധാരണ മത്സരപ്പരീക്ഷകൾക്കു കാണുന്നവയെക്കാൾ കൂടുതൽ ഭാഗങ്ങൾ ശാസ്ത്ര, സാങ്കേതികവിദ്യ വിഭാഗത്തിൽ കെഎഎസ് പ്രിലിമിനറിയുടെ സിലബസിലുണ്ട്. ഇതിലുൾപ്പെട്ട താരതമ്യേന പുതിയ ഭാഗമാണ് ബയോടെക്നോളജി, ഗ്രീൻ ടെക്നോളജി, നാനോ ടെക്നോളജി എന്നിവ. പ്രായോഗിക തലത്തിലെ സാങ്കേതികവിദ്യകളാണ് ഇവ. പഴയ ചോദ്യപ്പേപ്പറുകളിൽ കാണാൻ സാധ്യതയില്ലാത്ത ചോദ്യങ്ങൾ ഇതിൽനിന്നു വന്നേക്കാം.

സിലബസിൽ സൂചിപ്പിച്ച ഊർജം എന്ന പദം ഇതിനോടു ചേർത്തു വായിക്കണം. രാജ്യത്തിന്റെ ഊർജ ആവശ്യങ്ങൾ, നയങ്ങൾ, പുനരുപയോഗിക്കാൻ കഴിയുന്നത് ഉൾപ്പെടെയുള്ള സ്രോതസ്സുകൾ, ആണവനയം, അതുമായി ബന്ധപ്പെട്ട കരാറുകൾ എന്നിവയും ശ്രദ്ധിക്കണം.

ഗ്രീൻ ടെക്നോളജി

നിലവിലുള്ളതിനെക്കാൾ പ്രകൃതിയുമായി ഇണങ്ങിയ സാങ്കേതികവിദ്യകളെയാണ് ഗ്രീൻ ടെക്നോളജി അഥവാ ഹരിത സാങ്കേതികവിദ്യ എന്നതുകൊണ്ട് അർഥമാക്കുന്നത്. ഒരേസമയം മനുഷ്യന്റെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുകയും പ്രകൃതിയിൽ സൃഷ്ടിക്കുന്ന ആഘാതങ്ങൾ കുറയ്ക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യകൾ. സൗരോർജം, ഫ്യുവൽ സെല്ലുകൾ, ഹൈഡ്രജൻ സ്റ്റോറേജ് ബാറ്ററി, കാറ്റിൽ നിന്നുള്ള ഊർജം, ജിയോതെർമൽ ഊർജം, ആണവോർജം, ബയോഫ്യുവലുകൾ, ബയോ ഡീഗ്രേഡബിൾ വസ്തുക്കൾ തുടങ്ങിയവ ഇതിലുൾപ്പെടും.

നാനോ ടെക്നോളജി

1 മുതൽ 100 നാനോമീറ്റർ (1 നാനോമീറ്റർ = 10-9 മീറ്റർ) വരെ വലുപ്പമുള്ള വസ്തുക്കളെയാണു നാനോ പാർട്ടിക്കിളുകൾ എന്നു വിശേഷിപ്പിക്കുന്നത്. ശാസ്ത്രലോകത്ത് ഒട്ടേറെ ഉപയോഗങ്ങളുള്ള കണങ്ങളാണ് ഇവ. നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒട്ടേറെ സ്ഥലങ്ങളിൽ ഇവയുടെ ഉപയോഗം കാണാം. മരുന്നുകൾ, തുണിത്തരങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫ്യുവൽ സെല്ലുകൾ, ബാറ്ററികൾ, കെമിക്കൽ സെൻസറുകൾ തുടങ്ങിയവയിൽ ഇവ ഉപയോഗിക്കുന്നു.

ബയോടെക്നോളജി

ജീവശാസ്ത്രപരമായ അറിവുകളുടെയും സാങ്കേതികവിദ്യയുടെയും കൂടിച്ചേരലാണ് ബയോടെക്നോളജി. കാർഷിക, ആരോഗ്യ, ഊർജ മേഖലകളിലും മാലിന്യനിർമാർജനത്തിലുമൊക്കെ ബയോടെക്നോളജിക്കു വലിയ സാധ്യതയുണ്ട്. ജനിതകമാറ്റം വരുത്തിയ ജീവികളുടെ രൂപപ്പെടുത്തലുകളിലേക്ക് ആധുനിക ബയോടെക്നോളജി വളർന്നു. ടിഷ്യുകൾചർ, ഡിഎൻഎ സാങ്കേതികവിദ്യ, ജൈവ കീടനാശിനികളും വളങ്ങളും, ഭക്ഷ്യസുരക്ഷ തുടങ്ങിയവയിൽ ബയോടെക്നോളജിയുടെ പ്രായോഗികതലങ്ങൾ ഉണ്ട്.

എങ്ങനെ പഠിക്കാം

ഇവയൊക്കെ കണ്ടിട്ടു ഗഹനമായി പഠിക്കണമെന്നു തോന്നിയേക്കാം. എന്നാൽ, എല്ലാറ്റിലും അടിസ്ഥാന അറിവു മതി. ശാസ്ത്ര പുസ്തകങ്ങൾ വായിച്ചു പഠിക്കണമെന്നില്ല. ഇന്റർനെറ്റും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉപയോഗിക്കാം. ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇവ പഠിക്കുന്നതാണു പ്രധാനം. നിലവിൽ എവിടെയൊക്കെയാണ് ഇവയുടെ ഉപയോഗം, ഇന്ത്യയിൽ ഇത്തരം സാങ്കേതികവിദ്യകളുടെ വളർച്ചയും പ്രയോഗവും എന്നിവ ശ്രദ്ധിക്കണം. പത്രങ്ങളിൽനിന്ന് ഇവ മനസ്സിലാക്കാം.

(തിരുവനന്തപുരം ഗവ. ആർട്സ് കോളജ് റിട്ട. പ്രിൻസിപ്പലും കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി അധ്യാപകനുമാണു ലേഖകൻ)

English Summary : Kerala Administrative Service Exam Prepartion Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com