sections
MORE

ഒരു ഓമനപ്പേരു വരുത്തിവച്ച വിന; കേട്ടാൽ നിസ്സാരം, പ്രശ്നം ഗുരുതരം

Angry
SHARE

അടുത്തിടെ ബഹ്റൈനിൽനിന്ന് എനിക്കൊരു കോൾ വന്നിരുന്നു. കേട്ടാൽ നിസ്സാരമായി തോന്നാമെങ്കിലും ഗുരുതരമായൊരു പ്രശ്‌നമായിരുന്നു ഒരമ്മയ്ക്ക് സംസാരിക്കാൻ ഉണ്ടായിരുന്നത്. പത്താം ക്ലാസിൽ പഠിക്കുന്ന മകനെ സംബന്ധിക്കുന്ന പ്രശ്‌നം.

ആ അമ്മയ്ക്ക് അവൻ ഒറ്റ മകനാണ്. അതുകൊണ്ടുതന്നെ വളരെ ഓമനിച്ചാണു വളർത്തിയതും. സ്‌നേഹവും വാത്സല്യവും കൂടുമ്പോൾ അവനെ ‘ചക്കരേ’ എന്നവർ വിളിച്ചു. ആ വിളിപ്പേര് അവനും ഇഷ്ടമായിരുന്നു. ‘ചക്കരേ’ എന്നു വിളിക്കുമ്പോൾ അവൻ ഓടിയെത്തി അമ്മയ്ക്ക് ഉമ്മ കൊടുക്കുമായിരുന്നു. ശരിക്കുമുള്ള പേരു വിളിക്കുമ്പോൾ പോലും അവൻ തിരുത്തി–‘അമ്മ ചക്കരയെന്നു വിളിച്ചാൽ മതി’. 

അവൻ വളർന്നു. പത്താം ക്ലാസുകാരനായ അവൻ ഒരു ദിവസം സഹപാഠികൾക്കൊപ്പം വീട്ടിലെത്തി.. അവർക്കൊപ്പം ഭക്ഷണം കഴിക്കുമ്പോൾ അമ്മ സ്‌നേഹപൂർവം അവനെ ‘ചക്കരേ’ എന്നു വിളിച്ചു. ആ വിളി കേൾക്കുമ്പോൾ സ്‌നേഹം നിറയുന്ന മുഖം ചുവന്നുതുടുക്കുന്നത് അമ്മ കണ്ടു.  കൂട്ടൂകാർ പോയശേഷം അവൻ മുറിയിലെ പല സാധനങ്ങളും എറിഞ്ഞു പൊട്ടിച്ചു. കൂട്ടുകാർക്കു മുന്നിൽ ഓമനപ്പേരു വിളിച്ച് അമ്മ ആക്ഷേപിച്ചു എന്നു പറഞ്ഞുകൊണ്ടായിരുന്നു ഇതൊക്കെ. ‘ഇനിയെനിക്കു കൂട്ടൂകാരുടെ മുഖത്തു നോക്കാൻ കഴിയില്ല, അവർ എന്നെ ചക്കരേയെന്നു വിളിച്ച് കളിയാക്കും. അമ്മയ്ക്ക് മാനേഴ്‌സ് അറിയില്ലേ?’–അവൻ പൊട്ടിത്തെറിച്ചു. 

‘അവൻ സ്‌കൂളിൽ പോകാതെ മുറിക്കുള്ളിൽ തന്നെയിരിക്കുകയാണ്. എന്നോടും അച്ഛനോടുമൊന്നും സംസാരിക്കുന്നില്ല’–ആ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ടു ഫോണിൽ സംസാരിച്ചു. 

ഒരു പേരു വരുത്തിവച്ച വിഷയമാണിതൊക്കെ. ‘ഒരു പേരിലെന്തിരിക്കുന്നു’ എന്ന് വിശ്രുത സാഹിത്യകാരൻ വില്യം ഷേക്സ്പിയർ ചോദിച്ചിട്ടുണ്ട്. ഏതാനും അക്ഷരങ്ങൾ ചേർത്തുവച്ചാൽ ഒരു പേരായി. അത്രമാത്രമേയുള്ളൂ. പേരല്ല, വ്യക്തിത്വമാണ് പ്രധാനം. മലയാണ്മയെ അക്ഷരം പഠിപ്പിച്ച എഴുത്തച്ഛന്റെ പേരുപോലും നമുക്കു കൃത്യമായി അറിയില്ല. മണിപ്രവാള കാവ്യങ്ങളിൽ മുഖ്യസ്ഥാനം അലങ്കരിക്കുന്ന ‘ഉണ്ണുനീലിസന്ദേശ’ത്തിന്റെ രചയിതാവിന്റെ പേരു നമുക്കറിയില്ല. എന്നാൽ, സന്ദേശ കാവ്യത്തിന്റെ ശിലാസ്ഥാനമലങ്കരിക്കുന്ന ആ കൃതി നമുക്കറിയാം. അപ്പോഴും നാം പറയും, ഒരു പേരിലെന്തിരിക്കുന്നു!  

ഒരിക്കൽ ബുദ്ധനും ആനന്ദനും നടന്നുപോകുമ്പോൾ ഒരു കൂട്ടം ശകാരവർഷവുമായെത്തി. ബുദ്ധന്റെ പേരുവിളിച്ച് അവർ അസഭ്യവാക്കുകൾ ചൊരിഞ്ഞു. ബുദ്ധൻ പ്രതികരിക്കാതെ കേട്ടുനിന്നു. കലിയടങ്ങിയപ്പോൾ അസഭ്യം പറഞ്ഞവർ മടങ്ങിപ്പോയി. ആനന്ദൻ ബുദ്ധനോടു ചോദിച്ചു: ‘അങ്ങയെ പേരുവിളിച്ച് ഇത്രയേറെ അധിക്ഷേപിച്ചിട്ടും ഒന്നും പറയാത്തതെന്താണ്?’ ബുദ്ധൻ ചെറു ചിരിയോടെ പറഞ്ഞു: ‘അവർ എന്നെ വാക്കുകൾ കൊണ്ടാണ് അപമാനിക്കാൻ ശ്രമിച്ചത്. അതുകൊണ്ട് എന്റെ ശരീരത്തിനോ മനസ്സിനോ ഒരു ദോഷവും വന്നിട്ടില്ല. കഴിഞ്ഞ ദിവസം കുറെ മധുരവുമായി ഗ്രാമവാസികൾ സമീപിച്ചത് ഓർക്കുന്നില്ലേ. അതു നാം സ്വീകരിച്ചിരുന്നില്ലല്ലോ. അതുപോലെയാണണിതും. വേണ്ടാത്തതു നാം സ്വീകരിക്കേണ്ടതില്ല. അവർ പറഞ്ഞതൊന്നും നമുക്ക് വേണ്ടതായിരുന്നില്ല. അതുകൊണ്ടു തന്നെ അതു സ്വീകരിക്കേണ്ട ബാധ്യതയുമില്ല’. 

ജനിക്കുമ്പോൾ അച്ഛനമ്മാർ നമുക്കിടുന്ന ഒരു പേരു മാത്രമാണത്. അനേകസംഖ്യം ആളുകൾക്കിടയിൽനിന്നു നമ്മെ തിരിച്ചറിയുവാൻ മാത്രം ഉപയോഗിക്കുന്ന ഒന്ന്. നമ്മുടെ പേരു ചീത്തയാകാതെ നോക്കേണ്ട ഉത്തരവാദിത്തം നമുക്കു മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ പ്രമുഖരെല്ലാം പേരിലൂടെ പ്രശസ്തരായവരല്ല; പ്രവൃത്തികളിലൂടെ പേരിനെ നിലനിർത്തിയവരാണ്. നന്മ നിറഞ്ഞ പ്രവൃത്തികളിൽ രേഖപ്പെടുത്തിയ കയ്യൊപ്പാകണം നമ്മുടെ പേര്. പ്രവൃത്തിയിലൂടെ പേരിനെ അന്വർഥമാക്കുകയാണു വേണ്ടത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA