ADVERTISEMENT

സിവിൽ സർവീസ് പരീക്ഷയ്ക്കു തയാറെടുക്കുന്ന പലരും പ്രിലിമിനറി ജയിച്ചാൽ മാത്രം ഐച്ഛിക വിഷയം കാര്യമായി പഠിക്കാമെന്നു കരുതുന്നവരാണ്. എന്നാൽ വിജയികളുടെ പട്ടിക പരിശോധിച്ചാൽ അറിയാം, പ്രിലിംസിന് ഒന്നു രണ്ടു മാസം മുൻപേ ഐച്ഛിക വിഷയം 70– 100 % വായിച്ചുപഠിച്ചവർക്കാണു മെയിൻസിൽ മികച്ച വിജയം ലഭിക്കുന്നത്. പ്രിലിംസ് ഫലം വന്നശേഷമുള്ള സമയം കൊണ്ട് ഐച്ഛിക വിഷയം പഠിച്ചുതീർക്കാനാകില്ലെന്നതു തന്നെ കാരണം. 

amith

2016ൽ പ്രിലിംസിനു ശേഷമാണു ഞാൻ മെയിൻസിനായി ഫിലോസഫി പഠിച്ചുതുടങ്ങിയത്. അബദ്ധമായെന്നു പെട്ടെന്നു തന്നെ മനസ്സിലായി. പ്രിലിമിനറി മാർക്ക് ഫൈനൽ റാങ്ക് ലിസ്റ്റിനു പരിഗണിക്കില്ല. ഐച്ഛിക വിഷയം നേരത്തേ പഠിച്ചുതുടങ്ങാതെ, കിട്ടുന്ന സമയം മുഴുവൻ പ്രിലിമിനറിക്കു മാറ്റിവച്ചാൽ മെയിൻസിനു മാർക്ക് കുറയുകയാകും ഫലം. 

2016ൽ എനിക്കു ഫിലോസഫിക്ക് 500ൽ 249 മാർക്ക് മാത്രമാണു ലഭിച്ചത്. ഇഷ്ട സർവീസായ ഐഎഎസ് കിട്ടിയതുമില്ല. 2018ൽ പ്രിലിമിനറിക്കു വളരെ മുൻപേ ഫിലോസഫി പഠിച്ചുതീർത്തു. മാർക്ക് 303 മാർക്ക് ആയി; ഐഎഎസ് കിട്ടുകയും ചെയ്തു. 

ഐച്ഛിക വിഷയം എപ്പോഴും ആഴത്തിൽ പഠിക്കണം. അടിസ്ഥാന പാഠപുസ്തകങ്ങൾ പല പ്രാവശ്യം വായിക്കുന്നതാണു നല്ലത്. നോട്ട്സ് കൂടി തയാറാക്കുന്നതു പരീക്ഷയ്ക്കു തൊട്ടുമുൻപു റിവിഷനു സഹായകരമാകും. 

ഐച്ഛിക വിഷയം: തീരുമാനം എങ്ങനെ

പലരും ഐച്ഛിക വിഷയം തിരഞ്ഞെടുക്കുന്നതു സിവിൽ സർവീസ് തയാറെടുപ്പ് ആരംഭിച്ച ശേഷമാകും. 2014ൽ തയാറെടുപ്പ് തുടങ്ങിയ ഞാൻ 2016ൽ ആണു ഫിലോസഫിയിൽ എത്തിച്ചേരുന്നത്. ഇന്ത്യൻ ഫിലോസഫി പുസ്തകങ്ങളോടുള്ള ഇഷ്ടമായിരുന്നു പ്രധാന കാരണം. അത്തവണ മാർക്ക് കുറഞ്ഞിട്ടു കൂടി വീണ്ടും ശ്രമിക്കാൻ പ്രചോദനവും ഇതായിരുന്നു. 

വിദഗ്ധരുടെ മാർഗനിർദേശങ്ങൾ ലഭിക്കാനുള്ള സൗകര്യം, മികച്ച സ്കോർ നേടാനുള്ള സാധ്യത തുടങ്ങിയവ നിർണായകമാണെങ്കിലും അതിനെക്കാൾ പ്രധാനമാണു വിഷയത്തോടുള്ള നമ്മുടെ താൽപര്യം. 

സിവിൽ സർവീസ് തയാറെടുപ്പിനൊരുങ്ങുന്നവർ ആദ്യം തന്നെ ‌ഐച്ഛിക വിഷയങ്ങളുടെ സിലബസ് പരിശോധിച്ച് രണ്ടോ മൂന്നോ വിഷയങ്ങൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യുക. ഇവയിലേക്കു കൂടുതൽ ഇറങ്ങിച്ചെല്ലുമ്പോൾ ഏറ്റവും ഇണങ്ങിയ ഓപ്ഷനൽ വിഷയം തിരഞ്ഞെടുക്കാനും കഴിയും. 

 

സിവിൽ സർവീസ് ഓപ്ഷനൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. വിദഗ്ധ മാർഗനിർദേശങ്ങൾ ലഭിക്കാനുള്ള സൗകര്യം

2. മികച്ച സ്കോറിനുള്ള സാധ്യത

3. വിഷയത്തോടുള്ള നമ്മുടെ താൽപര്യം

(ഇക്കഴിഞ്ഞ സിവിൽ സർവീസ് ബാച്ചിൽ തമിഴ്നാട് കേഡറിൽ ഐഎഎസ് ലഭിച്ച ലേഖകൻ ഇപ്പോൾ മസൂറിയിൽ പരിശീലനത്തിലാണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com