ADVERTISEMENT

നിത്യോപയോഗ സാധനങ്ങളുടെ ഓൺലൈൻ ബിസിനസിനു വലിയ സാധ്യതയുള്ള കാലമാണിത്. ഇതിൽ ഏറ്റവും മികച്ച ഒരു മേഖലയാണു സുഗന്ധവ്യഞ്ജനങ്ങൾ. ഗുണനിലവാരമുള്ള സുഗന്ധവ്യഞ്ജനങ്ങൾ സുലഭമായി ലഭിക്കാനുള്ള സാധ്യതയൊരുക്കാനുള്ള വഴിയൊരുക്കലാണു പ്രധാനം. വിചാരിക്കുന്നത്ര മുതൽമുടക്ക് ഇതിനു വേണ്ടിവരില്ല. 

ആശയം 
കർഷകരിൽനിന്നു നേരിട്ട് സുഗന്ധവ്യഞ്ജനങ്ങൾ സംഭരിക്കുന്നതു ഗുണം ചെയ്യും. ചില ഉൽപന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കാം. പായ്ക്കറ്റുകളിൽ ലഭിക്കുന്നവ അതേപടി വിതരണം ചെയ്യുന്നതാകും നല്ലത്. അല്ലാത്തവ നല്ല രീതിയിൽ പായ്ക്ക് ചെയ്തു വിൽക്കാൻ കഴിയണം. ചുക്കുകാപ്പി (ചുക്ക്, കുരുമുളക്, കരുപ്പട്ടി, ചക്കര, തിപ്പലി, തുളസി, ജീരകം തുടങ്ങിയവ ചേർത്ത്), ഗ്രീൻ ടീ (ഡസ്റ്റ് ടീ, ഗ്രീൻ ടീ, ലീഫ് ടീ, മസാല ടീ എന്നീ വൈവിധ്യങ്ങൾക്കു സാധ്യത), കുരുമുളക്, ഗ്രാമ്പൂ, ഏലക്കായ, കറുകപ്പട്ട, കശുവണ്ടി, ഉണക്കിയ പഴങ്ങൾ, ഉണങ്ങിയ മഞ്ഞൾ, ചുക്ക് എന്നിവയും ഓൺലൈൻ വ്യാപാരമേഖലയിൽ നല്ല ഡിമാൻഡ് ഉള്ള വിഭവങ്ങളാണ്. ചിക്കറി ചേർക്കാത്ത കാപ്പിപ്പൊടിക്കുമുണ്ട് ധാരാളം ആവശ്യക്കാർ. 

പ്രയോഗം
‌ഒരു പോർട്ടൽ ഉണ്ടാക്കി ഓർഡർ സ്വീകരിക്കണം. ഗൂഗിളിന്റെ അവാർഡ് വഴി ചെറിയ തുക മുടക്കി പരസ്യം ചെയ്യാവുന്നതാണ്. വെബ്സൈറ്റിലേക്കു കൂടുതൽ പേരെ ആകർഷിക്കാൻ ഇതു സഹായിക്കും. സ്ഥിരം ഉപഭോക്താക്കൾക്ക് അഡ്വാൻസ് വാങ്ങാതെയും അല്ലാത്തവർക്കും വിവിധ നിരക്കിൽ അഡ്വാൻസ് തുക വാങ്ങിയും ഉൽപന്നം വിൽക്കാം. 500 ഗ്രാം വരെയുള്ള ഉൽപന്നങ്ങൾ സ്പീഡ് പോസ്റ്റിൽ അയയ്ക്കാം. കുറിയർ വഴി അയയ്ക്കാനും സാധിക്കും. ആവശ്യക്കാർക്ക് സമയത്തിന് എത്തിക്കുക എന്നതു പ്രധാനം. സുഗന്ധവ്യഞ്ജനങ്ങൾ പരമാവധി ജൈവമായവ തന്നെ ശേഖരിച്ചു വിതരണം ചെയ്യാൻ ശ്രമിക്കണം. നവമാധ്യമങ്ങൾ വഴി ലിങ്കുകൾ നൽകി വെബ്സൈറ്റിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയും. വിശ്വാസ്യത നേടിയാൽ കൂടുതൽ ഓർഡർ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. 

സൗകര്യം
കംപ്യൂട്ടർ, ഇന്റർനെറ്റ് എന്നിവ കൂടാതെ ഒരു പായ്ക്കിങ് മെഷിനും വേണം. റീപായ്ക്കിങ്ങിന് ഒരു മുറി വേണ്ടിവരും. പായ്ക്കിങ് നടത്താൻ അത്യാവശ്യം തൊഴിലാളികളെ ഉപയോഗിക്കേണ്ടിവരും. 

നേട്ടം
ചെറിയ മുതൽമുടക്കിൽ സംരംഭം തുടങ്ങാം. ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിൽ തുടങ്ങാവുന്ന ബിസിനസാണിത്. പായ്ക്കിങ് രംഗത്ത് കുറച്ചു പേർക്കു തൊഴിൽ നൽകാൻ കഴിയും. ഈ മേഖലയിൽ ഓൺലൈൻ ബിസിനസ് വളരെ കുറവാണെന്നതും സാധ്യതയുടെ വാതിലുകൾ തുറക്കുന്നു. അതുകൊണ്ടുതന്നെ നിലവിൽ ഈ മേഖലയിൽ വലിയ കിടമത്സരമില്ല. 

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ടി. എസ്. ചന്ദ്രൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com