ADVERTISEMENT

സിവിൽ സർവീസ് പരീക്ഷയ്ക്കു പഠിക്കുന്നതിൽ പത്രപാരായണത്തിന്റെ പ്രാധാന്യമാണ് ഈ ലക്കത്തിൽ വിശദമാക്കുന്നത്. പരീക്ഷയിലെ 60% ചോദ്യങ്ങളും കാലികപ്രാധാന്യമുള്ള വാർത്തകളിൽനിന്നായിരിക്കുമെന്നു നേരത്തേ സൂചിപ്പിച്ചല്ലോ. ചോദ്യങ്ങൾ പത്രവാർത്തയെ അടിസ്ഥാനപ്പെടുത്തി വരുന്ന ധാരാളം ഉദാഹരണങ്ങൾ ഇതിനു മുൻപുള്ള ഭാഗങ്ങളിൽ വിവരിച്ചിരുന്നു. ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരമൊരുക്കാൻ സഹായകമായി പത്രപാരായണം എങ്ങനെ ക്രമപ്പെടുത്തണമെന്നാണ് ഇനി പറയുന്നത്. 

എപ്പോൾ തുടങ്ങണം, വായന
‘ഞാൻ ചെറുപ്പത്തിൽ പത്രം സീരിയസ്സായി വായിച്ചിട്ടില്ല. സിവിൽ സർവീസിനു പഠിക്കുന്നതിൽ ഇതൊരു പോരായ്മയാകുമോ?’ എന്നതരത്തിലുള്ള സംശയങ്ങൾ ധാരാളം പേർക്കുണ്ടാകാം. സ്കൂൾ പഠനകാലം മുതലേ നിരന്തരം പത്രം വായിച്ചവർക്ക് അറിവിന്റെ അടിത്തറയൊരുക്കുന്നവർക്കു കൂടുതൽ ആത്മവിശ്വാസവും പരന്ന അറിവും ഉണ്ടാകുമെന്നതിൽ സംശയമില്ല. പക്ഷേ, ആ കുറവ് പരിഹരിക്കാനാവാത്തതൊന്നുമല്ല. സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിനു രണ്ടു വർഷം മുൻപെങ്കിലും പത്രം വായിച്ചുതുടങ്ങിയാൽ മതി. സാധാരണയായി പ്രിലിമിനറി, മെയിൻ പരീക്ഷകളിൽ ഒരു വർഷം മുൻപുള്ള വാർത്തകളിൽനിന്നാണു ചോദ്യങ്ങൾ വരാറുള്ളത് എന്നതിനാൽ 2021 ജൂണിൽ പ്രിലിമിനറി എഴുതാൻ ഒരുങ്ങുന്നവർ 2020 ഏപ്രിൽ മുതലെങ്കിലും പത്രം വായിച്ച് നോട്ട് കുറിക്കുന്നത് നന്നായിരിക്കും. 

പത്രത്തിൽ എന്തു വായിക്കണം എന്നതാണ് ഇനിയുള്ള കാര്യം. തുടക്കത്തിൽ ദിവസം രണ്ടു മണിക്കൂറിലേറെ പത്രവായനയ്ക്കു മാറ്റിവയ്ക്കേണ്ടി വന്നേക്കാം. പത്രവായനയ്ക്കു സമയം കൂടുതൽ എടുക്കേണ്ടിവരുന്നു എന്ന ആശങ്ക പലരും പ്രകടിപ്പിക്കാറുണ്ടെങ്കിലും, ക്രമേണ കൂടുതൽ കാര്യക്ഷമതയോടെ വായിക്കാൻ സാധിക്കുമ്പോൾ ഈ ആശങ്ക മാറിവരുമെന്നു മനസ്സിലാക്കാം. 

വായിക്കേണ്ടതെന്ത്?
പത്രം വായിക്കാനെടുക്കുന്ന സമയമല്ല, പത്രത്തിൽ എന്തു വായിക്കുന്നു എന്നതാണു പ്രധാനം. വായിക്കേണ്ടതെന്ത് എന്നതിനെക്കുറിച്ചു ധാരണയില്ലാതെ പത്രപാരായണത്തിലേക്കു കടക്കരുതെന്നാണ് എന്റെ അഭിപ്രായം. ആവശ്യമുള്ളതു വായിച്ചെടുക്കാനും പഠിക്കാനും കഴിഞ്ഞാൽ അനായാസവിജയം സാധിക്കും. എന്തു വായിക്കണമെന്നു ധാരണയില്ലാതെ കഠിനാധ്വാനം ചെയ്താലും വിജയിക്കണമെന്നില്ല. 

പരീക്ഷയുടെ സിലബസാണു പത്രപാരായണത്തിന്റെ അടിത്തറ. പത്രം വായിക്കുമ്പോൾ സിലബസിന്റെ ഒരു കോപ്പി കരുതുന്നതു നന്നായിരിക്കും. കുറച്ചു കാലം ഈ ശീലം തുടർന്നാൽ സിലബസിലെ പാഠഭാഗങ്ങൾ ഹൃദിസ്ഥമാവുകയും തുടർന്നു പത്രം വായിക്കുമ്പോൾ പഠനത്തിന് ആവശ്യമുള്ള വാർത്തകളും വിശകലനങ്ങളും വായിക്കുകയും ചെയ്യുന്നതു ശീലമാകും. പഠനപ്രക്രിയ കാര്യക്ഷമമാകുകയും ചെയ്യും. 

നിരന്തരം പത്രം വായിക്കുകയും അതൊരു ശീലമാക്കുകയും നോട്ടെഴുത്ത് സ്ഥിരമാക്കുകയും ചെയ്താൽ പഠനം സുഗമമാകും. നോട്ട് രണ്ടു പുസ്തകങ്ങളിലായി എഴുതുന്നതു നന്നായിരിക്കും. പ്രിലിമിനറി പരീക്ഷയ്ക്കു വേണ്ട ഒബ്ജക്ടീവ് ടൈപ്പ് പോയിന്റുകൾ ഒന്നിലും മെയിൻ പരീക്ഷയ്ക്കു സഹായകമാകുംവിധം ഓരോ വിഷയത്തിന്റെയും പ്രധാന പുരോഗതി/വാർത്ത സംബന്ധിച്ച കാര്യങ്ങൾ എന്നിവ മറ്റൊരു പുസ്തകത്തിലുമായി എഴുതി സൂക്ഷിച്ചാൽ കൃത്യതയോടെ പിന്നീടു റിവിഷൻ നടത്താം. ഈ രീതി തുടർന്നാൽ 60 ശതമാനത്തിലധികം ചോദ്യങ്ങൾക്ക് മികച്ച രീതിയിൽ ഉത്തരമെഴുതാനും ഉയർന്ന മാർക്ക് നേടാനും സാധിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com