sections
MORE

സിവിൽ സർവീസ് ക്വാളിഫൈ ചെയ്യാൻ ക്വാളിറ്റി വേണം

exam-stress
SHARE

ചോദ്യം 1: എന്തിനാണു പഠിക്കുന്നത്? 

ഉത്തരം: സിവിൽ സർവീസ് പരീക്ഷ പാസാകാൻ.

ചോദ്യം 2: അപ്പോൾ എന്താണു പഠിക്കേണ്ടത്?

ഉത്തരം: പരീക്ഷയ്ക്കു വ്യക്തമായ സിലബസ് ഉണ്ട്. ആ സിലബസിലുള്ള വിഷയങ്ങൾ ആണു പഠിക്കേണ്ടത്.

ചോദ്യം 3: സിലബസിൽ വിഷയങ്ങളുടെ തലക്കെട്ടുകളും പഠനം നടത്തേണ്ട മേഖലകളെക്കുറിച്ചുള്ള വിവരവും മാത്രമല്ലേ ഉള്ളൂ? ഏതു നിലവാരത്തിൽ പഠിക്കണം? 

ഉത്തരം: കഴിഞ്ഞ മൂന്നു വർഷത്തെ ചോദ്യ പേപ്പറുകൾ വായിക്കുക. സിലബസ് വീണ്ടും വായിക്കുക. ഓരോ മേഖലയിലും പഠനം പൂർത്തിയാക്കുമ്പോൾ ഉദ്യോഗാർഥിയിൽനിന്നു പ്രതീക്ഷിക്കുന്ന അറിവിന്റെ നിലവാരം ചോദ്യ പേപ്പറിൽനിന്നു വ്യക്തമാകും.

ഈ മൂന്നു ചോദ്യങ്ങളും ഉത്തരങ്ങളും ഒരിക്കൽകൂടി വായിക്കുക. സിവിൽ സർവീസ് പരീക്ഷ വ്യക്തമായ സിലബസ് ഉള്ള ഒരു പരീക്ഷയാണല്ലോ. പരീക്ഷയുടെ മുൻകാല ചോദ്യപേപ്പറുകൾ മുഴുവനും ലഭ്യവുമാണ്. ഇതിൽനിന്നു ചോദ്യങ്ങളുടെ നിലവാരവും ഉദ്യോഗാർഥിക്ക് ഉണ്ടാകേണ്ട അറിവിന്റെ ആഴവും വ്യാപ്തിയും കൃത്യമായി മനസ്സിലാകും. ചുരുക്കത്തിൽ, പഠിച്ചു തുടങ്ങുമ്പോൾ ഓർമിക്കേണ്ട ഏറ്റവും പ്രധാനമായ കാര്യങ്ങളാണു മുകളിൽ സൂചിപ്പിച്ചത്. 

പ്രിലിമിനറി പരീക്ഷയുടെ ക്വാളിഫയിങ് പേപ്പറാണ് പേപ്പർ 2. Comprehension, Interpersonal Skills including communication skills, Logical reasoning and Analytical ability, decision making and problem solving, General mental ability, Basic numerary, Data interpretation എന്നീ മേഖലയിൽനിന്നാണു ചോദ്യങ്ങൾ ഉണ്ടാവുക. 80 ചോദ്യങ്ങൾക്ക് 200 മാർക്ക്. ഇതിൽ 33% മാർക്ക് ലഭിച്ചാലേ യോഗ്യത നേടാനാവൂ. രണ്ടാം പേപ്പറിൽ 33% മാർക്കിൽ കൂടുതൽ കിട്ടിയാൽ മാത്രം പോരാ. പ്രിലിമിനറി പരീക്ഷയുടെ ഒന്നാം പേപ്പറിൽ 200 ൽ 110 മാർക്കെങ്കിലും ലഭിക്കുകയും ചെയ്താലേ വിജയിക്കാൻ സാധിക്കൂ എന്നതിനാൽ വളരെ പ്രാധാന്യത്തോടെ പഠിക്കേണ്ടതാണു പേപ്പർ–1. 

100 ചോദ്യങ്ങൾക്ക് 200 മാർക്കാണ് ഈ പേപ്പറിൽ. Current Events of National & International importance, History of India and Indian National Movement, India & World property, Indian polity and Governance, Economic and Social development, General issues, Environmental Ecology and General science എന്നിങ്ങനെ വളരെ വിശാലമായ സിലബസാണ് ഒന്നാം പേപ്പറിനുള്ളത്. ഈ പേപ്പറിൽ വിജയിക്കാൻ ആഴത്തിലുള്ള അറിവും വിശകലന പാടവവും അനിവാര്യമാണ്.

മെയിൻ പരീക്ഷയുടെ ക്വാളിഫയിങ് പേപ്പറുകളായ ഇംഗ്ലിഷും പ്രാദേശിക ഭാഷയും ഉദ്യോഗാർഥിക്കു കൈകാര്യം ചെയ്യാൻ സാധിക്കുമോ, ആശയങ്ങൾ കൃത്യതയോടെ അവതരിപ്പിക്കാൻ കഴിയുമോ എന്നൊക്കെ പരീക്ഷിക്കുന്നവയാണ്. ഇംഗ്ലിഷിലും പ്രാദേശിക ഭാഷയിലും ചെറിയ ഉപന്യാസം എഴുതുക, ഖണ്ഡിക വായിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക, അൽപം വ്യാകരണം, പദങ്ങളുടെ പ്രയോഗരീതി തുടങ്ങിയവയെല്ലാമാണു സിലബസ്. പത്താം ക്ലാസ് നിലവാരത്തിലുള്ള ഈ പേപ്പറുകൾക്ക് 25% മാർക്ക് ലഭിച്ച് യോഗ്യത നേടുക എന്നതിന് പൊതുവെ പ്രത്യേകമായ പരിശീലനം ആവശ്യമില്ലാത്തതാണ്.

മെയിന്‍ പരീക്ഷയുടെ പേപ്പർ–1 ഉപന്യാസമാണ്. സാധാരണ 2 വിഷയങ്ങളിൽ ഉപന്യാസം എഴുതാനാണ് ആവശ്യപ്പെടുക. 10 വിഷയങ്ങൾ തന്ന് അതിൽനിന്ന് ഇഷ്ടമുള്ള രണ്ടു വിഷയത്തിൽ ഉപന്യാസമെഴുതാം. ഇതിന് 125 മാർക്ക് വീതം. അങ്ങനെ 250 മാർക്കാണ് ഉപന്യാസ പേപ്പറിന്. മെയിൻ പരീക്ഷയുടെ കാതൽ എന്നു പറയാവുന്നത് പേപ്പർ 2 മുതൽ 4 വരെയുള്ള ജനറൽ സ്റ്റഡീസ് പേപ്പറുകളാണ്. വിശാലമായ സിലബസാണ് ഈ പേപ്പറുകൾക്ക്.

പേപ്പർ–2: ഇന്ത്യൻ സംസ്കാരം, ചരിത്രം, ഇന്ത്യയുടെയും ലോകത്തിന്റെയും ഭൂമിശാസ്ത്രം, ഇന്ത്യയുടെ സാമൂഹികശാസ്ത്രം, വികസന പ്രശ്നങ്ങളും പരിഹാരങ്ങളും, സാമൂഹിക ശാക്തീകരണം സംബന്ധിച്ച വിഷയങ്ങൾ എന്നിവ. 

പേപ്പർ–3: ഇന്ത്യയുടെ ഭരണഘടന, ഭരണനിർവഹണം, ഗവൺമെന്റിന്റെ നയങ്ങൾ, പദ്ധതികൾ, രാഷ്ട്രതന്ത്രം, തിരഞ്ഞെടുപ്പ്, ഭരണഘടനാ സ്ഥാപനങ്ങൾ, വികസനത്തിൽ സംഘടനകളുടെ പങ്കാളിത്തം, മികച്ച ഭരണ മാതൃകകൾ തുടങ്ങിയവ. രാജ്യാന്തര ബന്ധങ്ങളെക്കുറിച്ചും വിശദമായി പഠിക്കേണ്ടതാണ്.

പേപ്പർ 4: സാമ്പത്തികശാസ്ത്രം, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ, നാടിന്റെ വളർച്ചയും പുരോഗതിയും, ബജറ്റ്, സാമ്പത്തിക നയങ്ങൾ, അടിസ്ഥാന സൗകര്യ വികസനവും ശാസ്ത്ര–സാങ്കേതിക പുരോഗതിയും, ദുരന്തനിവാരണം, പരിസ്ഥിതി സംരക്ഷണം, ആന്തരിക സുരക്ഷ തുടങ്ങിയവ ഉൾപ്പെടുന്ന വിശാലമായ സിലബസ്. പേപ്പർ 2, 3, 4, എന്നിവയിൽ 10 മാർക്കിന്റെ പത്തു ചോദ്യവും (100 മാർക്ക്) 15 മാർക്കിന്റെ പത്തു ചോദ്യവും (150 മാർക്ക്) അടക്കം 250 മാർക്കാണു ലഭിക്കുക.

പേപ്പർ 5: ഉദ്യോഗാർഥിയുടെ ആത്മാർഥതയും സത്യസന്ധതയും താൽപര്യവും അളക്കാനുള്ള ചോദ്യങ്ങൾ. Ethics, Atitude, Aptitude and Fundamental values Public Administration, എന്നിവ സംബന്ധിച്ച ചോദ്യങ്ങൾ പ്രതീക്ഷിക്കാം. രണ്ടു സെഷനുകളിലായി 12 പ്രധാന ചോദ്യങ്ങളാണ് പേപ്പർ 5 ൽ ഉണ്ടാവുക. ഓരോ ചോദ്യത്തിനും ഉപചോദ്യവും ഉണ്ടാവും.

പേപ്പർ 6, 7: ഐഛ്ചിക വിഷയം ആണ്. ഓരോ ഐഛ്ചിക വിഷയത്തിനും വ്യക്തമായ സിലബസ് നൽകിയിട്ടുണ്ട്. അതനുസരിച്ച് 250 മാർക്ക് വീതമുള്ള 2 പേപ്പറുകൾ.

ഇതു കൂടാതെ പൊതുവിവരങ്ങൾ, ഉദ്യോഗാർഥിയുടെ താൽപര്യം, ജോലി ചെയ്യാനുള്ള കഴിവ്, തീരുമാനങ്ങൾ എടുക്കാനും വ്യക്തതയോടെ ചിന്തിക്കാനും കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാനും നിഷ്പക്ഷമായി നിലപാടുകൾ സ്വീകരിക്കാനും മറ്റുമുള്ള കഴിവ്, നേതൃത്വ പാടവം, ബൗദ്ധികവും ധാർമികവുമായ സത്യസന്ധത തുടങ്ങിയവയൊക്കെ ഇന്റർവ്യൂവിൽ അളക്കും.

പഠനമുറിയുടെ ചുമരിൽ സിലബസും മേശപ്പുറത്ത് കഴിഞ്ഞ മൂന്നു വർഷത്തെ ചോദ്യവും ഉണ്ടാവുകയും ഇവ ഇടയ്ക്കിടെ തുറന്നു വായിക്കുന്ന തലത്തിൽ പഠനരീതി ക്രമീകരിക്കുകയും ചെയ്തുകഴിഞ്ഞാൽ പഠിച്ചുതുടങ്ങി എന്നു പറയാം. 

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും. സന്ദർശിക്കൂ" https://www.manoramahorizon.com/test-centre/kas-package-list/ 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA