sections
MORE

ജോലിയിലെ വിരസതയും മടിയും മാറ്റാം; ഫലം ഇരട്ടിക്കും

stress
SHARE

കണ്ടുപിടിത്തങ്ങളുടെ ചക്രവർത്തിയായ തോമസ് ആൽവാ എഡിസന്റെ ഏറ്റവും പ്രശസ്തമായ കണ്ടുപിടിത്തമാണല്ലോ ബൾബ്. ആ കണ്ടുപിടിത്തം വിശദീകരിക്കാൻ അദ്ദേഹം നടത്തിയ പത്രസമ്മേളത്തിൽ കാണിക്കാൻ കൊണ്ടുവന്ന ബൾബ് ലാബിലെ തൊഴിലാളിയുടെ കയ്യിൽനിന്നു വീണു പൊട്ടി. 3 ദിവസത്തിനുശേഷം വീണ്ടും പത്രസമ്മേളനം നടത്താൻ അനുവാദം ചോദിച്ച് എഡിസൻ മടങ്ങി. അടുത്ത പത്രസമ്മേളനത്തിലും ബൾബ് കൊണ്ടുവന്നത് അതേ തൊഴിലാളിയായിരുന്നു! 

പത്രക്കാർ എഡിസനോടു ചോദിച്ചു: ‘താങ്കളുടെ വിലയേറിയ കണ്ടുപിടിത്തമായ ബൾബ് കഴിഞ്ഞ ദിവസം ഇയാളുടെ കയ്യിൽനിന്നല്ലേ വീണു പൊട്ടിയത്? എന്നിട്ടും വീണ്ടും ഇദ്ദേഹത്തെത്തന്നെ അത് ഏൽപിച്ചത് എന്തുകൊണ്ടാണ്?’ എഡിസൻ പറഞ്ഞു: ‘ബൾബ് നിർമിക്കാൻ 48 മണിക്കൂർ മതി, പക്ഷേ, ഇദ്ദേഹത്തിന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയാൽ 48 വർഷം പിന്നിട്ടാലും അതു തിരികെയെത്തിക്കാൻ കഴിഞ്ഞെന്നു വരില്ല’. 

സഹപ്രവർത്തകരിലുള്ള വിശ്വാസത്തിന് ഇതിലേറെ മികച്ചൊരു ഉദാഹരണം അപൂർവമായിരിക്കും. ഉടമ തങ്ങളിൽ കാത്തുസൂക്ഷിക്കുന്ന വിശ്വാസമാണ് ഓരോ തൊഴിലാളിയുടെയും കരുത്ത്. പ്രവൃത്തിയിലൂടെ പരസ്പര വിശ്വാസം വളർത്തിയെടുക്കുക എന്നതാണു പ്രധാനം. നമുക്കു നമ്മെക്കുറിച്ചുള്ള വിശ്വാസം നിലനിർത്തിക്കൊണ്ടാണ് മറ്റുള്ളവരോടു നാം പ്രതികരിക്കേണ്ടത്. ‘തെറ്റുകൾ മനുഷ്യസഹജമാണ്. അതു പൊറുക്കുന്നതു ദൈവീകവും’ എന്ന പ്രശസ്തമായ വരികൾ നമുക്കോർക്കാം. 

വൈകാരിക പീഡനം അഥവാ ഇമോഷനൽ അബ്യൂസ് ഇന്നു പലയിടങ്ങളിലും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. മേലുദ്യോഗസ്ഥന്റെ ഇത്തരം പ്രവൃത്തികളുണ്ടാക്കുന്ന ഫലം ആത്മാർഥതയില്ലായ്മ, വിരസത, മടി, വെറുപ്പ് എന്നിവയൊക്കെ മാത്രമാണ്. അല്ലാതെ ജോലിയിലോ സ്ഥാപനത്തിലോ ഒരു മെച്ചവും ഈ ശൈലികൊണ്ട് ഉണ്ടാകാൻ പോകുന്നില്ല. ക്രിയാത്മകമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാകുകയാണു പ്രധാനം. അപ്പോൾ ജോലി ചെയ്യാൻ ഉത്സാഹം കൂടും, ഫലം ഇരട്ടിക്കും, ഓഫിസിലേക്കു പോകാൻ താൽപര്യം വർധിക്കും, ജീവനക്കാർ കൂടുതൽ സമയം ഓഫിസിൽ ചെലവിടാൻ ശ്രമിക്കും. 

മാജിക് അക്കാദമിയുടെ നേതൃത്വത്തിൽ കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്കിലുള്ള മാജിക് പ്ലാനറ്റിൽ നൂറ്റി അൻപതിലേറെപ്പേർ ജോലി ചെയ്യുന്നുണ്ട്. 2014 ൽ ആരംഭിച്ച ഈ സ്ഥാപനം ഇന്നു ട്രിപ് അഡ്വസറിലും മറ്റും സ്ഥിരമായി ഒന്നാം സ്ഥാനം അലങ്കരിക്കുന്നതിനു പിന്നിൽ ജീവനക്കാരുടെ ആത്മാർഥത മാത്രമാണ്. സന്ദർശകർ നിരന്തരം പ്രശംസിക്കുന്നതും ഇവിടത്തെ ജീവനക്കാരുടെ പെരുമാറ്റരീതിയെയാണ്. ഇവരാണ് ഈ സ്ഥാപനത്തിന്റെ പിൻബലം. 

പ്രശസ്ത പിന്നണി ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം ഒരിക്കൽ വേദിയിൽ പാടുന്നതിനിടയിൽ ഓടക്കുഴൽ വായനക്കാരനു തെറ്റു പറ്റി. ആ പാട്ടു പാടിത്തീർത്ത ശേഷം ഓടക്കുഴൽ വായനക്കാരന്റെ കഴിവിനെ പ്രശംസിച്ച എസ്പി പറഞ്ഞു: ‘ഈ വലിയ സദസ്സിനു മുന്നിൽ എന്റെ പാട്ടിന് നന്നായി ഓടക്കുഴൽ വായിക്കാൻ കഴിയാത്തതിലുള്ള ദുഃഖം അദ്ദേഹത്തിന്റെ മനസ്സിൽ എന്നുമുണ്ടാകും. അദ്ദേഹത്തിനുവേണ്ടി ഞാൻ ഒന്നുകൂടി പാടുകയാണ്. പിഴവുകളില്ലാതെ അദ്ദേഹം മനോഹരമായി ആ പാട്ടിന് ഓടക്കുഴൽ വായിക്കും’. അദ്ദേഹം വീണ്ടും ആ പാട്ടു പാടി.; അതേ ഓടക്കുഴലുകാരന്റെ അകമ്പടിയോടെ. 

ഓടക്കുഴൽ വാദകനു സംഭവിച്ച പിഴവിൽ രോഷം കൊള്ളാതെ, അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കി വീണ്ടും അവസരം കൊടുത്തപ്പോൾ എസ്പി ആദരിച്ചത് ആ കലാകാരനെ മാത്രമല്ല, സ്വയം തന്നെയാണ്. ആ വേദിയിൽ എസ്പിക്കും ഓടക്കുഴൽ വാദകനും ജനം കൊടുത്ത കയ്യടി എളിമയ്ക്കും സഹപ്രവർത്തകനോടുള്ള സ്‌നേഹത്തിനും കൊടുത്ത മഹത്തായ ബഹുമതി കൂടിയായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA