ADVERTISEMENT

സാമൂഹിക, മാനവിക വിഷയങ്ങൾ പഠിക്കാൻ രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനമായ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ (TISS-ടിസ്സ്) ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയായ ടിസ്സ്–നെറ്റി (നാഷനൽ എൻട്രൻസ് ടെസ്റ്റ്)ന് ഇനി രണ്ടാഴ്ച കൂടി. ജനുവരി 4നാണു പരീക്ഷ. ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ടിസ്സ് വിദ്യാർഥികൾ തന്നെ പറയുന്നു.  കൂടാതെ ഏപ്രിലിൽ നടക്കുന്ന ടിസ്സ്–ബാറ്റി (ബാച്‌ലേഴ്സ് അഡ്മിഷൻ‌ ടെസ്റ്റ്)നെപ്പറ്റിയും അറിയാം.

‘നെറ്റി’ൽ കുരുങ്ങാതിരിക്കാൻ

Gouri

ടിസ്സിനെക്കുറിച്ച് പറയുന്നു, ഹൈദരാബാദ് ക്യാംപസിലെ എംഎ റൂറൽ ഡവലപ്മെന്റ് ആൻഡ് ഗവേണൻസ് വിദ്യാർഥി ഗൗരി ഗോപാൽ 

നെറ്റ് ഇങ്ങനെ: ഒബ്ജക്ടീവ് ചോദ്യങ്ങൾ മാത്രമുള്ള ഓൺലൈൻ പരീക്ഷ. 100 മിനിറ്റിൽ ഉത്തരം നൽകേണ്ടതു പൊതുവിജ്ഞാനം, മാത്‌സ്, ലോജിക്കൽ റീസണിങ്, ഇംഗ്ലിഷ് എന്നിവയിൽ നിന്നായി 100 ചോദ്യങ്ങൾക്ക്. നേരിട്ടുള്ള ചോദ്യങ്ങളേക്കാൾ വിശകലന ശേഷി പരീക്ഷിക്കാവുന്ന ചോദ്യങ്ങളാവും. 

ശ്രദ്ധിക്കാൻ:  പൊതുവിജ്ഞാന വിഭാഗത്തിൽ കുറഞ്ഞത് 14 മാർക്ക് നിർബന്ധം. എന്നാൽ ഇംഗ്ലിഷ്, മാത്‌സ്, ലോജിക്കൽ റിസണിങ് വിഭാഗത്തിൽ ഈ നിബന്ധനയില്ല.  

നെറ്റ് ’ കടന്നാലും കടമ്പകൾ

Ansina

ടിസ്സ്–നെറ്റ് ഒരു പ്രാഥമിക യോഗ്യതാ പരീക്ഷ മാത്രമാണ്.  പ്രീ ഇന്റർവ്യു ടെസ്റ്റും ഇന്റർവ്യൂവുമുണ്ട്. പ്രീ ഇന്റർ‌വ്യൂ ടെസ്റ്റിലെയും ഇന്റർവ്യൂവിലേയും മാർക്കിന്റെ അടിസ്ഥാനത്തിലാണ് അന്തിമ റാങ്ക് പട്ടിക. അതേപ്പറ്റി ടിസ്സ് മുംബൈ ക്യാംപസിലെ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് വിദ്യാർഥി ഡോ. എച്ച്.അൻസിന

പ്രീ ഇന്റർവ്യൂ ടെസ്റ്റ് ഇങ്ങനെ: സമകാലിക വിഷയങ്ങളെപ്പറ്റി നാലോ അഞ്ചോ ചോദ്യങ്ങൾ നൽകി അതിൽ രണ്ടെണ്ണം വിശദീകരിച്ചെഴുതണം. ഇന്റർവ്യൂവിൽ അഭിരുചി വിലയിരുത്തുകയാണു ലക്ഷ്യം. നമ്മുടെ സാമൂഹിക, സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കാം.

ശ്രദ്ധിക്കാൻ: പ്രീ ഇന്റർവ്യൂ ടെസ്റ്റി‍ൽ ഭാഷയേക്കാളും നിലപാടുകളിലെ വ്യക്തത, വിഷയത്തിലെ അറിവ്, അവതരണത്തിലെ കൃത്യത, വ്യക്തത എന്നിവയ്ക്കാണു പ്രാധന്യം. 

‘ബാറ്റ് ’ വീശാൻ വഴിയിങ്ങനെ

Urmila

ബാറ്റിന്റെ തയാറെടുപ്പിനെക്കുറിച്് ടിസ്സ് ഹൈദരാബാദിലെ ഇന്റഗ്രേറ്റഡ് ബിഎ–എംഎ സോഷ്യൽ സയൻസസ് വിദ്യാർഥി ജെ.എസ്.ഊർമിള 

ബാറ്റ് ഇങ്ങനെ: പാർട്ട് 1 ഓൺലൈൻ ഒബ്ജക്ടീവ് പരീക്ഷയാണ്. പൊതുവിജ്ഞാനം, ഇംഗ്ലിഷ്, ലോജിക്കൽ റീസണിങ് എന്നിവയിൽ നിന്നായി 60 മാർക്കിന്റെ ചോദ്യങ്ങൾ. പാർട്ട് 2ൽ വിശദീകരിച്ചെഴുതേണ്ട 2 ചോദ്യങ്ങൾ (40 മാർക്ക്). ആകെ ഒന്നര മണിക്കൂറാണു സമയം. പൊതുവിജ്ഞാന ചോദ്യങ്ങളധികവും സമകാലിക സംഭവങ്ങളെക്കുറിച്ചാകും. ഇംഗ്ലിഷിൽ അടിസ്ഥാന കാര്യങ്ങളാണുണ്ടാവുക. മാത്‌സ്, ലോജിക്കൽ റീസണിങ് വിഭാഗത്തിൽ ചോദ്യങ്ങൾ അത്ര സങ്കീർണമാവില്ല. 

പാർട്ട് 2ലെ ചോദ്യങ്ങളും സമകാലിക സംഭവങ്ങളെപ്പറ്റി തന്നെ. നാലോ അഞ്ചോ ചോദ്യങ്ങൾ തന്നു രണ്ടെണ്ണത്തിന് ഉത്തരമെഴുതാനാണ് ആവശ്യപ്പെടുക. 

ശ്രദ്ധിക്കാൻ:  ബാറ്റിലെ 2 പാർട്ടിലും നിശ്ചിത ശതമാനം മാർക്കുണ്ടെങ്കിലേ യോഗ്യത നേടാനാവൂ. ഡിഗ്രി പ്രവേശനത്തിന് ബാറ്റ് എന്ന കടമ്പ മാത്രമേയുള്ളൂ, ഇന്റർവ്യൂ ഇല്ല.

മറക്കരുതേ ഈ 4 കാര്യങ്ങൾ

∙പത്ര/ആനുകാലിക വായന അത്യാവശ്യം. ഇയർബുക്കുകളും സഹായിക്കും. സമകാലിക വിഷയങ്ങളെക്കുറിച്ചു പത്രങ്ങളുടെ എഡിറ്റോറിയൽ പേജ്, ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവയിൽ വരുന്ന ലേഖനങ്ങൾ ശ്രദ്ധിച്ചു വായിക്കുന്നതു നല്ലതാണ്. 

∙2 പരീക്ഷകളിലും നെഗറ്റിവ് മാർക്കില്ല. അതിനാൽ ഒരു ചോദ്യവും വിട്ടുകളയരുത്.

∙മുൻവർഷ ചോദ്യക്കടലാസുകളും മോക്ടെസ്റ്റുകളും നെറ്റിലുണ്ട്. ഇവ ചെയ്തുനോക്കാൻ മറക്കരുത്. 

∙ ലോജിക്കൽ റീസണിങ് ചോദ്യങ്ങൾ എത്ര ചെയ്തുപഠിക്കുന്നുവോ, അത്രയും എളുപ്പമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com