ADVERTISEMENT

കണ്ടാൽ നാവിൽ വെള്ളമൂറുന്ന ഭക്ഷണസാധനങ്ങൾ ബേക്കറികളിലും ഹോട്ടലുകളിലും പ്രദർശനത്തിനു വച്ചിരിക്കുന്നതു കണ്ടിട്ടില്ലേ? പരസ്യങ്ങളിൽ കാണുന്ന ഭക്ഷണസാധനങ്ങൾക്ക് എന്ത് അഴകാണല്ലേ? അപ്പോൾത്തന്നെ വാങ്ങി കഴിക്കാൻ തോന്നും. ആളുകളെ ആകർഷിക്കാൻ ഭക്ഷണം ഇങ്ങനെ സുന്ദരമായി ഒരുക്കുന്നതാരാണ്? പ്രഫഷനൽ രംഗത്തു ‘ഫുഡ് സ്റ്റൈലിസ്റ്റുകൾ’ എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. സാധാരണ ബേക്കറികളിലും ഹോട്ടലുകളിലുമൊന്നും ഇങ്ങനെയൊരു തസ്തിക ഇല്ലെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും പരസ്യരംഗത്തും ഇവർ സജീവമാണ്.

‘ക്ലിക്ക്’ ആയേ പറ്റൂ
വിവാഹത്തിനു മുൻപ് വധൂവരന്മാരുടെ ‘സേവ് ദ് ഡേറ്റ്’ ചിത്രങ്ങളാണല്ലോ ഇപ്പോൾ ട്രെൻഡിങ്. സേവ് ദി ഡേറ്റിനായി ആളുകളെ ഒരുക്കുന്നതുപോലെ കഴിക്കുംമുൻപു ഭക്ഷണം ആകർഷണീയമായ രീതിയിൽ ഒരുക്കുക എന്നതാണു ഫുഡ് സ്റ്റൈലിസ്റ്റുകളുടെ ജോലി. പരസ്യങ്ങൾക്കായും മറ്റും ചിത്രമെടുക്കാൻ വേണ്ടിയാണു ഫുഡ് സ്റ്റൈലിസ്റ്റുകൾ പ്രധാനമായി ഭക്ഷണമൊരുക്കുന്നത്. ചിലപ്പോൾ അവർ തന്നെ ചിത്രമെടുക്കുകയും ചെയ്യാറുണ്ട്. ഭക്ഷണം തയാറാക്കാനുള്ള ചേരുവകൾ, തയാറാക്കുന്ന വിധം, ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി തുടങ്ങിയവ ഫുഡ് സ്റ്റൈലിസ്റ്റുകൾ അറിയണം. അടുത്ത തവണ മനോഹരമായ ഭക്ഷണം പരസ്യങ്ങളിൽ കാണുമ്പോൾ ഓർത്തോളൂ, ഒരു ഫുഡ് സ്റ്റൈലിസ്റ്റ് അതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. 

കാണാനാണു രുചി!  
ഭക്ഷണസാധനങ്ങൾ സ്വാദിഷ്ടമാണെന്നു തോന്നുന്ന രീതിയിൽ അവതരിപ്പിക്കാൻ ഫുഡ് സ്റ്റൈലിസ്റ്റുകൾ ചില ട്രിക്കുകളൊക്കെ ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് മാംസം നന്നായി വേവിച്ചാൽ കാണാൻ ഭംഗിയുണ്ടാകണമെന്നില്ല. അതുകൊണ്ടു പകുതി വേവിക്കും. ഭക്ഷണസാധനങ്ങൾക്കു തിളക്കം ലഭിക്കാൻ പെയിന്റ് അടിക്കുന്നവരുമുണ്ട്! രൂപഭംഗി കിട്ടാൻ ടൂത്ത്പിക്കുകൾ ഉപയോഗിച്ചു ഭക്ഷണം നേരെ നിർത്താറുണ്ട്. ചുരുക്കിപ്പറഞ്ഞാൽ കഴിക്കാനല്ല, കാണാനാണു ഫുഡ് സ്റ്റൈലിസ്റ്റുകൾ ഭക്ഷണമൊരുക്കുക. പരസ്യമേഖലയിലാണു ഫുഡ് സ്റ്റൈലിസ്റ്റുമാർക്കു ഡിമാൻഡ്. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയൊന്നുമില്ല. ഭക്ഷണത്തെക്കുറിച്ചു സാമാന്യവിവരം ഉണ്ടാകണമെന്നു മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com