ADVERTISEMENT

പുതുവർഷത്തിൽ പൊതുപരീക്ഷകൾക്കു കൂടുതൽ പ്രാമുഖ്യം നൽകുമ‌െന്നു പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ. ‘തൊഴിൽവീഥി’ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ചെയർമാൻ ഇക്കാര്യം വ്യക്തമാക്കിയത്. അഭിമുഖത്തിൽനിന്ന്: 

പൊതുപരീക്ഷകൾ കൊണ്ടുള്ള നേട്ടമെന്താണ്? 
സമാന യോഗ്യതയുള്ള തസ്തികകൾക്ക് പൊതുപരീക്ഷ എന്നതു പിഎസ്‌സിയുടെ പ്രഖ്യാപിത നയമാണെങ്കിലും കാര്യക്ഷമമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. 2020 ൽ ഇക്കാര്യം പൂർണതോതിൽ നടപ്പാക്കും. പൊതുപരീക്ഷകൾ പിഎസ്‌സിക്കു സാമ്പത്തികലാഭം ഉണ്ടാക്കുന്നതിനൊപ്പം ഉദ്യോഗാർഥികൾക്കും പ്രയോജനപ്രദമാണ്. വ്യത്യസ്ത വിജ്ഞാപനങ്ങൾ പ്രകാരമുള്ള പരീക്ഷകൾ പലപ്പോഴായി എഴുതുന്നതിനു പകരം ഒറ്റ പരീക്ഷ എഴുതി പല റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുക. തിരഞ്ഞെടുപ്പു നടപടികൾ കൂടുതൽ സുഗമമായും വേഗത്തിലും പൂർത്തിയാക്കാൻ ഈ പരിഷ്കാരം വഴിവയ്ക്കും. 

ഉദ്യോഗാർഥികൾക്ക് ഇക്കാര്യത്തിൽ വ്യക്തതക്കുറവുണ്ടാകാം. വിശദീകരിക്കാമോ? 
ഉദാഹരണമായി എൽഡി ടൈപ്പിസ്റ്റ് (കംപ്യൂട്ടർ അസിസ്റ്റന്റ്) തസ്തികയുടെ ധാരാളം വിജ്ഞാപനങ്ങൾ പിഎസ്‌സി പ്രസിദ്ധീകരിക്കാറുണ്ട്. വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ്, സെക്രട്ടേറിയറ്റ്/പിഎസ്‌സി തുടങ്ങിയവയിൽ ടൈപ്പിസ്റ്റ്, സർവകലാശാലകളിൽ ടൈപ്പിസ്റ്റ്, കമ്പനി/കോർപറേഷൻ/ബോർഡുകളിൽ ടൈപ്പിസ്റ്റ് തുടങ്ങിയവയാണ് ഇവയിൽ പ്രധാനം. ഇനി ഇവയ്ക്കെല്ലാംകൂടി ഒറ്റ പരീക്ഷയായിരിക്കും നടത്തുക. വ്യത്യസ്ത വകുപ്പുകളിലെ മെഡിക്കൽ ഓഫിസർ, അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് തുടങ്ങിയ തസ്തികകളിലേക്കും പൊതുപരീക്ഷകൾ നടത്തും.

വിവരണാത്മക പരീക്ഷാ നടത്തിപ്പിലെ പരിഷ്കാരങ്ങൾ എത്രത്തോളമായി? 
വിവിധ വിഷയങ്ങളിൽ കോളജ് അധ്യാപക തസ്തികയിലേക്കുള്ള വിജ്ഞാപനം പിഎസ്‌സി ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളജ് അധ്യാപക തസ്തികയിൽ ഒബ്ജക്ടീവ് രീതിയിലുള്ള പരീക്ഷയാണ് നടത്തിയിരുന്നത്. കഴിഞ്ഞ തവണ ഭാഷാ വിഷയങ്ങൾക്കെങ്കിലും വിവരണാത്മക പരീക്ഷ നടത്താൻ ആലോചിച്ചിരുന്നെങ്കിലും പിന്നീടു വേണ്ടെന്നു വയ്ക്കുകയായിരുന്നു. എന്നാൽ, ഇനി വിവരണാത്മക പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. വിവരണാത്മക പരീക്ഷ നടത്താനുള്ള പ്രധാന തടസ്സമായി ചൂണ്ടിക്കാട്ടിയിരുന്നത് തിരഞ്ഞെടുപ്പു നടപടികൾ യഥാസമയം പൂർത്തിയാക്കാൻ കഴിയില്ലെന്നതായിരുന്നു. എന്നാൽ, ഓൺസ്ക്രീൻ മാർക്കിങ് ഉൾപ്പെടെയുള്ള പരിഷ്കാരം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ പരീക്ഷാഫലം വേഗത്തിൽ പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. കോളജ് അധ്യാപക തസ്തിക മുതൽ മുകളിലേക്കുള്ള എല്ലാ തസ്തികകൾക്കും വിവരണാത്മക പരീക്ഷ നടത്താനാണു തീരുമാനം. എല്ലാ സാഹചര്യങ്ങളും പരിശോധിച്ച ശേഷമായിരിക്കും പരിഷ്കാരം പൂർണതോതിൽ നടപ്പാക്കുക. 

അടുത്തിടെയായി വിജ്ഞാപനങ്ങൾ കൂട്ടത്തോടെ വരികയാണ്. നിയമനങ്ങൾക്കും ഈ വേഗം വരുമോ? 
വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ പിഎസ്‌സി അലംഭാവം കാട്ടുന്നു എന്ന വിമർശനത്തിനു പരിഹാരം കണ്ടിട്ടുണ്ട്. സുപ്രധാന തസ്തികയായ കെഎഎസ്, എൽഡിസി, കോളജ് അധ്യാപകർ എന്നിവ ഉൾപ്പെടെ നാനൂറോളം വിജ്ഞാപനങ്ങൾ ഈ വർഷം ഇതുവരെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇരുനൂറോളം വിജ്ഞാപനങ്ങൾകൂടി പ്രസിദ്ധീകരിക്കാൻ കമ്മിഷൻ അനുവാദം നൽകിയിട്ടുണ്ട്. ഡിസംബർ അവസാനത്തോടെ ഈ വിജ്ഞാപനങ്ങളും പ്രസിദ്ധീകരിക്കും. അടുത്ത വർഷം ഇവയുടെയൊക്കെ പരീക്ഷ നടത്തിത്തീർക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് പിഎസ്‌സിക്കു മുന്നിലുള്ളത്. അതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. 

കെഎഎസ് റാങ്ക് ലിസ്റ്റ് എപ്പോഴേക്കുണ്ടാകും? 
കെഎഎസ് പരീക്ഷ ഫെബ്രുവരി 22 നു നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്. പരീക്ഷാ നടത്തിപ്പിന് സർക്കാർ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒബ്ജക്ടീവ് പരീക്ഷയ്ക്കു ശേഷം വിവരണാത്മക പരീക്ഷ, ഇന്റർവ്യൂ എന്നിവകൂടി നടത്തിയ ശേഷമാണു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടത്. 2020 നവംബർ ഒന്നിനു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കത്തക്ക രീതിയിലാണ് കെഎഎസ് തിരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. 

നിയമനങ്ങൾ സമയത്തിനു നടക്കാത്ത പ്രശ്നം പിഎസ്‍സിയിലുമുണ്ടെന്നു കേൾക്കുന്നു... 
ജോലിഭാരത്തിനനുസരിച്ചു ജീവനക്കാരില്ലാത്തത് പിഎസ്‌സിക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ആസ്ഥാന ഓഫിസിനു പുറമേ മൂന്നു മേഖലാ ഓഫിസുകൾ, 14 ജില്ലാ ഓഫിസുകൾ എന്നിവയാണ് പിഎസ്‌സിക്കുള്ളത്. ഇവയിലെല്ലാംകൂടി 1,650 ജീവനക്കാർ മാത്രമാണുള്ളത്. ജോലിയുടെ തോതനുസരിച്ച് ഇത്രയും ജീവനക്കാർ പോരാ എന്നുള്ളത് യാഥാർഥ്യമാണ്. മറ്റു സംസ്ഥാന പിഎസ്‌സികൾ ഏതാനും ഉന്നത തസ്തികയിലേക്കു മാത്രം തിരഞ്ഞെടുപ്പു നടത്തുമ്പോൾ ലാസ്റ്റ് ഗ്രേഡ് മുതൽ കെഎഎസ് വരെ നൂറുകണക്കിനു തസ്തികയിലേക്കാണു കേരള പിഎസ്‌സി തിരഞ്ഞെടുപ്പു നടത്തുന്നത്. സർക്കാർ വകുപ്പുകൾക്കു പുറമെ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പും പിഎസ്‌സിയാണു നടത്തുന്നത്. തിരഞ്ഞെടുപ്പു നടപടികൾ യഥാസമയം പൂർത്തിയാക്കാൻ കഴിയാതെ പോകുന്നതിനു പിന്നിൽ ജീവനക്കാരുടെ കുറവ് പ്രധാന ഘടകമാണ്. സർക്കാർ ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്നാണു പ്രതീക്ഷ. 

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും. സന്ദർശിക്കൂ" https://www.manoramahorizon.com/test-centre/kas-package-list/ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com