ADVERTISEMENT

സ്വയംതൊഴിൽ സംരംഭം തുടങ്ങാൻ എന്തൊക്കെ നൂലാമാലകളാണെന്നു വിചാരിച്ച് ആ വഴി തിരഞ്ഞെടുക്കാത്ത ധാരാളം പേരുണ്ട്. എന്നാൽ അറിയുക, കേരളത്തിൽ സംരംഭങ്ങൾ തുടങ്ങാനുള്ള നടപടികൾ കൂടുതൽ ലളിതമാവുകയാണ്. 

ലൈസൻസുകൾ നേടിയ ശേഷം സംരംഭം തുടങ്ങാൻ ഇപ്പോൾ കാത്തിരിക്കേണ്ടതില്ല. മുൻകൂർ ലൈസൻസുകൾ എടുക്കാതെ സംരംഭം ആരംഭിക്കാൻ കഴിയുന്ന 2019 ലെ കേരള സൂക്ഷ്മ–ചെറുകിട–ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ബിൽ നിയമസഭയിൽ അവതരിപ്പിക്കുകയും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ലൈസൻസൊന്നും എടുക്കാതെ സംരംഭം തുടങ്ങാനും 3 വർഷത്തേക്കു നടത്താനുമുള്ള സാഹചര്യമാണു സംസ്ഥാന സർക്കാർ ഒരുക്കുന്നത്. എന്നാൽ, 3 വർഷം കഴിഞ്ഞ് 6 മാസത്തിനകം എല്ലാ ലൈസൻസുകളും നേടിയിരിക്കണം. 10 കോടി രൂപയിൽ താഴെ നിക്ഷേപമുള്ള സംരംഭങ്ങൾക്കു മാത്രമാണ് ഈ സൗകര്യം ലഭിക്കുക. 

നടപടിക്രമങ്ങൾ ഇങ്ങനെ 

∙സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നയാൾ നിശ്ചിത ഫോമിൽ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷ നൽകണം. 

∙ഏകജാലക ക്ലിയറൻസ് ബോർഡ് ആക്ട് പ്രകാരം ജില്ലാ ബോർഡ് ആണു നോഡൽ ഏജൻസി. ഈ ബോർഡിനാണ് അപേക്ഷ നൽകേണ്ടത്. കലക്ടറാണ് ബോർഡിന്റെ അധ്യക്ഷൻ. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ കൺവീനറും. 

∙സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കാറ്റഗറി അനുസരിച്ച് റെഡ് (Red) വിഭാഗത്തിൽ വരാത്ത സംരംഭങ്ങളേ പരിഗണിക്കൂ. white, green, orange, red എന്നിങ്ങനെ മലിനീകരണത്തോത് അനുസരിച്ച് സംരംഭങ്ങളെ തരംതിരിച്ചിട്ടുണ്ട്. 

∙പൂർണ അപേക്ഷ ലഭിച്ചാൽ നിശ്ചിത ഫോമിൽ കൈപ്പറ്റ് രസീത് നൽകും. 

∙ഈ രസീത് ലഭിച്ചാൽ പിറ്റേന്നുതന്നെ സംരംഭം തുടങ്ങാം. 3 വർഷമാണ് ഇതിന്റെ കാലാവധി. 

∙കാലാവധി അവസാനിച്ച് 6 മാസത്തിനകം നിയമപരമായി എടുക്കേണ്ട എല്ലാ ലൈസൻസുകളും ക്ലിയറൻസുകളും എടുത്തിരിക്കണം. 

∙സാക്ഷ്യപത്രത്തിലെ നിബന്ധനകൾ ലംഘിച്ചാൽ 5 ലക്ഷം രൂപ വരെയാണു പിഴ. 

∙നോഡൽ ഏജൻസിയുടെ തീരുമാനത്തിനെതിരെ സംസ്ഥാന ഏകജാലക ക്ലിയറൻസ് ബോർഡിന് അപ്പീൽ നൽകാവുന്നതാണ്. അതു 30 ദിവസത്തിനകം തീർക്കണമെന്നും ചട്ടമുണ്ട്. 

പാലിക്കണം, നിയമങ്ങൾ 

കേരള നെൽവയൽ–തണ്ണീർത്തട സംരക്ഷണ നിയമം, കേരള നഗര–ഗ്രാമ ആസൂത്രണ നിയമം (മാസ്റ്റർ പ്ലാൻ പ്രാബല്യത്തിലുള്ള പ്രദേശങ്ങൾ), ഏതെങ്കിലും പ്രത്യേകമായ കേന്ദ്ര നിയമങ്ങൾ എന്നിവ അനുസരിക്കാൻ സംരംഭകർ ബാധ്യസ്ഥരാണ്. ഇത്തരം നിയമങ്ങൾ ലംഘിച്ചുകൊണ്ടു സംരംഭം തുടങ്ങാൻ അനുവദിക്കില്ല. 

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ടി. എസ്. ചന്ദ്രൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com