sections
MORE

ഇന്ന് പെൺമക്കളുള്ള മിക്ക അച്ഛൻമാരുടെയും ഉള്ളിൽ തീയാണ്; കാരണം...

Teenage_Girl
SHARE

വയനാട് വെള്ളമുണ്ടയിൽ ഒരു ചടങ്ങു കഴിഞ്ഞ് മടങ്ങുകയായിരുന്നു ഞാൻ. ബാക്ക് സ്റ്റേജിൽ ഒരച്ഛൻ കാണാൻ കാത്തുനിന്നിരുന്നു. സംസാരത്തിനിടയിൽ വിറയാർന്ന ചുണ്ടുകളോട അദ്ദേഹം പറഞ്ഞു: ‘സാർ, മൂന്നു പെൺമക്കളുള്ള ഒരച്ഛനാണു ഞാൻ. എന്റെ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു’. മക്കളുടെ പ്രായവും ചിന്തകളുമായിരുന്നു അദ്ദേഹത്തിന്റെ ആധിക്കു പിന്നിൽ. 

പല പ്രായത്തിൽ സ്നേഹത്തിന്റെ പല തലങ്ങളിലൂടെ കടന്നുപോകുന്നവരാണു നമ്മളൊക്കെ. അതൊക്കെ അതതു കാലത്തിന്റെ സൗന്ദര്യം കൂടിയാണ്. പക്ഷേ, ഓരോ സ്നേഹത്തെയും അതിരുകടന്ന നിലയിലേക്കു വളർത്തുന്ന ചിലരുണ്ട്. ഒടുവിൽ ബന്ധങ്ങളെ പിച്ചിയെറിഞ്ഞ് പരസ്പരം അവസാനിപ്പിക്കുന്നവർ! എന്നോടു സംസാരിച്ച അച്ഛന്റെ ആകുലത ഇതൊക്കെയായിരുന്നു. ഇത് ആ അച്ഛന്റെ മാത്രം വ്യഥയല്ല. ഇന്നത്തെ സാഹചര്യത്തിൽ പെൺമക്കളുള്ള എല്ലാ അച്ഛൻമാരുടെയും ഉള്ളിലെ തീതന്നെയാണ്. 

ഓഷോ പറഞ്ഞിട്ടില്ലേ, ‘പ്രണയം ഒരു ബിസിനസല്ല. അതിനാൽ കച്ചവട മനഃസ്ഥിതി അവസാനിപ്പിക്കുക. അല്ലെങ്കിൽ നിങ്ങളുടെ ജീവിതം നഷ്ടമാകും. പ്രേമം നഷ്ടമാകും, മനോഹരമായതെല്ലാം നഷ്ടമാകും’. 

സ്‌നേഹിക്കുക സ്‌നേഹിക്കപ്പെടുക, ബഹുമാനിക്കുക ബഹുമാനിക്കപ്പെടുക, ആദരിക്കുക ആദരിക്കപ്പെടുക, അംഗീകരിക്കുക അംഗീകരിക്കപ്പെടുക... ഇവ പരസ്പരം സാധ്യമാക്കിയാൽ ബന്ധങ്ങളെ അതിമനോഹരമായി നിലനിർത്താൻ കഴിയും. സൗഹൃദം വളർന്നുവളർന്ന് അതിരുവിട്ട പൊസസീവ്‌നെസ് ആകുമ്പോൾ, അതു നമ്മെ ഭരിക്കുന്ന തലത്തിലെത്തുമ്പോൾ, എന്റേതു മാത്രമെന്ന ചിന്ത വളരുന്നു. പ്രണയിക്കുന്നയാൾ ഞാൻ പറയുന്നതേ കേൾക്കാവൂ, എന്റെ ഇഷ്ടം പോലെയെ പ്രവർത്തിക്കാവൂ എന്ന നിർബന്ധത്തിൽ ബന്ധങ്ങൾ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നു. പിടിച്ചുവാങ്ങിയാൽ നിലനിൽക്കുന്നതാണോ ബന്ധങ്ങൾ?  ഓരോ വ്യക്തിക്കും അവരവരുടേതായ വ്യക്തിത്വങ്ങളുണ്ട്. ആ വ്യക്തിത്വങ്ങളെ മാനിച്ചുകൊണ്ടു ബന്ധങ്ങൾ ശക്തമാക്കുകയാണു വേണ്ടത്. 

ബൗദ്ധികതലത്തിലും ചിന്താശേഷിയിലുമൊക്കെ ഏറെ മുൻപന്തിയിലാണ് ഇന്നത്തെ യുവതലമുറ. പക്ഷേ, പ്രണയബന്ധങ്ങളുടെ പേരിൽ പരസ്പരം നഷ്ടപ്പെടുത്താനുള്ള മാനസികാരോഗ്യമേ ഇവർക്കുള്ളോ എന്നു തോന്നിപ്പിക്കുന്നതാണു പല സംഭവങ്ങളും. 

ഇഷ്ടമുള്ളയാളുമായി അടുപ്പം സൂക്ഷിക്കാൻ കഴിയുന്നതുപോലെ, ചേർച്ചയില്ലാത്ത സുഹൃത്തിൽനിന്ന് അകലം പാലിക്കാനുള്ള മനസ്സും പ്രായമേറുംതോറും കെട്ടിപ്പടുക്കാൻ സാധിക്കണം. വ്യക്തിത്വത്തിലേക്കുള്ള അധിനിവേശം ബന്ധങ്ങളെ വികൃതമാക്കുകയേയുള്ളൂ. വളർച്ചയുടെ ഓരോ ഘട്ടത്തിലും നിങ്ങളെ നോക്കി കണ്ണുംനട്ടിരിക്കുന്ന അച്ഛനമ്മമാരുടെ കണ്ണുകളെ കണ്ണീർച്ചാലുകളാക്കാതിരിക്കാനുള്ള ഉത്തരവാദിത്തം ഓരോ മക്കൾക്കുമുണ്ട്. കത്തിയമരുന്നവരും തീകൊളുത്തുന്നവരും അതിനു മുൻപ് ഒരു നിമിഷം ഇത്രമാത്രം ഓർമിക്കുകയേ വേണ്ടൂ. ആ തീനാളങ്ങളേക്കാൾ ഉജ്വലമായി ജീവിതമെന്ന പരമസൗന്ദര്യത്തെ പ്രഭയോടെ നിലനിർത്തേണ്ടത് നമ്മളാണ്, നമ്മൾ മാത്രം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA