ADVERTISEMENT

കാട്ടിൽ മേയാൻ പോയ പശു ഞെട്ടി. അതാ തന്റെ നേർക്കു പാഞ്ഞുവരുന്ന സിംഹം. ഒട്ടും പ്രതീക്ഷിച്ചതല്ല. ഓടി രക്ഷപെടാൻ ശ്രമിക്കുകയല്ലാതെ വഴിയില്ല. അവൻ എന്നെ പിടികൂടി കൂർത്ത നഖങ്ങൾ എന്റെ മാംസത്തിലിറക്കി രസിച്ചു കൊന്നു തിന്നുമെന്ന് തീർച്ച. എങ്കിലും ഓടി നോക്കാം. ഓടുമ്പോൾ അതാ മുന്നിൽ കുളം. അതിൽ ചാടിയാൽ രക്ഷ പെട്ടെങ്കിലോ? 

അവൾ ചാടി. വെള്ളം കുറവ്. പക്ഷേ ആഴത്തിൽ ചേറ്. വയർവരെ താണു. കുതിച്ചു പിന്നാലേ വന്ന സിംഹവും ചാടി. അവനും പൂണ്ടൂ ചേറിൽ. ആഹാരം തേടിയോടിവന്നതാണ്. ചേറിൽ കുടുങ്ങി. ഓരോ കാലും വലിച്ചുപൊക്കുമ്പോഴും മറ്റു മൂന്നും കൂടുതൽ താഴുന്നു. പശു അതുകണ്ട് അമർത്തിച്ചിരിച്ചു. തന്റെ ഗതി തന്നെ വീരശൂരപരാക്രമിയായ സിംഹത്തിനും. ക്രമേണ മൃഗങ്ങൾ രണ്ടും കഴുത്തുവരെ താണു. ഇനിയും താണ് ജീവൻ പോകുമോയെന്ന് ഇരുവർക്കും ഭയം.

ആ കിടപ്പിലും സിംഹം അലറി, ‘‘നിന്റെ എല്ലുകൾ കറുമുറാ ചവയ്ക്കുന്ന ശബ്ദം കേട്ട് ഞാൻ ആനന്ദിക്കും. രക്ഷപെടാമെന്ന് നീ സ്വപ്നം കാണേണ്ട.’’

പശു ചോദിച്ചു, ‘‘അതിരിക്കട്ടെ. സിംഹച്ചേട്ടന് യജമാനനുണ്ടോ?’’

‘‘എനിക്കോ? യജമാനനോ? ഞാനാരെന്നാ നീ വിചാരിച്ചത്? വിഡ്ഢി! എന്റെ യജമാനൻ ഞാൻ തന്നെ. എന്നെ ഭരിക്കാൻ കഴിവുള്ള ആരും ഈ ഭൂമുഖത്തില്ല.’’

‘‘എന്തിനാ ചേട്ടാ, ഈ പൊങ്ങച്ചംപറച്ചിൽ? ചേട്ടൻ കാട്ടിലെ രാജാവായിരിക്കാം. പക്ഷേ ഇപ്പോൾ ഈ ചേറിൽ നിന്ന് ഊരിപ്പോരാൻ അശേഷം കഴിവില്ല. എനിക്കില്ലാത്ത ശക്തിയുമില്ല ചേട്ടന്.’’

‘‘നിന്റെ മഹിമയൊന്നു കേൾക്കണ്ട. ചെളിയിൽ മുങ്ങിച്ചാകാൻ പോകുന്ന കാലിപ്പെണ്ണ്’’

ചെറുപുഞ്ചിരിയോടെ പശു: ‘‘ഞാനങ്ങനെ ചാകാൻ പോകുന്നില്ല.’’

‘‘അതെങ്ങനാടീ? കാനനരാജാവായ എനിക്കു രക്ഷപെടാനാവാത്തപ്പോൾ, വെറും പശുവായ നീ രക്ഷപെടുകയോ? ഹ!ഹ!ഹ! നല്ല തമാശ.’’

‘‘എനിക്കു തനിയേ രക്ഷപെടാൻ കഴിവില്ല. പക്ഷേ എന്റെ യജമാനന് എന്നെ രക്ഷിക്കാനാവും. സന്ധ്യകഴിഞ്ഞും എന്നെ കണ്ടില്ലെങ്കിൽ, അദ്ദേഹം എന്നെത്തേടിയിറങ്ങും. ഇവിടെയും വരും. എന്നെ പൊക്കിയെടുത്തു വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകും. സന്തോഷം നിറഞ്ഞ വീട്ടിലേക്ക്.’’

സിംഹം പശുവിനെ അസൂയയോടെ നോക്കി. അവളുടെ യജമാനൻ അവളെ രക്ഷിക്കും. എന്നെ രക്ഷിക്കാൻ ആരുമില്ല. പറഞ്ഞതുപോലെ പശുവിന്റെ ഉടമ വന്ന് അതിനെ കരകയറ്റി,  കൂട്ടിക്കൊണ്ടു പോയി. സിംഹം ചേർക്കുളത്തിന്റെ ആഴങ്ങളിലേക്കു താണുതാണു പോയി.

ഇക്കഥയിലെ സിംഹം അഹങ്കാരം നിറഞ്ഞ മനസ്സ്. പശു സമർപ്പിത ചേതസ്സ്. യജമാനൻ ഗുരു. ചേർക്കുളം നാം ജീവിക്കുന്ന ലോകം. പശുവിന്റെ പിന്നാലെ സിംഹത്തിന്റെ ഓട്ടം ജീവിതസമരം.

ജീവിതത്തിൽ വഴികാട്ടിയുണ്ടാകുന്നത് നമുക്കു ഗുണകരമാണ്. എല്ലാം സ്വയം അഭ്യസിക്കുന്ന ഏകലവ്യന്മാരാകാൻ എല്ലാ  ഘട്ടങ്ങളിലും കഴിയുമോ? ശിശുക്കളുടെ കാര്യം നോക്കുക. പരസഹായം കൂടാതെ സ്വപ്രയത്നം കൊണ്ടു മാത്രം ഈ നിലയിലെത്തിയവനാണെന്നു വീമ്പിളക്കുന്നവരും കടന്നുപോന്ന ഘട്ടമാണ് ശൈശവം.  ആർക്കും സ്വയംസൃഷ്ടിക്കാനാവില്ല. ഏതു പ്രായോഗികകൃത്യത്തിൽ പ്രാവീണ്യം നേടാനും ഗുരുസഹായം വേണം. ഗുരു മാതൃക കാട്ടിത്തരുന്നു. അമ്മയും അച്ഛനും ഗുരുക്കന്മാർ തന്നെ.

കത്തുന്ന തിരിയില്ലാതെ ഒരു തിരികൊളുത്താനാവുമോ? ചെറിയ കുട്ടികൾ തെരുതെരെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും. സമാധാനം പറയാൻ ഗുരു വേണ്ടേ? കുട്ടിയെപ്പോലെ ചോദിച്ച്, മുതിർന്നയാളെപ്പോലെ യുക്തിപൂർവം ചിന്തിക്കുന്നവരാവും വിജയം കൈവരിക്കുക. ഇക്കാലത്ത് ഒരു ഗുരു പോരാ. പല കാര്യങ്ങൾക്കുമായി പല ഗുരുക്കന്മാരും വേണം. ശിഷ്യൻ വേണ്ടത്ര പഠിച്ചു കഴിഞ്ഞാൽ ഗുരു അയാളെ സ്വതന്ത്രനായി വിടണമെന്ന്  വിവേകാനന്ദസ്വാമി.

തുർക്കി സാഹിത്യകാരൻ മെഹമെത് മൂറത് ഇൽഡാൻ : ‘‘ഗുരുവില്ലെങ്കിൽ ഒരു ഗുരുവിനെ കണ്ടെത്തുക. ഗുരുക്കന്മാരെ കൂടെക്കൂടെ മാറുക. മഹാസാഗരത്തിന്റെ വിവേകത്തിനു കാരണം, പല  കപ്പലുകളെയും പല മത്സ്യങ്ങളെയും പല കൊടുങ്കാറ്റുകളെയും പല തിരമാലകളെയും മനസ്സിലാക്കിയതത്രേ.’’

അന്ധരെ നയിക്കുന്ന അന്ധനെപ്പോലുള്ള ഗുരുക്കന്മാരെ കരുതലോടെ കാണണമെന്ന സൂചന കഠോപനിഷത്തിലുണ്ട് (1:2:5). 

എന്നെ ഭരിക്കാൻ കഴിവുള്ള ആരും ഈ ഭൂമുഖത്തില്ലെന്നു കരുതുന്ന സിംഹത്തെപ്പോലെയാകാതിരിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com