ADVERTISEMENT

പുതുവർഷം പിഎസ്‌സിക്ക് പരീക്ഷക്കാലം. 2020ൽ വമ്പൻ തസ്തികകളിലേക്കുള്ള പരീക്ഷകൾ നടത്താനുള്ള ഒരുക്കത്തിലാണ് പിഎസ്‌സി.  

എൽഡിസി, ലാസ്റ്റ് ഗ്രേഡ്, കെഎഎസ്, കോളജ് അധ്യാപകർ, എൽപി/യുപി ടീച്ചർ എന്നിവ ഉൾപ്പെടെ വിവിധ തസ്തികകളിലായി ഏകദേശം 50 ലക്ഷത്തിലധികം അപേക്ഷകർക്ക് പരീക്ഷ നടത്തേണ്ട  ശ്രമകരമായ ജോലിയാണ് പിഎസ്‌സിയെ കാത്തിരിക്കുന്നത്.  കോളജ് അധ്യാപക തസ്തിക മുതൽ മുകളിലേക്കുള്ളവയിൽ വിവരണാത്മക പരീക്ഷ നടത്തുമെന്ന് പിഎസ്‌സി പ്രഖ്യാപിച്ചു കഴിഞ്ഞു. 

സമാന തസ്തികകളിൽ പൊതുപരീക്ഷ നടത്താനും തീരുമാനിച്ചിട്ടുണ്ട്. പരമാവധി പരീക്ഷകളും അടുത്തവർഷം തന്നെ പൂർത്തിയാക്കാനാണ് തീരുമാനം. 

2020ൽ നടത്തുന്ന പ്രധാന പരീക്ഷകൾ 

∙ICDS സൂപ്പർവൈസർ

2020ൽ നടക്കുന്ന ആദ്യ വലിയ പരീക്ഷ വനിതാ ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസറുടേതാണ്. ജനുവരി 4ന് 10.30 മുതൽ 12.15 വരെയാണ് പരീക്ഷ. 17,332 പേരാണ് അപേക്ഷ നൽകിയിട്ടുള്ളത്. 

∙കംപ്യൂട്ടർ അസിസ്റ്റന്റ്

സർവകലാശാലകളിലേക്കും സെക്രട്ടേറിയറ്റ്/ പിഎസ്‌സി തുടങ്ങിയവയിലേക്കുമുള്ള കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് പരീക്ഷ ജനുവരി 11 നു 10.30 മുതൽ 12.15 വരെ നടക്കും.രണ്ടു തസ്തികയ്ക്കും പൊതുപരീക്ഷയാണ് നടത്തുക. സർവകലാശാലകളിലേക്കു 30,577 പേരും സെക്രട്ടേറിയറ്റ്/ പിഎസ്‌സി തുടങ്ങിയവയിൽ 33,941 പേരും അപേക്ഷിച്ചിട്ടുണ്ട്.  

∙ജൂനിയർ ഇൻസ്പെക്ടർ

സഹകരണ വകുപ്പിൽ ജൂനിയർ കോ–ഒാപ്പറേറ്റീവ് ഇൻസ്പെക്ടർ (നേരിട്ടും തസ്തികമാറ്റം വഴിയും) പരീക്ഷ ഫെബ്രുവരി ഒന്നിനാണ്.  കൺസ്യൂമർഫെഡിൽ മാനേജർ ഗ്രേഡ് രണ്ട് (സൊസൈറ്റി വിഭാഗവും എൻസിഎ–ഈഴവയും), അപ്പക്സ് കോ–ഒാപ്പറേറ്റീവ് സൊസൈറ്റികളിൽ മാനേജർ ഗ്രേഡ് രണ്ട് (നേരിട്ടും എൻസിഎ–ഈഴവയും) പരീക്ഷകളും ഇതോടൊപ്പം നടത്തും. 80,515 പേരാണ് ജൂനിയർ ഇൻസ്െപക്ടർ തസ്തികയിൽ അപേക്ഷ നൽകിയിട്ടുള്ളത്. 

∙കെഎഎസ്

2020ലെ ഏറ്റവും സുപ്രധാന പരീക്ഷകളിലൊന്ന്. ഫെബ്രുവരി 22നാണ് പ്രിലിമിനറി  പരീക്ഷ.  100 മാർക്ക് വീതമുളള രണ്ടു പേപ്പറുകളാണ് പ്രിലിമിനറി പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ നിശ്ചിത മാർക്ക് വാങ്ങുന്നവർക്ക് വിവരണാത്മക മെയിൻ പരീക്ഷ നടത്തും. ഇതിൽ വിജയിക്കുന്നവർക്ക് ഇന്റർവ്യൂകൂടി നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 2020 നവംബർ ഒന്നിന് കെഎഎസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നാണ് പിഎസ്‌സി വ്യക്തമാക്കിയിട്ടുള്ളത്. മൂന്നു സ്ട്രീമുകളിലായി 5,76,243 പേർ അപേക്ഷ നൽകിയിട്ടുണ്ട്. 

∙എൽഡിസി

വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് പരീക്ഷ  ജൂണിനുശേഷം നടത്തുമെന്നാണ് പിഎസ്‌സിയിൽ നിന്ന്  ലഭിക്കുന്ന വിവരം. 14 ജില്ലകളിലുമായി 17,58,338 പേരാണ് അപേക്ഷ നൽകിയിട്ടുള്ളത്. 10 ജില്ലകളിൽ ഒരു ലക്ഷത്തിലധികം പേർ അപേക്ഷ നൽകിയിട്ടുണ്ട്. നിലവിലുള്ള എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകൾ അവസാനിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം (02–04–2021) പുതിയ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കും. പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, കേരള നവോത്ഥാനം, ജനറൽ ഇംഗ്ലിഷ്, ഗണിതം, മാനസികശേഷി പരിശോധന, പ്രാദേശികഭാഷ (മലയാളം/തമിഴ്/കന്നട) എന്നീ വിഷയങ്ങളാവും സിലബസിൽ ഉൾപ്പെടുത്തുക. 

∙കോളജ് അധ്യാപകർ

വിവിധ വിഷയങ്ങളിൽ കോളജ് അധ്യാപക തസ്തികയിലേക്കുള്ള വിജ്ഞാപനവും പിഎസ്‌സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2020 ജനുവരി 15 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. കോളജ് അധ്യാപക തസ്തികയിലേക്ക് വിവരണാത്മക പരീക്ഷ നടത്തുമെന്നാണ് പിഎസ്‌സി പ്രഖ്യാപിച്ചിട്ടുള്ളത്. ജൂണിനു ശേഷമേ പരീക്ഷയ്ക്കു സാധ്യതയുള്ളൂ.  സിലബസ് പിഎസ്‌സിയുടെ സൈറ്റിൽ ലഭ്യമാണ്. 

∙ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്

വിവിധ വകുപ്പുകളിൽ LGS തസ്തികയിലേക്കുള്ള വിജ്ഞാപനം ഉടൻ  പ്രസിദ്ധീകരിക്കും. ഏഴാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. എന്നാൽ ബിരുദധാരികൾ അപേക്ഷിക്കാൻ പാടില്ല. 10 ലക്ഷം പേർ ഈ തസ്തികയിൽ അപേക്ഷിക്കുമെന്ന് കണക്കാക്കുന്നു. കഴിഞ്ഞ തവണ 8,54,811 പേരാണ് അപേക്ഷ നൽകിയത്. 

2020 അവസാനത്തോടെ മാത്രമേ ഈ തസ്തികയിലേക്ക് പരീക്ഷ നടക്കൂ. പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, കേരള നവോത്ഥാനം, ജനറൽ സയൻസ്, ലഘുഗണിതം എന്നീ വിഷയങ്ങളാണ് സിലബസിൽ ഉൾപ്പെടുക. 

തീയതി പ്രഖ്യാപിച്ച പരീക്ഷകളുടെ സിലബസ് പിഎസ്‌സി െവബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കാനിരിക്കുന്ന സിവിൽ പൊലീസ് ഒാഫിസർ, സിവിൽ എക്സൈസ് ഒാഫിസർ, എക്സൈസ് ഇൻസ്പെക്ടർ, എൽപി/യുപി ടീച്ചർ, ഫുഡ് സേഫ്റ്റി ഒാഫിസർ തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷയും അടുത്ത വർഷം തന്നെ നടത്താനാണ് ആലോചിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com