sections
MORE

ഇഷ്ട ഗന്ധങ്ങളിൽ ഇനി ഓക്സിജൻ ശ്വസിക്കാം; പുതിയ തൊഴിൽ മേഖല

oxygen-parlour
SHARE

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം വാർത്തകളിൽ നിറഞ്ഞിട്ട് അധികകാലമായില്ല. അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് ലോകത്തു പൊട്ടിമുളച്ച ‘ശ്വസനമുറി’കളാണ് ഓക്സിജൻ പാർലറുകൾ. ഡൽഹിയിലും ഈയിടെ ഓക്സിജൻ പാർലറുകൾ സ്ഥാപിക്കപ്പെട്ടു.

പുറത്തെ മലിനീകരണത്തിൽനിന്നു മാറി സ്വസ്ഥമായി ഓക്സിജൻ ശ്വസിക്കാം എന്നതാണ് ഇവയുടെ പ്രത്യേകത. ശാസ്ത്രീയമായി ഇതു ഗുണം ചെയ്യുമോയെന്നു തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഊർജം പകരുമെന്നും ശ്രദ്ധ വർധിപ്പിക്കുമെന്നും ഡിപ്രഷൻ കുറയ്ക്കുമെന്നുമാണ് അവകാശവാദം. ഡൽഹിയിൽ ആരംഭിച്ച ഓക്സി പ്യുവർ എന്ന ഓക്സിജൻ പാർലറിൽനിന്നു 10 മുതൽ 15 വരെ മിനിറ്റ് ഓക്സിജൻ ശ്വസിക്കാം. 299 രൂപയാണ് ഒരു സെഷന്റെ നിരക്ക. വാനില, ചെറി, ആൽമണ്ട്, ഓറഞ്ച് തുടങ്ങി വിവിധ ഗന്ധങ്ങളിൽ ഓക്സിജൻ ശ്വസിക്കാം.

പുതിയ സാധ്യതകൾ
അന്തരീക്ഷ മലിനീകരണം കൂടിവരുന്ന സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ ഓക്സിജൻ പാർലറുകൾ തുടങ്ങാമെന്നതു തന്നെയാണ് പ്രധാനപ്പെട്ട തൊഴിൽ സാധ്യത. ഇതിനോടനുബന്ധിച്ചു പലതരം തെറപ്പികളും വികസിച്ചിട്ടുണ്ട്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ജോലികൾ ഇവിടെ ഉരുത്തിരിയാൻ സാധ്യതയുണ്ട്. ശുദ്ധവായു ശ്വസിച്ച്, തെറപ്പികളൊക്കെ നടത്തി ആരോഗ്യമുള്ള മനുഷ്യരാകാം എന്നതാണ് ഓക്സിജൻ പാർലറുകളുടെ പരസ്യവാചകം. അതുകൊണ്ടുതന്നെ ഫിസിയോതെറപ്പി, മസാജിങ് പോലുള്ളവ അറിയാവുന്നവർക്കു ഇവിടെ തൊഴിലുകളും ഉണ്ടാകും.

ഓക്സിജൻ കോക്ടെയിൽ എന്ന പേരിൽ ഒരു ഉൽപന്നവും ഇവർ വിൽക്കുന്നുണ്ട്. ഓക്സിജൻ നിറച്ച പാനീയം എന്നാണ് ഈ ഉൽപന്നത്തെ വിശേഷിപ്പിക്കുന്നത്. ഇതുമൊരു തൊഴിൽസാധ്യതയാണ്. 

വേണോ ഇത്രയും ?
സംഗതി ഓക്സിജൻ ആണെങ്കിലും ആവശ്യത്തിൽ കൂടുതൽ മനുഷ്യന് ആവശ്യമില്ലെന്നു ഡോക്ടർമാർ പറയുന്നു. ആരോഗ്യമുള്ള മനുഷ്യനു ശ്വസിക്കാവുന്ന ഓക്സിജൻ അന്തരീക്ഷത്തിൽ ലഭിക്കുന്നുണ്ട്. മലിനീകരണത്തിന്റെ ഭാഗമായി ഓക്സിജന്റെ അളവിനല്ല കുറവു വരുന്നതെന്നും വീണ്ടും ഓക്സിജൻ ശ്വസിക്കുന്നതിൽ അർഥമില്ലെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

സുഗന്ധം കിട്ടാൻ ചേർക്കുന്ന കെമിക്കലുകൾ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും വാദമുണ്ട്. എന്നാൽ, ഓക്സിജൻ പാർലറുകൾ താൽക്കാലികമായ ഊർജം പകരുന്നതായി ഉപയോഗിക്കുന്നവർ പറയുന്നു. സംഗതി ശാസ്ത്രീയമാണോ എന്നു തെളിഞ്ഞാൽ ഇതും നല്ലൊരു തൊഴിൽ മേലയായി വളരാനിടയുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA