ADVERTISEMENT

ദക്ഷിണാഫ്രിക്കയിലെ ഒരു സർവകലാശാലയുടെ കവാടത്തിൽ ഇങ്ങനെ എഴുതിവച്ചിട്ടുണ്ടത്രെ: ‘ഒരു രാഷ്ട്രത്തെ തകർത്തെറിയാൻ ആറ്റം ബോംബുകളോ മിസൈലുകളോ ആവശ്യമില്ല. ആ രാജ്യത്തിന്റെ വിദ്യാഭ്യാസ നിലവാരം തകർക്കുകയും പരീക്ഷകളിൽ കള്ളം ചെയ്യാൻ അനുവദിക്കുകയും ചെയ്താൽ മതിയാകും. അത്തരം ഡോക്ടർമാരാൽ രോഗികൾ കൊല്ലപ്പെടുന്നു. അത്തരം എൻജിനീയർമാരാൽ കെട്ടിടങ്ങൾ തകർന്നുവീഴുന്നു. അത്തരം സാമ്പത്തിക വിദഗ്ധരാൽ സാമ്പത്തികത്തകർച്ചയുണ്ടാകുന്നു. അത്തരം മതപണ്ഡിതന്മാരാൽ മനുഷ്യത്വം മരിച്ചു വീഴുന്നു. അത്തരം ന്യായാധിപന്മാരാൽ നീതി നഷ്ടമാകുന്നു. വിദ്യാഭ്യാസത്തിന്റെ തകർച്ചയെന്നാൽ രാഷ്ട്രത്തിന്റെ തകർച്ചയാണ്’. 

സമീപകാലത്തെ പല സംഭവങ്ങളും പരിശോധിക്കുമ്പോൾ ഈ വാക്കുകൾ ഏറെ പ്രസക്തമാണ്. യുവചിന്തകളിൽ കടന്നുകൂടിയ കാലുഷ്യമാണ് ഏറെ ഭയപ്പെടുത്തുന്നത്. ഒരു കാലത്തു പഠനവും പ്രണയവും രാഷ്ട്രീയവുമൊക്കെയായി പുരോഗമന ചിന്തകൾ നിറഞ്ഞുനിന്നിരുന്ന കലാലയാന്തരീക്ഷം ഇപ്പോൾ പലയിടത്തും നാടൻ ബോംബുകൾക്കും വടിവാളിനും ആയുധങ്ങൾക്കും വഴിമാറിയിരിക്കുന്നു. സാംസ്‌കാരികതയിലും സാക്ഷരതയിലും മറ്റും ഏറെ മുന്നിൽ നിൽക്കുന്ന കേരളത്തിലാണ് ഇത്തരമൊരു സാഹചര്യമെന്നതാണ് ആശ്ചര്യകരം. 

കുറച്ചു മാസം മുൻപ് മാജിക് അക്കാദമിയും സംസ്ഥാന യുവജന കമ്മിഷനും ചേർന്നു 14 ജില്ലകളിലും തിരഞ്ഞെടുത്ത കോളജുകളിൽ നടത്തിയ മോട്ടിവേഷനൽ ഇന്ദ്രജാല പരിപാടി (മൈ കേരള) വേറിട്ട അനുഭവമായിരുന്നു. പുതിയ ചിന്തകളുടെയും ആശയങ്ങളുടെയും സങ്കൽപങ്ങളുടെയും ആകെത്തുകയായ യുവസംഘങ്ങളുടെ ക്രിയാത്മകമായ ഇടപെടൽ എന്നെ അദ്ഭുതപ്പെടുത്തി. ഓരോ കോളജുകളിലും സംശയങ്ങളും ആശയങ്ങളും പ്രശ്‌നങ്ങളുമൊക്കെ തുറന്ന സദസ്സിൽ ചർച്ച ചെയ്യാൻ തയാറായി കുട്ടികൾ മുന്നോട്ടുവന്നു. പെൺകുട്ടികളായിരുന്നു അക്കൂട്ടത്തിൽ ഏറെ ഗൗരവം കാണിച്ചതെന്നു പറയാതെ വയ്യ. മാനസിക സംഘർഷങ്ങളും ആശങ്കകളുമൊക്കെ അവർ പങ്കുവച്ചു. 

ആകുലതകളൊഴിവാക്കി സമൂഹത്തിനു ബാധ്യതയാകാതെ ജീവിക്കാനാണ് ഓരോ യുവത്വവും ആഗ്രഹിക്കുന്നതെന്നായിരുന്നു ഈ യാത്രയുടെ പാഠം. അവസരങ്ങളൊരുക്കിയാൽ ആകാശത്തോളം ഉയരാൻ കെൽപുള്ള മനസ്സ് കേരളീയ യുവജനങ്ങളിൽ സുലഭമാണ്. പ്രായോഗിക തലത്തിലും ബൗദ്ധിക തലത്തിലും തികച്ചും സമ്പന്നരായ ഇവർ പ്രതീക്ഷകളുടെ തീജ്വാലകളാണ്. പക്ഷേ, യുവചിന്തകളെ ഉണർത്തേണ്ട കലാലയങ്ങളിലെ അന്തരീക്ഷത്തിന് എവിടെയൊക്കെയോ താളപ്പിഴകൾ സംഭവിക്കുന്നു. ആ ചുവടിനൊപ്പം ചിലരെങ്കിലും കാലിടറിപ്പോകുന്നു. 

യുവാക്കളുടെ കഴിവും അറിവും സത്യസന്ധതയുമാണു നാടിനു പ്രയോജനപ്പെടേണ്ടത്. ഉത്തരവാദിത്തബോധത്തിലേക്കു വളരുന്ന പ്രായമാണു കലാലയകാലം. ‘എന്റെ വിശ്വാസം യുവജനങ്ങളിലാണ്’ എന്നു പ്രസിദ്ധയമായ ഷിക്കാഗോ പ്രസംഗത്തിൽ സ്വാമി വിവേകനന്ദൻ പറഞ്ഞത് ഓർക്കുക. പ്രളയകാലങ്ങളിൽ സമൂഹത്തോടുള്ള തികഞ്ഞ പ്രതിബദ്ധത കാണിച്ച യുവതയുടെ ചിത്രം നമ്മുടെ മനസ്സിൽ മായാതെയുണ്ട്. അതിനെ കളങ്കപ്പെടുത്തുന്ന മറ്റു ചിത്രങ്ങൾ മായ്ച്ചുകളയാൻ കൂടി യുവശക്തി ഉണരേണ്ടതുണ്ട്. അതെന്തൊക്കെയെന്നു നമുക്കിപ്പോൾ വിശദീകരിക്കണമെന്നില്ല. നൻമ, തിൻമകൾ തിരിച്ചറിയേണ്ട പ്രായത്തിൽ തിൻമയിൽനിന്നു മാറിനടക്കാൻ മാത്രമല്ല, തിൻമയെ പ്രതിരോധിക്കാൻ കൂടി ഓരോ യുവാവിനും യുവതിക്കും ഉത്തരവാദിത്തമുണ്ടെന്നു മറക്കേണ്ട. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com