ADVERTISEMENT

കര–നാവിക–വ്യോമസേനകളിൽ 418 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ ഏപ്രിൽ 19 നു നടത്തുന്ന നാഷനൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്. 

എൻഡിഎയുടെ ആർമി, നേവി, എയർഫോഴ്‌സ് വിഭാഗങ്ങളിലെ 145-ാമത് കോഴ്‌സിലേക്കും നേവൽ അക്കാദമിയുടെ 107–ാമത് കോഴ്‌സിലേക്കുമാണു പ്രവേശനം. അവിവാഹിതരായ പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതി. 2021 ജനുവരി രണ്ടിനു കോഴ്‌സ് തുടങ്ങും. 

ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 28

ഒഴിവുകൾ: 418 [ഡിഫൻസ് അക്കാദമി– കരസേന–208, നേവി–42, എയർഫോഴ്‌സ്–120; നേവൽ അക്കാദമി –48 (10+2 കേഡറ്റ് എൻട്രി സ്‌കീം)]. ഏതു സർവീസിലേക്കാണ്  (നാഷനൽ ഡിഫൻസ് അക്കാദമി/നേവൽ അക്കാദമി) പ്രവേശനം ആഗ്രഹിക്കുന്നതെന്ന് ഓൺലൈൻ അപേക്ഷയിൽ ബന്ധപ്പെട്ട കോളത്തിൽ മുൻഗണനാക്രമത്തിൽ സൂചിപ്പിക്കണം. അതിൽ തന്നെ ഏതു കോഴ്‌സിലേക്കാണെന്നും വ്യക്‌തമാക്കണം.

പ്രായം: 2001 ജൂലൈ രണ്ടിനും 2004 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം അപേക്ഷകർ. വിദ്യാഭ്യാസ യോഗ്യത: 

നാഷനൽ ഡിഫൻസ് അക്കാദമി (ആർമി വിങ്): പ്ലസ്ടു ജയം/ തത്തുല്യം.നാഷനൽ ഡിഫൻസ് അക്കാദമിയുടെ എയർഫോഴ്‌സ്, നേവൽ വിങ്, നേവൽ അക്കാദമിയുടെ 10+2 കേഡറ്റ് എൻട്രി സ്‌കീം: ഫിസിക്‌സും മാത്തമാറ്റിക്‌സും പഠിച്ചു പ്ലസ്‌ടു/തത്തുല്യം. പ്ലസ്‌ടു പരീക്ഷയെഴുതുന്നവർക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ 2020 ഡിസംബർ 24നു മുൻപു യോഗ്യതാരേഖ ഹാജരാക്കണം. നേരത്തെ സിപിഎസ്‌എസ്/പിഎബിടി പരീക്ഷകളിൽ പരാജയപ്പെട്ടവരെ വ്യോമസേനയിലേക്കു പരിഗണിക്കില്ല. ശാരീരിക യോഗ്യതകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊച്ചി എന്നിവയാണു കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ. ബെംഗളൂരുവും ചെന്നൈയുമാണു സംസ്‌ഥാനത്തിനു പുറത്തെ തൊട്ടടുത്ത പരീക്ഷാകേന്ദ്രങ്ങൾ. മാത്തമാറ്റിക്‌സ് (കോഡ്–01, രണ്ടര മണിക്കൂർ, 300 മാർക്ക്), ജനറൽ എബിലിറ്റി ടെസ്‌റ്റ് (കോഡ്–02, രണ്ടര മണിക്കൂർ, 600 മാർക്ക്) എന്നിവ അടിസ്‌ഥാനമാക്കി ഒബ്‌ജക്‌ടീവ് മാതൃകയിലുള്ള എഴുത്തുപരീക്ഷയുണ്ടാകും.  തുടർന്ന് 900 മാർക്കുള്ള എസ്എസ്ബി ഇന്റർവ്യൂ നടത്തും.അപേക്ഷാഫീസ്: 100 രൂപ. ഏതെങ്കിലും എസ്‌ബിഐ ശാഖയിൽ നേരിട്ടോ എസ്‌ബിഐയുടെ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് (വിസ/മാസ്റ്റർ/റുപേ) മുഖേനയോ ഫീസടയ്‌ക്കാം. പട്ടികജാതി/വർഗക്കാർക്കും ജെസിഒ, എൻസിഒ, ഒആർ റാങ്കുകളിൽ സേവനമനുഷ്ഠിക്കുന്നവരുടെയും വിരമിച്ചവരുടെയും മക്കൾക്കും നിബന്ധനകൾക്കു വിധേയമായി  ഫീസിളവ് ലഭിക്കും. അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.  രണ്ടു ഘട്ടമായി അപേക്ഷ പൂരിപ്പിക്കണം. 

വിവരങ്ങൾക്ക്: www.upsc.gov.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com