ADVERTISEMENT

2016 ഒളിമ്പിക്സ് പുരുഷവിഭാഗ 100 മീറ്റർ മത്സരത്തിൽ ജമൈക്കക്കാരനായ ഉസെയ്ൻ ബോൾട് 9.81 സെക്കൻഡിൽ ഫിനിഷ് ചെയ്ത് തങ്കപ്പതക്കം നേടി. അദ്ദേഹത്തിന് ഇതു സാധ്യമായത് ഏതാണ്ട് തുല്യ കഴിവുള്ള ജസ്റ്റിൻ ഗാറ്റ്ലിനും (യുഎസ്) ആൻഡ്രേ ഡി ഗ്രാസും (കാനഡ) തൊട്ടുപിന്നിലുണ്ടായിരുന്നതു കൊണ്ടാണ്. ഇവർ യഥാക്രമം 9.89, 9.91 സെക്കൻഡിൽ ഓടിയെത്തി വെള്ളി, വെങ്കല മെഡലുകൾ നേടിയിരുന്നു. തനിക്ക് എള്ളിട തെറ്റിയാൽ പിന്നിലുള്ളവർ സെക്കൻഡിന്റെ നേരിയ അംശത്തിനുള്ളിൽ കുതിച്ചുകയറി, തന്നെ പിൻതള്ളുമെന്ന് ഉസെയ്ന് ഉറപ്പുണ്ടായിരുന്നു. അതും മനസ്സിൽ വച്ചതുകൊണ്ടാണ് അദ്ദേഹത്തിനു മിന്നുംപ്രകടനം സാധ്യമായത്.

ഉസെയ്ൻ ബോൾട്  അന്ന് ഭൂമുഖത്തെ ഏറ്റവും വേഗം കൂടിയ മനുഷ്യനായിരുന്നെന്നതു ശരി. പക്ഷേ അക്കാര്യം തെളിയിക്കാൻ വേറെ അത്‌ലീറ്റുകൾ മത്സരിക്കാൻ കൂടെ വേണമായിരുന്നുവെന്നതു മറന്നുകൂടാ. തനിയേ ഓടിയിരുന്നെങ്കിൽ ഈ ഖ്യാതി കിട്ടുമായിരുന്നില്ല. ഇത്ര വേഗത്തിൽ 100 മീറ്റർ ഒറ്റയ്ക്ക് ഓടിത്തീർക്കാൻ കഴിഞ്ഞെന്നുവരില്ല. ചുരുക്കത്തിൽ, തെല്ലു വേഗം കുറഞ്ഞ ഓട്ടക്കാരുടെ സഹായംകൊണ്ടു കൂടിയാണ് ഉസൈൻ വിജയിച്ചത്. ഒരാൾക്ക് ഏതെങ്കിലും കാര്യത്തിൽ അസാധാരണ മികവുണ്ടെന്നതുകൊണ്ട്, അതില്ലാത്തവരെല്ലാം അപ്രസക്തരാകുന്നില്ല. എല്ലാവർക്കുമുണ്ട് ജീവിതത്തിൽ സ്ഥാനം.

(കൂട്ടത്തിൽ 100 മീറ്റർ ഓട്ടത്തിലെ രസകരമായൊരു സംഭവം കൂടെയോർക്കാം. 2011ൽ ജാപ്പനീസ് ടിവി ഷോയ്ക്കു വേണ്ടി ജസ്റ്റിൻ ഗാറ്റ്ലിൻ വിസ‌്മയകരമായ പ്രകടനം കാഴ്ച വച്ചു. കേവലം 9.45 സെക്കൻഡിൽ 100 മീറ്റർ ഒറ്റയ്ക്ക് ഓടിത്തീർത്തുകള‍ഞ്ഞു. പക്ഷേ  അത് നിയമാനുസൃതമായ മത്സരയോട്ടമല്ല; റിക്കോർഡ് ബുക്കുകളിൽ ഇടംപിടിക്കുകയുമില്ല. പിന്നിൽ നിന്ന് അതിശക്തമായി കാറ്റടിപ്പിച്ച് ഗാറ്റ്ലിന്റെ ഓട്ടത്തെ സഹായിക്കാൻ ട്രാക്കിൽ ഭീമാകാരമായ കാറ്റാടിയന്ത്രവും, വശങ്ങളിൽ മറ്റു ഫാനുകളും പ്രവർത്തിപ്പിച്ചിരുന്നു. ഓടി വിജയിക്കാൻ കൂട്ടു വേണമെന്ന ആശയത്തിന്റെ അപവാദമത്രേ ഗാറ്റ്ലിന്റെ കാറ്റോട്ടം.)

തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടുന്ന കക്ഷി അധികാരത്തിലേറുന്നു. അതിനാൽ പരാജയപ്പെട്ട കക്ഷിക്ക് യാതൊരു പ്രാധാന്യവുമില്ലെന്നു കരുതിക്കൂടാ. നല്ല ജനാധിപത്യം പുലരണമെങ്കിൽ ശക്തമായ പ്രതിപക്ഷവും  ആവശ്യമാണ്. എന്നല്ല, ഭരണത്തിൽ വീഴ്ചകളുണ്ടായാൽ, ജനങ്ങൾ ഭരണകക്ഷിയെ താഴെയിറക്കി പ്രതിപക്ഷത്തെ അധികാരത്തിലേറ്റിയെന്നും വരും.

ദൃഢനിശ്ചയത്തോടെ പരിശ്രമിച്ച് വിജയത്തിലേക്കു കുതിക്കുന്നവർ പോലും മറ്റുള്ളവരുമായി വിവരങ്ങൾ പങ്കിടാൻ മടിക്കാറുണ്ട്. സ്വന്തം ആശയങ്ങളും രഹസ്യങ്ങളും അന്യർ കൈക്കലാക്കി, തങ്ങളെ പിൻതള്ളിക്കളയുമോയെന്ന ഭയം. പങ്കിടാനുള്ള വൈമനസ്യത്തിന്റെ പിന്നിൽ ആത്മവിശ്വാസക്കുറവുണ്ട്. ഒരു തിരികൊണ്ട് മറ്റൊന്നു കൊളുത്തിയാൽ ആദ്യത്തെ തിരിക്കു ക്ഷീണമൊന്നും വരുന്നില്ല. രണ്ടാമത്തേതും പ്രകാശം ചൊരിയുകയും ചെയ്യും. ‘‘കൊണ്ടുപോകില്ല ചോരന്മാർ; കൊടുക്കുന്തോറുമേറിടും’’ എന്ന് വിദ്യയെപ്പറ്റി മഹാകവി ഉള്ളൂർ.

തനിക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുമെന്നും, ആശയം പകർന്നു കിട്ടിയതുകൊണ്ടു മാത്രം തന്നെ മത്സരത്തിൽ പിന്നിലാക്കാൻ അന്യർക്കു കഴിയില്ലെന്നും വിശ്വസിച്ച്, ആരോഗ്യകരമായി മത്സരിച്ചു മുന്നേറുന്നതാവും ധീരന്മാർക്കു ചേർന്ന സമീപനം. എന്നു തന്നെയുമല്ല, പങ്കിടാൻ നാം തുനിയുമ്പോൾ, നമ്മുടെ പ്രവർത്തനമേഖലയിലെ മറ്റുള്ളവരും പങ്കിടാൻ തയാറായെന്നു വരാം. നമ്മുടെ തെറ്റുകളും വികലധാരണകളും തിരുത്താനും ഇത്തരം പങ്കിടൽ സഹായിക്കും. കൂടുതൽ മെച്ചമായ ആശയങ്ങൾ എല്ലാവർക്കും കിട്ടുകയും ചെയ്യും.

‘‘നിങ്ങളുടെ കൈയിൽ ഒരാപ്പിളുണ്ട്. എന്റെ കൈയിലുമുണ്ട് ഒരാപ്പിൾ. നാം  ആപ്പിളുകൾ പരസ്പരം വച്ചുമാറിയാൽ, നമ്മിലോരോരുത്തരുടെയും കൈയിൽ വീണ്ടും ഒരാപ്പിൾ വീതം. പക്ഷേ നിങ്ങളുടെ കൈയിൽ ഒരാശയമുണ്ട്. എന്റെ കൈയിലുമുണ്ട് ഒരാശയം. നാം  ആശയങ്ങൾ പരസ്പരം വച്ചുമാറിയാൽ, നമ്മിലോരോരുത്തരുടെയും കൈയിൽ രണ്ടാശയങ്ങൾ വീതം’’ എന്നു പ്രശസ്ത നാടകകൃത്തും 1925ലെ സാഹിത്യനൊബേൽ ജേതാവുമായ ജോർജ് ബെർണാർഡ് ഷാ (1856 –1950).

വിജയം സ്വപ്നം കാണുന്നവർ സഹകരണത്തെപ്പറ്റിയും ചിന്തിക്കണം. ഒറ്റ മരത്തിൽക്കുരങ്ങായാൽ പലതും നമുക്കു നഷ്ടമാവും. ഉസൈൻ ബോൾട്ടിന്റെ കാര്യത്തിലെന്നപോലെ ഏതു മത്സരവിജയത്തിലുമുണ്ട് സഹകരണത്തിന്റെ അംശം. സഹകരണത്തെപ്പറ്റി തീരെ ചിന്തിക്കാതെ കടുത്ത മത്സരത്തിൽ മാത്രം മനമൂന്നിയാൽ, നിഷേധചിന്തകൾക്ക് അടിമപ്പെട്ട് അന്യരെ എങ്ങനെയും കൊമ്പുകുത്തിക്കണമെന്ന ചിന്ത ശക്തമാവുകയും അധാർമ്മികമായ രീതികൾ സ്വീകരിക്കാനിടയാകുകയും ചെയ്യും. അന്യരുടെ വിജയത്തിൽ അസൂയപ്പെടുന്നവർ സ്വയം മനസ്സു മലിനമാക്കുന്നു.

അത്തരം ചിന്ത നമുക്കാവശ്യമില്ല. നമുക്കു സ്വപ്നം കാണാം. സ്വപ്നം കാണുന്നവരെല്ലാം വിജയിക്കണമെന്നില്ല. പക്ഷേ, വിജയിക്കുന്നവരെല്ലാം സ്വപ്നം കാണുന്നവരാണ്. വിജയിച്ചാൽ ആത്മപ്രശംസയോ പരാജയപ്പെട്ടാൽ മുട്ടുന്യായമോ വേണ്ട.

മഹാവിജയികളെ സൃഷ്ടിക്കുന്നത് ആയിരം അദൃശ്യപ്രഭാതങ്ങളെന്ന് അമേരിക്കൻ ഫുട്ബോൾ താരം കിർക് കസിൻസ്. ‘ശങ്കകൾ നമ്മെ ഒറ്റിക്കൊടുക്കുന്നു. പേടിപ്പിച്ച് പരിശ്രമത്തിൽ നിന്നു പിൻതിരിച്ച്, സാധ്യമായ വിജയത്തെ അസാധ്യമാക്കുന്നു’ എന്ന് ഷേക്സ്പിയർ (‘Our doubts are traitors and make us lose the good we oft might win by fearing to attempt’ : William Shakespeare – Measure for Measure 1:4).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com