ADVERTISEMENT

കാനഡ, യുകെ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ജര്‍മ്മനി. വിദേശ പഠനം സ്വപ്നം കാണുന്ന വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഈ അഞ്ചു രാജ്യങ്ങളാണ് ഇപ്പോള്‍ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങള്‍. ലോകോത്തര നിലവാരത്തിലുള്ള അധ്യാപകര്‍, പ്രായോഗിക നൈപുണ്യത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം, ഗവേഷണത്തിനു നല്‍കുന്ന ഊന്നല്‍ എന്നിങ്ങനെ ഈ രാജ്യങ്ങളെ ആഗോള വിദ്യാഭ്യാസ ഹബ്ബുകളായി മാറ്റുന്ന നിരവധി ഘടകങ്ങളുണ്ട്. 

എന്നാല്‍ കരിയറിനെ കുറിച്ച് കൃത്യമായ ധാരണകളുള്ള ഇന്നിന്റെ യുവത്വത്തെ ആകര്‍ഷിക്കാന്‍ വിദ്യാഭ്യാസത്തിലെ മേന്മ മാത്രം പോരാ. പഠനത്തിന് ശേഷമുള്ള തൊഴില്‍ സാഹചര്യം കൂടി കണക്കിലെടുത്താണു വിദ്യാർഥികളുടെ കുടിയേറ്റം സംഭവിക്കുന്നത്. പഠനം കഴിഞ്ഞ് ആ രാജ്യത്തു തന്നെ ജോലി ലഭിക്കാന്‍ സാധിക്കുന്നത് ഈ രാജ്യങ്ങളെ പ്രിയപ്പെട്ട പഠന ഡെസ്റ്റിനേഷനുകളാക്കി മാറ്റുന്നു. പല രാജ്യങ്ങളും പഠനശേഷം ആ രാജ്യത്തു കുറച്ചു വര്‍ഷങ്ങള്‍ കൂടി തുടര്‍ന്നു ജോലി കണ്ടെത്താന്‍ സഹായകമായ സ്റ്റഡി വിസകളാണ് വിദ്യാർഥികള്‍ക്കു നല്‍കുന്നത്. 

ട്യൂഷന്‍ ഫീസ്, ജീവിതചെലവ്, തൊഴില്‍ വിസ ലഭിക്കുന്നതിനുള്ള സാധ്യതകള്‍ തുടങ്ങിയവയില്‍ ഈ അഞ്ചു രാജ്യങ്ങള്‍ എവിടെ നില്‍ക്കുന്നു എന്നു കൂടി പരിശോധിക്കാം. 

കാനഡ
താങ്ങാവുന്ന ട്യൂഷന്‍ ഫീസ്, പഠന ശേഷമുള്ള തൊഴില്‍ പെര്‍മിറ്റ്, പെര്‍മനന്റ് റെസിഡന്‍ഷിപ്പ്(പിആര്‍) ലഭിക്കാനുള്ള അവസരങ്ങള്‍ തുടങ്ങിയ പല ഘടകങ്ങളാണു വിദേശ വിദ്യാർഥികളുടെ പ്രിയ ഇടമാക്കി കാനഡയെ മാറ്റുന്നത്. പിജി വിദ്യാർഥികള്‍ക്കു മൂന്നു വര്‍ഷം വരെ പഠനാനന്തര വര്‍ക്ക് പെര്‍മിറ്റ് കാനഡ നല്‍കുന്നുണ്ട്. 

യുകെ
രാജ്യാന്തര വിദ്യാർഥികള്‍ക്കു പഠന ശേഷം രണ്ടു വര്‍ഷത്തേക്കുള്ള വര്‍ക്ക് പെര്‍മിറ്റ് യുകെ അടുത്തിടെ നല്‍കിയിരുന്നു. ലോകത്തെ മികച്ച സര്‍വകലാശാലകളുടെ പട്ടിക തയ്യാറാക്കുന്ന ക്യൂഎസ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ യുകെയില്‍ നിന്നുള്ള നാലു സര്‍വകലാശാലകള്‍ ഇടം നേടിയിരുന്നു. 2017ലെ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയബിലിറ്റി റാങ്കിങ് അനുസരിച്ച് ഏറ്റവും തൊഴില്‍ക്ഷമതയുള്ള ബിരുദധാരികള്‍ പുറത്തിറങ്ങുന്നതു യുകെയിലെ യൂണിവേഴ്‌സിറ്റികളില്‍ നിന്നാണ്. 

ഓസ്‌ട്രേലിയ
2018ലെ ക്യുഎസ് ഹയര്‍ എജ്യുക്കേഷന്‍ സിസ്റ്റം സ്‌ട്രെങ്ത് റാങ്കിങ്ങില്‍ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. യുകെയും അമേരിക്കയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെലവു കുറഞ്ഞ പഠനമാണ് ഓസ്‌ട്രേലിയയിലേത്. പഠനശേഷം മൂന്നു വര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റാണ് ഓസ്‌ട്രേലിയ വിദേശ വിദ്യാർഥികള്‍ക്കു നല്‍കുന്നത്. തുടര്‍ന്ന് ഇത പിആര്‍ ന്റെ പാതയിലേക്കു നയിക്കും. 

അമേരിക്ക
2019ലെ ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ അമേരിക്കയിലെ സര്‍വകലാശാലകള്‍ ആദ്യ അഞ്ചില്‍ എത്തി. 2017ലെ കണക്ക് അനുസരിച്ച് 1.18 ദശലക്ഷം വിദേശ വിദ്യാർഥികള്‍ അമേരിക്കയില്‍ ഉപരിപഠനം നടത്തുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന ട്യൂഷന്‍ ഫീസും അത്ര അനുകൂലമല്ലാത്ത പഠനാനന്തര സാഹചര്യങ്ങളും അമേരിക്കയെ സംബന്ധിച്ചിടത്തോളം നെഗറ്റീവ് ഘടകങ്ങളാണ്. 

ജര്‍മ്മനി
മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ട്യൂഷന്‍ ഫീസാണു ജര്‍മ്മനി വിദേശ വിദ്യാർഥികളില്‍ നിന്ന് ഈടാക്കുന്നത്. ഓട്ടോമോട്ടീവ്, ഹെവി മെഷീനറി സെക്ടറില്‍ പഠനാവസരങ്ങള്‍ തേടുന്ന വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച അവസരങ്ങളാണു ജര്‍മ്മനി ഒരുക്കുന്നത്. പഠന ശേഷം 18 മാസത്തെ വര്‍ക്ക് പെര്‍മിറ്റാണ് ജര്‍മ്മനി നല്‍കുന്നത്. എന്നാല്‍ ജര്‍മ്മനിയെ സംബന്ധിച്ചിടത്തോളം പരിമിതിയായി മാറുന്നതു ജര്‍മ്മന്‍ ഭാഷ പഠിക്കണമെന്നുള്ള നിര്‍ബന്ധമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com