ADVERTISEMENT

സ്ത്രീപുരുഷസമത്വം പലപ്പോഴും നമ്മുടെ സമൂഹത്തിൽ ചർച്ചാവിഷയമാകുന്നു. സ്ത്രീ ഒരിക്കലും പുരുഷനു തുല്യമാകില്ലെന്ന് ചിലർ. ആ വാദം പുരുഷമേധാവിത്വത്തിന്റെ ഹുങ്കാണെന്ന് മറ്റു ചിലർ. 1983-ൽ സാഹിത്യത്തിനു നൊബേൽ സമ്മാനം നേടിയ ബ്രിട്ടീഷുകാരൻ വില്യം ഗോൾഡിങ് ഇതെപ്പറ്റി പറഞ്ഞതു ‌കേൾക്കുക :

‘‘പുരുഷന്മാരോടു ത‌ുല്യരാണ് തങ്ങളെന്നു ഭാവിക്കുന്ന വനിതകൾ കാ‌ട്ടുന്നതു വിഡ്ഢിത്തമെന്ന് എനിക്കു തോന്നുന്നു, വനിതകൾ ‌പുരുഷന്മാരെക്കാൾ‌ എത്രയോ ഉൽക്കൃഷടസ്ഥാനത്താണ്! നിങ്ങൾ അവർക്ക് എന്തു നല്കിയാലും അതവർ മഹത്തരമാക്കും. ബീജം കൊടുത്താൽ നിങ്ങൾക്ക് കുഞ്ഞിനെ തരും. വീടു വച്ചു കൊടുത്താൽ സ്നേഹം നിറഞ്ഞ വാസസ്ഥലമാക്കിത്തരും. പലചരക്കു സാധനം കൊടുത്താൽ മൃഷ്ടാന്നഭോജനം തരും. പുഞ്ചിരി കൊടുത്താൽ അവരുടെ ഹൃദയം തരും, കൊടുത്തതെന്തും പല മടങ്ങു വലുതാക്കും. അഴുക്കു കൊടുത്താൽ മാലിന്യക്കൂമ്പാരം തരും.’’

ഒരു പക്ഷേ മനുഷ്യനുണ്ടായ കാലം മുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമായിരിക്കാം പുരുഷനോ സ്ത്രീക്കോ മേൽക്കൈ വേണ്ടതെന്നത്. എത്രയോ പേർ ഇക്കാര്യത്തിൽ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും പറയുന്നുമുണ്ട്. എങ്കിലും ഗോൾഡിങ്ങിന് വേറിട്ട അഭിപ്രായം പറയാനായി. കലഹത്തിന്റെ ആവശ്യമില്ല. പുരുഷനും സ്ത്രീക്കും തനതായ പങ്കുണ്ട്. ഇരുവരും പരസ്പരപൂരകമായി പ്രവർത്തിക്കട്ടെ എന്നു കരുതിയാൽ തർക്കത്തിനു പ്രസക്തിയില്ല.

സൂഡാനീസ് എഴുത്തുകാരി ഇക്കാര്യത്തിൽ പറഞ്ഞതു കേൾക്കുക. ‘ജീവിതകാലം മുഴുവൻ നാം വേർതിരിവ് അനുഭവിക്കുന്നു. പുരുഷന്മാരുടെ ടോയിലറ്റ്, സ്ത്രീകളുടെ ടോയിലറ്റ്; പുരുഷന്മാരുടെ വസ്ത്രങ്ങൾ, സ്ത്രീകളുടെ വസ്ത്രങ്ങൾ.  ഒടുവിൽ ശവക്കുഴി ഒരുപോലെ.’

തികച്ചും തനതായ രീതിയിൽ ഫ്രഡറിക് എംഗൽസ് ഇതെപ്പറ്റി ഗൗരവരപൂർവം ചിന്തിച്ചു. ‘വീട്ടുജോലിക്ക് തീരെക്കുറച്ചു മാത്രം നേരം നീക്കിവച്ച്, വൻതോതിലുള്ള ഉൽപാദനത്തിൽ സാമൂഹികതലത്തിൽ വനിതകൾ ഗണ്യമായി പങ്കെടുത്തെങ്കിലേ വനിതാവിമോചനം സാധ്യമാകൂ.’

നമ്മിൽ മിക്കവരും എവിടെയെങ്കിലും കേട്ടതോ വായിച്ചതോ  ഏറെ ചിന്തിക്കാതെ ആവർത്തിക്കുന്നവരാണ്. പുതുരീതിയിൽ ചിന്തിച്ച് പുതുപുത്തൻ ആശയങ്ങൾ കാഴ്ച വയ്ക്കുന്നവർ ചുരുക്കം. എന്നാൽ അത്തരം പുത്തൻ ആശയങ്ങൾ കേൾക്കുമ്പോൾ ആർക്കാണ് ഇത‌് അറിയാത്തത് എന്നു ചോദിക്കാനെളുപ്പം. പലരും സൂചിപ്പിച്ച ചിന്തോദ്ദീപകമായ ചില ആശയങ്ങൾ കേൾക്കുക.

ആടിന്റെ അഭിപ്രായം കടുവയുടെ ഉറക്കം കെടുത്തില്ല. ഒന്നും അസാധ്യമല്ല എന്ന പ്രശസ്ത ഹോളിവുഡ് നടി ഓഡ്രേ ഹെപ്ബേൺ പറഞ്ഞതിങ്ങനെ : ഒന്നും Impossible അല്ല. ആ വാക്കു തന്നെ I’m possible എന്നല്ലേ?

നിങ്ങളുടെ വിജയത്തിനു പിന്നിൽ പലരും കാണും; പക്ഷേ പരാജയത്തിനു പിന്നിൽ നിങ്ങൾ മാത്രം. ഏറ്റവും വലിയ പുളിമരവും ഒരു കാലത്ത് വെറും പുളിങ്കുരുവായിരുന്നു. അത് തറയിലുറച്ചുനിന്നു. ഇരുളില്ലെങ്കിൽ താരങ്ങൾക്കു തിളങ്ങാനാവില്ല. ജീവിതത്തിൽ പൈലറ്റാകണോ യാത്രക്കാരനാകണോ എന്ന് തീരുമാനിക്കേണ്ടതു നിങ്ങൾ തന്നെ.

നിങ്ങളെ പുകഴ്ത്തുന്നതു കേൾക്കാൻ കാതോർക്കാതിരിക്കുക; സ്വഭാവവും ശക്തിയും മെച്ചപ്പെടുത്തുന്നത് വിമർശനമാണ്. ചോദ്യം ചോദിക്കുന്നയാൾ അഞ്ചു മിനിറ്റ് നേരം വിഡ്ഢി; ചോദ്യം ചോദിക്കാത്തയാൾ എന്നും വിഡ്ഢി. എപ്പോഴും കര കണ്ടുകൊണ്ടിരിക്കണമെന്നു വാശി പിടിച്ചാൽ പുതിയ കടലുകൾ കണ്ടെത്താൻ കഴിയില്ല.

പല്ലുവേദനക്കാരന്റെ വിചാരം ആ വേദനയില്ലാത്തവർക്കെല്ലാം സുഖമെന്ന്. ധനികനെപ്പറ്റി ചിന്തിക്കുന്ന ദരിദ്രൻ ഇതേ തെറ്റു വരുത്തുന്നു. പാറക്കൂട്ടം കണ്ട്, അതുകൊണ്ട് ദേവാലയം പണിയാം എന്നൊരുവൻ ചിന്തിക്കുംവരെ അത് പാറക്കൂട്ടം മാത്രം.

അറിയാവുന്നത് ആവർത്തിക്കുക മാത്രമാണ് പറയുമ്പോൾ ചെയ്യുന്നത്; ശ്രദ്ധിച്ചു കേൾക്കുമ്പോൾ പുതിയതു പഠിക്കും. അന്യർ ശ്രദ്ധിച്ചുകേൾക്കാൻ ഇഷ്ടപ്പെടുംവിധം പറയുക; അന്യർക്കു പറയാൻ തോന്നുംവിധം ശ്രദ്ധിച്ചുകേൾക്കുക. സ്വപ്നവും യാഥാർത്ഥ്യവും തമ്മിലുള്ള അകലമാണ് പ്രവർത്തനം. തെറ്റ് മറക്കൂ; അതിലെ പാഠം ഓർമ്മിക്കൂ. ഒന്നാമനാകണമെങ്കിൽ ഒറ്റയാനാകണം. ചെയ്യാൻ പോകുന്നതു വിളിച്ചൂകൂവേണ്ട; ഫലം അന്യർ കണ്ടുകൊള്ളും.

ചില ഭാര്യാഭർത്താക്കന്മാർ നാണയത്തിന്റെ ഇരുവശങ്ങൾ പോലെ; തൊട്ടടുത്തു കഴിയും. പക്ഷേ പരസ്പരം നോക്കാൻ കഴിയില്ല. വീരശൂരപരാക്രമികളായ സിംഹങ്ങളെ സുന്ദരികളായ മാൻപേടകൾ വധിക്കുന്ന ഇടമാണ് ദാമ്പത്യം. ഇതെല്ലാം നിഷേധചിന്തകൾ. പക്ഷേ ദാമ്പത്യത്തെപ്പറ്റി മനോഹരമായി ചിന്തിച്ചവരുമുണ്ട് – സുഖങ്ങൾ ഇരട്ടിയും ദുഃഖങ്ങൾ പകുതിയും ആക്കിമാറ്റുന്ന ഇന്ദ്രജാലമാണ് ദാമ്പത്യം.

സ്ത്രീപുരുഷ മേധാവിത്വചർച്ചകൾ തീർത്തും അപ്രസക്തമാക്കുന്നതാണ് ഭാരതത്തിന്റെ അർദ്ധനാരീശ്വരസങ്കല്പം. ഒന്ന് മറ്റൊന്നിന് മീതെയല്ല. രണ്ടും പരസ്പരപൂരകവും പരസ്പരപോഷകവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com