ADVERTISEMENT

ലിസ്റ്റ് അവസാനിക്കാൻ 3 മാസം മാത്രം ശേഷിക്കേ സിവിൽ എക്സൈസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ അപ്രഖ്യാപിത നിയമനനിരോധനം. 14 ജില്ലകളിലുമായി 3205 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ നടന്നത് 331 നിയമനശുപാർശ മാത്രം. ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ 10.3% പേർക്കു മാത്രമേ നിയമനശുപാർശ ലഭിച്ചിട്ടുള്ളൂ. ഏപ്രിൽ 7ന് ഒരു വർഷ കാലാവധി പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് അവസാനിക്കും. 

മൂന്നു വർഷമുണ്ടായിരുന്ന ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇത്തവണ ഒരു വർഷമാക്കി കുറച്ചതും  എക്സൈസ് വകുപ്പിൽ തസ്തിക വർധിപ്പിക്കാത്തതും നിയമനം വൻതോതിൽ കുറയാൻ ഇടയാക്കി.  കാലാവധി 3 വർഷമാക്കി ഉയർത്തുകയോ നിശ്ചിത സമയത്തിനുള്ളിൽ പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയോ ഉണ്ടായില്ലെങ്കിൽ നൂറുകണക്കിന് ഉദ്യോഗാർഥികളുടെ സർക്കാരുദ്യോഗ സാധ്യത ഇല്ലാതാകും.

പുതുക്കാതെ സ്റ്റാഫ് പാറ്റേൺ 
കാലാനുസൃതമായി സ്റ്റാഫ് പാറ്റേൺ പുതുക്കാത്തത് സിവിൽ എക്സൈസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങളെ   കാര്യമായി ബാധിക്കുന്നുണ്ട്.  1968ലെ സ്റ്റാഫ് പാറ്റേണാണ് എക്സൈസ് വകുപ്പിൽ ഇപ്പോഴുമുള്ളത്. അബ്കാരി കേസുകളുടെ എണ്ണത്തിൽ  ക്രമാതീതമായ വർധനവുണ്ടായിട്ടും ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ മാറ്റമുണ്ടായിട്ടില്ല.  ജോലിഭാരമനുസരിച്ച്  വകുപ്പിൽ ഇപ്പോൾ അയ്യായിരത്തിലധികം ജിവനക്കാർ വേണം. എന്നാൽ നിലവിലുള്ളത് മൂവായിരത്തോളം പേർ മാത്രം. 

ജീവനക്കാരുടെ പ്രമോഷൻ നടപടികൾ നിയമക്കുരുക്കിലായതും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനു തടസ്സമായിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനമായാൽ ഒാരോ ജില്ലയിലും 20ൽ അധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് കണക്കാക്കുന്നു.

3 വർഷമാക്കണമെന്ന് ആവശ്യം
യൂണിഫോം സേനകളിൽ പൊലീസ്, ഫയർഫോഴ്സ്, എക്സൈസ് എന്നിവയിലേക്കുളള റാങ്ക് ലിസ്റ്റുകൾക്ക് മാത്രമാണ് ഒരു വർഷത്തെ കാലാവധി. വനം വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഒാഫിസർ, ജയിൽ വകുപ്പിലെ അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റുകൾക്ക് ഇപ്പോഴും മൂന്നു വർഷത്തെ കാലാവധിയുണ്ട്. ഒരു വർഷമാണ് കാലാവധിയെങ്കിലും സിവിൽ പൊലീസ് ഒാഫിസർ, ഫയർമാൻ റാങ്ക് ലിസ്റ്റുകളിലെ  നിയമനം വലിയ തോതിൽ കുറഞ്ഞിട്ടില്ല. ഇതുമായി താരതമ്യപ്പെടുത്തിയാൽ സിവിൽ എക്സൈസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങൾ വളരെ കുറവാണ്. റാങ്ക് ലിസ്റ്റിന്റെ കാലാവധി മുൻപുള്ളതുപോലെ മൂന്നു വർഷമാക്കി ഉയർത്തണമെന്ന ആവശ്യവുമായി ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ മുഖ്യമന്ത്രി, എക്സൈസ് മന്ത്രി എന്നിവർക്കു നിവേദനം നൽകിയിട്ടുണ്ടെങ്കിലും അനുകൂല നിലപാടെടുത്തിട്ടില്ല. 

ഇതുവരെ 331 നിയമനശുപാർശ
14 ജില്ലകളിലായി നിലവിലുളള സിവിൽ എക്സൈസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ നടന്നത് 331 നിയമനശുപാർശ മാത്രം. ഏറ്റവും കൂടുതൽ പേർക്ക് നിയമനശുപാർശ നൽകിയിട്ടുള്ളത് തിരുവനന്തപുരം ജില്ലയിലാണ്– 50. ഏറ്റവും കുറവ് കാസർകോട്– 8. ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിൽ 20 പേർക്കുപോലും നിയമനം ലഭിച്ചിട്ടില്ല. 

civil-excise fficer

ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 1293 േപർക്കാണ് നിയമനശുപാർശ ലഭിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com