sections
MORE

കഷ്ടപ്പാടുകളെ പഴിക്കല്ലേ; അറിഞ്ഞു വളർന്നാൽ ചില ഗുണങ്ങളുണ്ട്

sad-man
SHARE

പ്രജാക്ഷേമതൽപ്പരനായിരുന്നു ആ ചക്രവർത്തി. ജനങ്ങളുടെ പ്രയാസം നേരിൽക്കണ്ടു മനസ്സിലാക്കി പരിഹരിക്കാൻ വലിയ താല്പര്യം. ഒരു നാൾ മന്ത്രിയെ വിളിച്ചുപറഞ്ഞു, നാളെ എനിക്ക് കടത്തുവഞ്ചിയിലേറി ജനങ്ങളോടൊപ്പം പുഴ കടക്കണം. വളരെ വീതിയുള്ള പുഴയാണ്. മന്ത്രി തയാറെടുപ്പുകൾ നടത്തി.

പിറ്റേന്നു രാവിലെ ചക്രവർത്തി കടത്തുകടവിലെത്തി. പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച് സുഗന്ധദ്രവ്യങ്ങൾ വാരിവിതറിയ വഞ്ചി. അതിസുന്ദരികളും സുന്ദരന്മാരും കോടിവസ്ത്രങ്ങളണിഞ്ഞ് യാത്രക്കാരായിരിക്കുന്നു. ഉത്സവാന്തരീക്ഷം. അതെല്ലാം കൃത്രിമമെന്നു ചക്രവർത്തി തിരിച്ചറിഞ്ഞു. ‘ഇതെന്താ കല്യാണവഞ്ചിയാണോ?’ എന്നു ചോദിച്ച്, മന്ത്രിയെ ശകാരിച്ചു. നാളെ സാധാരണക്കാരോടൊപ്പം യാത്ര ചെയ്യണമെന്ന് അറിയിച്ച് മടങ്ങി.

അടുത്ത ദിവസം ചക്രവർത്തി വീണ്ടും കടവിലെത്തി. കൂടെ കരിമ്പുലിയെ  ഓർമ്മിപ്പിക്കുന്ന വലിയ വളർത്തുനായുമുണ്ടായിരുന്നു. സാധാരണക്കാരോടൊപ്പമുള്ള യാത്രയിലെ ആനന്ദം ചക്രവർത്തി മുൻകൂട്ടിക്കണ്ടു. പക്ഷേ വഞ്ചി പുറപ്പെട്ടപ്പോൾ മുതൽ നായ് ഉയരത്തിൽ ചാടുകയും കുരയ്ക്കുകയും ചെയ്തിരുന്നു. ആദ്യത്തെ വഞ്ചിയാത്ര നായെ ഭയപ്പെടുത്തി. ഭാരമേറിയ നായുടെ വിക്രിയയും അസ്വസ്ഥരായ യാത്രക്കാരുടെ പരിഭ്രാന്തമായ നീക്കങ്ങളും വഞ്ചി മറിയാനിടയാക്കുമോയെന്നു തോണിക്കാരൻ ഭയപ്പെട്ടു. എല്ലാവരും ആശങ്കയിലായി. നായ് മു‌തൽ ചക്രവർത്തി വരെ എല്ലാവരും വെള്ളത്തിലായി, പലരും സിദ്ധികൂടുമോ എന്ന ഭീതി ഓരോ മുഖത്തും നിഴലിച്ചു. ചക്രവർത്തി കിണഞ്ഞു ശ്രമിച്ചിട്ടും നായ് അടങ്ങുന്നില്ല.

യാത്രക്കാരിൽ ഒരു തത്ത്വചിന്തകനുണ്ടായിരുന്നു. അദ്ദേഹം ചക്രവർത്തിയെ സമീപിച്ചു. ‘‘തിരുമേനീ, അങ്ങ് അനുവദിച്ചാൽ ഞാൻ ഈ പ്രശ്നം പരിഹരിക്കാം’’‘‘എന്തു വേണമെങ്കിലും ചെയ്തുകൊള്ളുക. ജനങ്ങൾ വിഷമിക്കുന്നതു കാണാൻ എനിക്കു കഴിയില്ല.’’

ബലിഷ്ഠകായരായ രണ്ടു യാത്രക്കാരുടെ സഹായത്തോടെ ദാർശനികൻ നായെ കൂട്ടിപ്പിടിച്ചു പുഴയിലേക്കെറിഞ്ഞു. അത് പരിഭ്രമിച്ച് കാലിട്ടടിച്ചു നീന്തി. ഇരുകരകളും ഏറെ അകലെ. നീന്തിയെത്താൻ തനിക്കു കഴിയില്ലെന്നു നായ് തിരിച്ചറിഞ്ഞു. നായിൽ നിന്ന് കഴിയുന്നത്ര ദൂരെ വഞ്ചി നീക്കാൻ തോണിക്കാരനോട് ദാർശനികൻ നിർദ്ദേശിച്ചു. യാത്രക്കാർ ആശ്വാസപ്പുഞ്ചിരി തൂകി.

കുറെക്കഴിഞ്ഞപ്പോൾ വഞ്ചി നായുടെ അടുത്തേക്കു നീക്കാൻ ദാർശനികൻ ആവശ്യപ്പെട്ടു. അടുത്തെത്തിയപ്പോൾ മരണവുമായി മല്ലിടുന്ന നായെ സഹയാത്രികരുടെ സഹായത്തോടെ പിടിച്ചു വഞ്ചിയിൽ കയറ്റി. നനഞ്ഞുകുതിർന്ന നായ് നിശ്ശബ്ദനായി ഒരു കോണിൽ ഒതുങ്ങിയിരുന്നു. നായിത്ര വേഗം മര്യാദ പഠിക്കുമെന്ന് ആരും കരുതിയില്ല. ചക്രവർത്തിക്കും ആശ്വാസം.

എല്ലാവരും ദാർശനികനെ ആരാധനയോടെ നോക്കി. അദ്ദേഹം പറഞ്ഞു.

‘‘പുലിപോലെ ചാടിയ ഇവൻ ഇപ്പോൾ എന്തുകൊണ്ട് പൂച്ചയെപ്പോലെ പതുങ്ങിയിരിക്കുന്നുവെന്ന് നിങ്ങൾ സംശയിക്കുന്നു. കാരണമുണ്ട്; പ്രയാസവും കഷ്ടപ്പാടും അറിയാത്തയാൾ പരദുഃഖം മനസ്സിലാക്കില്ല. വെള്ളത്തിൽ വീണപ്പോഴുണ്ടായ പ്രയാസവും കുത്തൊഴുക്കിന്റെ മാരകശക്തിയും മരണഭീതിയും 

അവനിൽ വിവേകമുദിക്കാൻ കാരണമായി. അന്യരുടെ വിലയുമറിഞ്ഞു. പരമസുഖം പകരുന്ന പൊന്നുതിരുമേനിയുടെ സംരക്ഷണത്തിൽ അല്ലലറിയാതെ ജീവിതം ആസ്വദിക്കുകയായിരുന്നു അവൻ. അന്യരെപ്പറ്റിയോ അവരുടെ പ്രയാസത്തെയോ പറ്റി അവന് ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ല. 

അവൻ തോന്നിയപോലെ ബഹളംകൂട്ടി. യാത്ര ചെയ്യുന്ന വഞ്ചിയുടെ വില പോലും ഇവന് ചിന്താവിഷയമായിരുന്നില്ല. തന്റെ ജീവൻ രക്ഷിച്ച മനുഷ്യരെപ്പറ്റിയും സുരക്ഷ പകർന്ന വഞ്ചിയെപ്പറ്റിയും അവനിപ്പോൾ തിരിച്ചറിഞ്ഞു. ബോധമുദിച്ചപ്പോൾ ശാന്തശീലനായി.’’

കഷ്ടപ്പാടുകളനുഭവിച്ചവർക്ക് അന്യരോട് പരിഗണനയും കാരുണ്യവും കൂടും. എന്നു മാത്രമല്ല, കഷ്ടപ്പാടുകൾ സഹനശീലം വർദ്ധിപ്പിച്ച് ഏത്ര മോശമായ സാഹചര്യത്തെയും അതിജീവിക്കാൻ ശേഷി പകരുകയും ചെയ്യും. ജീവിതം ചിലപ്പോൾ ഏറെ ക്ലേശിപ്പിക്കുന്ന, മാപ്പു നല്കാത്ത, ഗുരുനാഥൻ കൂടിയാണ്. കഷ്ടാനുഭവങ്ങൾ മനക്കരുത്ത് വർദ്ധിപ്പിക്കുന്നു. ഏറെ ഉയർന്ന താപനിലയിൽ ശുദ്ധിചെയ്തെടുത്താലേ തനിത്തങ്കമുണ്ടാവൂ.  ഏറെക്കറുത്ത കാർമേഘത്തിൽ നിന്നാണ് കണ്ണഞ്ചിക്കുന്ന മിന്നൽപ്രകാശം രൂപം കൊള്ളുന്നത്. സങ്കീർണപ്രശ്നങ്ങളും അത്യാഹിതങ്ങളും മഹാമനസ്സുകളെ തിളക്കമാർന്ന സർഗപ്രക്രിയകളിലേക്കു നയിച്ചിട്ടുണ്ട്.

പ്രശ്നങ്ങളെയും പ്രയാസങ്ങളെ‌യും ഉയർച്ചയ്ക്കുള്ള അവസരങ്ങളാക്കാനും, നന്മയിലേക്കുള്ള പാതയൊരുക്കാനും ആകട്ടെ നമ്മുടെ ‌ശ്ര‌മം. ആരുടെയും വിജയത്തെ അളക്കുന്നത് എത്തിച്ചേർന്ന സ്ഥാനത്തെക്കാളുപരി യാത്ര ചെയ്തെത്തിയ ദുരത്തെയും, മറികടന്ന തടസ്സങ്ങളെയും നോക്കിയാവണം. കഷ്ടകാലം മധുരം പകരുമെന്ന് ഷേക്സ്പിയർ (Sweet are the uses of adversity : As You Like It – 2:1:12).

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA