sections
MORE

29 വർഷത്തെ സേവനത്തിനു ശേഷം പൊലീസ് സേനയിൽ നിന്ന് വിട പറയുന്ന ദമ്പതികൾ

Joseph_gracy
SHARE

കൽപറ്റക്കാർക്ക് സുപരിചിതരായ പൊലീസ് ദമ്പതികൾ ഇന്ന് വിരമിക്കും. കൽപറ്റ ട്രാഫിക് എസ്ഐ ടി.എം. ജോസഫും വനിതാ സെൽ എസ്ഐ സി.വി. ഗ്രേസിയുമാണ് ജോലിയിൽ നിന്ന് ഇന്ന് വിട പറയുന്നത്. ഇരുവരുമൊരുമിച്ച് 29 വർഷത്തെ ഔദ്യോഗിക സേവനമാണെങ്കിലും ജോസഫിന് 4 വർഷം കൂടുതൽ സർവീസുണ്ട്. 1987 ജനുവരി 27ന് ജോസഫും 1991 മാർച്ച് 15ന് ഗ്രേസിയും സർവീസിൽ പ്രവേശിച്ചു. സർവീസിലിരിക്കെ 1993ൽ ആയിരുന്നു വിവാഹം. 

ഇതിനിടെ ജോസഫിന് മറക്കാനാവാത്ത ഒരുപാട് ഓർമകൾ സർവീസ് കാലത്തുണ്ടായിട്ടുണ്ട്. ഇതിൽ പ്രധാനമായത് 1990 ജൂൺ 15ന് അന്നത്തെ ജില്ലാ കലക്ടർ മൈക്കിൾ വേദ ശിരോമണിയുടെ ഗൺമാനായി ജോലി ചെയ്തപ്പോഴുണ്ടായ അനുഭവമാണ്. പുൽപള്ളി ചേകാടിക്കടുത്ത ഗ്രാമത്തിൽ കാട്ടാന ആക്രമിച്ച വീടുകൾ സന്ദർശിച്ച് തിരികെ വരുമ്പോൾ കലക്ടർ സഞ്ചരിച്ച ജീപ്പിനെ കാട്ടാന കുത്തി മറിച്ചിടുകയായിരുന്നു. കാർ പോകാത്ത റോഡിലൂടെ ജീപ്പിലായിരുന്നു കലക്ടറുടെ യാത്ര. സന്ധ്യയോടെ തിരികെ വരുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. ജീപ്പിന് പുറകിൽ ഇരുന്ന ജോസഫിന്റെ ഇരുഭാഗത്തുകൂടെയാണ് ആനയുടെ കൊമ്പ് ജീപ്പ് തുളച്ച് കയറിയത്. ഏറെ സമയം കഴിഞ്ഞ് ആന പോയതിന് ശേഷമാണ് ജീപ്പ് നേരെയാക്കി കലക്ടറെ സമീപത്തെ വീട്ടിലെത്തിച്ചത്. അവിടെ വിശ്രമിച്ച ശേഷം തിരികെ കൽപറ്റയിലെത്തിയത് പുലർച്ചെയായിരുന്നു. വാക്കി ടോക്കി പോലുമില്ലാതിരുന്ന അക്കാലത്ത് വനംവകുപ്പിന്റെ വയർലെസിലായിരുന്നു ഏറെ കഴിഞ്ഞ ശേഷം വിവരം അറിയിക്കാനായത്. 

കൂടാതെ സ്പെഷൽ ബ്രാഞ്ചിൽ ജോലി ചെയ്യുമ്പോൾ ഒട്ടേറെ അന്വേഷണവുമായും മറക്കാനാവാത്ത ഒരുപാട് ഓർമകൾ ഉണ്ടെന്ന് ജോസഫ് പറയുന്നു. കൽപറ്റ ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന ദമ്പതികൾ ഗിരിനഗർ റസിഡൻസ് അസോസിയേഷനിലും സജീവമായി പ്രവർത്തിക്കുന്നവരാണ്. 

ഒരു കലാകാരൻ കൂടിയായ ജോസഫ് ബാലെ, നാടകം, കഥാപ്രസംഗം, കോമഡിഷോ കഥാരചന, ചിത്രരചന തുടങ്ങിയ പരിപാടികളിലും പങ്കെടുക്കാറുണ്ട്. ഇതിനിടെ ‘ഇപ്പോഴും എപ്പോഴും സ്തുതിയാരിക്കട്ടെ’ എന്ന സിനിമയിൽ പൊലീസ് കമ്മിഷണറുടെ വേഷവും ചെയ്തിട്ടുണ്ട്. പരിപാടികളിൽ പാടാറില്ലെങ്കിലും ഗ്രേസിയും ചെറിയൊരു പാട്ടുകാരിയാണ്. 

വിരമിക്കുന്ന അവസരത്തിൽ ട്രാഫിക് ജോലി ചെയ്യുന്ന 20 പൊലീസുകാർക്ക് കൂളിങ് ഗ്ലാസ് കണ്ണടകൾ നൽകിയിരിക്കുകയാണ് ഈ ഉദ്യോഗസ്ഥൻ.  ഡോ. സീസ ജോസഫ്, മെഡിക്കൽ വിദ്യാർഥി സെന്റ ജോസഫ് എന്നിവർ മക്കളാണ്. കാക്കി വേഷത്തിലും സ്നേഹവും കലയും വേണ്ടുവോളം കൊണ്ടു നടക്കുന്ന ഈ ദമ്പതികൾക്ക് സഹപ്രവർത്തകരും വിവിധ സംഘടനകളും യാത്രയയപ്പുകൾ നൽകിവരികയാണ്. 

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA