sections
MORE

സ്വയം തൊഴിൽ നേടാം; സർക്കാർ തരും 10 ലക്ഷം വായ്പ!

Business
SHARE

പുതുസംരംഭകർക്ക് ഏറെ സഹായകമായി 2007 മുതൽ നൽകിവരുന്ന സ്വയംതൊഴിൽ വായ്പയാണു ‘മൾട്ടിപർപ്പസ് ജോബ് ക്ലബ്’. സംഘസംരംഭങ്ങൾ തുടങ്ങാനാണ് ഈ പദ്ധതിയിൽ പ്രോത്സാഹനം. 

വായ്പ എന്തിനൊക്കെ? 
വ്യവസായം, കച്ചവടം, സേവനം എന്നീ മേഖലകളിലെ ഏതു സ്വയംതൊഴിൽ സംരംഭത്തിനും ഈ പദ്ധതിയിൽ വായ്പ ലഭിക്കും. ബേക്കറി യൂണിറ്റുകൾ, അച്ചാർ നിർമാണം, ധാന്യപ്പൊടികൾ, ചിപ്സ്, പഴം സംസ്കരണം, ചക്കവിഭവങ്ങൾ, കാരിബാഗുകൾ, റെഡിമെയ്ഡ് വസ്ത്രനിർമാണം, മിഠായികൾ, പേപ്പർ ഉൽപന്നങ്ങൾ തുടങ്ങിയ വിവിധ യൂണിറ്റുകൾ, റിപ്പയറിങ് സർവീസ് കേന്ദ്രങ്ങൾ, ബ്യൂട്ടി പാർലറുകൾ, ലോൺട്രി സർവീസ്, ഡേ കെയർ, നഴ്സറി തുടങ്ങിയ സേവന സ്ഥാപനങ്ങൾ, സ്റ്റേഷനറി, ബേക്കറി ഷോപ്പ് തുടങ്ങിയ വ്യാപാരസ്ഥാപനങ്ങൾ, ആട്, കോഴി, പശു ഫാമുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങിയ മേഖലകൾ എന്നിവയിലെല്ലാം സ്വയംതൊഴിലിനു ജോബ് ക്ലബ് വഴി വായ്പ ലഭിക്കും. 

ഈ പദ്ധതിയിൽ 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. അതിൽ കൂടുതൽ ചെലവു വരുന്ന പദ്ധതികൾക്കും അപേക്ഷിക്കാം. 10% തുക സംരംഭകന്റെ വിഹിതമായി കണ്ടെത്തണം.  

യോഗ്യത 

∙എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ വേണം. 

∙പ്രായം 21–40. പിന്നാക്കസമുദായക്കാർക്കു 3 വർഷവും പട്ടികജാതി, പട്ടികവർഗ, വികലാംഗ വിഭാഗക്കാർക്ക് 5 വർഷവും ഇളവ് ലഭിക്കും. 

∙കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടരുത്. 

∙രണ്ടു പേരിൽ കുറയാത്ത അംഗങ്ങളുള്ള ഗ്രൂപ്പിന്റെ അപേക്ഷകളാണു പരിഗണിക്കുക. ഇവർ വ്യത്യസ്ത റേഷൻ കാർഡിൽ ഉൾപ്പെടുന്നവരാകണം. 

∙ബിരുദധാരികളായ വനിതകൾ, പ്രഫഷനൽ–സാങ്കേതിക യോഗ്യത നേടിയവർ, തൊഴിൽരഹിത വേതനം വാങ്ങുന്നവർ, ഐടിഐ–പോളിടെക്നിക് യോഗ്യതയുള്ളവർ, പ്രത്യേക പരിശീലനം സിദ്ധിച്ച പരമ്പരാഗത തൊഴിലാളികൾ എന്നിവർക്കു മുൻഗണന നൽകും. 

∙സംരംഭകർ ഏതെങ്കിലും സംരംഭകത്വ വികസന പരിശീലന പരിപാടിയിൽ പങ്കെടുത്തിരിക്കണം. 

∙ഈ പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കുന്നവർക്ക് തുടർന്നു തൊഴിൽരഹിത വേതനം ലഭിക്കില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള താൽക്കാലിക ഒഴിവുകളിലേക്കു പരിഗണിക്കുകയുമില്ല. 

അപേക്ഷാനടപടികൾ 

ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ജില്ലാ എംപ്ലോയ്മെന്റ് ഓഫിസിലോ (സെൽഫ് എംപ്ലോയ്മെന്റ് ഓഫിസർ) അപേക്ഷ നൽകാം. നിശ്ചിത ഫോമിലെ അപേക്ഷയോടൊപ്പമുള്ള ഫോർമാറ്റിൽ പ്രോജക്ട് റിപ്പോർട്ട്, തിരിച്ചറിയൽ രേഖകൾ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, റേഷൻ കാർഡ്, സ്ഥിരം ആവശ്യങ്ങളുടെ ക്വട്ടേഷൻ എന്നിവയുടെ പകർപ്പും വില്ലേജ് ഓഫിസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കണം. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ കൺവീനറുമായ സമിതിയാണ് അപേക്ഷകരെ ഇന്റർവ്യൂവിലൂടെ തിരഞ്ഞെടുക്കുക. പാസാക്കുന്ന അപേക്ഷകൾ ദേശസാൽകൃത ബാങ്കുകൾ, സംസ്ഥാന–ജില്ലാ സഹകരണ ബാങ്കുകൾ, റീജനൽ റൂറൽ ബാങ്കുകൾ, സിഡ്ബി എന്നിവയുടെ ശാഖകളിലേക്ക് അയയ്ക്കും. വായ്പ അനുവദിച്ച് വിതരണം ചെയ്യുന്നതു ധനകാര്യ സ്ഥാപനങ്ങളാണ്. വായ്പ അനുവദിച്ച ഉത്തരവു ലഭിച്ചാൽ 15 ദിവസത്തിനകം സബ്സിഡിത്തുക സംരംഭകനു വരവു വയ്ക്കണമെന്നാണു വ്യവസ്ഥ. 

ഫോമിനും വിവരങ്ങൾക്കും സമീപത്തെ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ജില്ലാ ഓഫിസിലെ സ്വയംതൊഴിൽ വിഭാഗത്തിലോ ബന്ധപ്പെടാം. www.employmentkerala.gov.in എന്ന വെബ്സൈറ്റിൽനിന്നും അപേക്ഷാഫോമും വിവരങ്ങളും ലഭിക്കും. 

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ടി. എസ്. ചന്ദ്രൻ)

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA