ADVERTISEMENT

മനസ്സിനെ നിർവചിക്കാൻ ശ്രമിച്ച ശാസ്ത്രപ്രതിഭകൾ കുറവല്ല. സിഗ്‌മണ്ട് ഫ്രോയ്ഡ് മുതൽ വില്യ യുങ്ങും വി.എസ്.രാമചന്ദ്രനും വരെയുള്ളവർ ആ വഴിയിൽ ഒരുപാടു സഞ്ചരിച്ചവരാണ്. ഈ വഴിയിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ, ഈയിടെ ഒരു പുസ്തകം വായിച്ചു. ഓഷോയുടെ പുസ്തകം. മനസ്സും ശരീരവും തമ്മിലുള്ള വ്യത്യാസം അതിൽ വിവരിക്കുന്നുണ്ട്. നമുക്കു നിയന്ത്രിക്കാൻ കഴിയുന്നതല്ല ശരീരത്തിന്റെ പ്രവർത്തനം. നമ്മുടെ അനുവാദത്തോടെയല്ല അതു പ്രവർത്തിക്കുന്നതും. ശ്വസനത്തിന്റെ കാര്യം തന്നെ എടുക്കാം. എന്തു ശ്വസിക്കുന്നെന്നും എത്ര ശ്വസിക്കുന്നെന്നുമൊക്കെ തീരുമാനിക്കുന്നത് ശരീരമാണ്. എത്രയോ അധികം മൂലകങ്ങൾ നമ്മുടെ അന്തരീക്ഷത്തിലുണ്ട്. അതിൽനിന്ന് ഓക്‌സിജൻ മാത്രമാണ് ശ്വാസകോശത്തിൽനിന്നു രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത്. ഇതു നമ്മുടെ അറിവോടെയോ സമ്മതത്തോടെയോ അല്ലതാനും. നമ്മൾ ഒരു മുട്ട കഴിക്കുവാണെന്നിരിക്കട്ടെ. അതിലെ പോഷക ഘടങ്ങളെല്ലാം ശരീരത്തിന്റെ ഓരോ അവയവങ്ങൾക്കും പ്രയോജനപ്രദമാണ്. അത് ഏതൊക്കെയാണെന്നും എത്ര അളവിൽ ഓരോ അയവങ്ങൾക്കു വേണമെന്നും ശരീരം തീരുമാനിച്ചു പ്രവർത്തിക്കുകയാണ്. 

ഇതൊക്കെ നമുക്കു തീരുമാനിക്കാവുന്ന സാഹചര്യമാണെന്നു കരുതുക. അതോടെ എല്ലാം അവതാളത്തിലാവില്ലേ? ശരീരം കൃത്യമായി ചെയ്യുന്നതുപോലെ ഒരിക്കലും നമുക്കു ചെയ്യാൻ കഴിയില്ല. ഉറക്കം, ഭക്ഷണം, വ്യായാമം... ഇത്തരം കാര്യങ്ങളോടു നമുക്കുള്ള സമീപനമെന്താണ്? ഏറെ നേരം മൊബൈലിലും കംപ്യൂട്ടറിലും നോക്കിയ ശേഷം ഉറങ്ങാൻ കിടക്കുന്നതു തന്നെ അർധരാത്രി കഴിഞ്ഞാണ്. ആവശ്യത്തിലധികം ഭക്ഷണം വാരിവലിച്ചു തിന്നുന്ന പ്രകൃതമാണ് നമ്മുടേത്. പലപ്പോഴും കഴിക്കുന്നതു ജങ്ക് ഫുഡും. ഇതിലൂടെ ശരീരത്തിനു നാം അധികം ജോലി കൊടുക്കുകയാണ്. നമ്മിൽ എത്ര പേർ കൃത്യമായി വ്യായാമം ചെയ്യുന്നു എന്നതും ചോദ്യചിഹ്നം. ശരീരത്തിന്റെ പ്രവർത്തനം നമുക്കു നിയന്ത്രിക്കാൻ കിട്ടിയപ്പോഴുള്ള അവസ്ഥ കണ്ടില്ലേ?! 

ഇനി മനസ്സിന്റെ കാര്യമെടുക്കാം. മനസ്സ് എന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു സാങ്കൽപിക പദമാണ്. നാം ജനിക്കുമ്പോൾ തികച്ചും ഒഴിഞ്ഞ, യാതൊന്നും നിറച്ചുവച്ചിട്ടില്ലാത്ത ഒരവസ്ഥയാണു മനസ്സിന്. അതിലേക്കു നമ്മുടെ സാഹചര്യങ്ങൾ, സമൂഹം ഇതൊക്കെ പലതും കുത്തിനിറയ്ക്കുകയാണ്.  മതം, ഭാഷ, വേഷം, ഭക്ഷണം, രാഷ്ട്രീയം തുടങ്ങിയവയൊക്കെ മനസ്സിലേക്ക് കടത്തിവിടുന്നത് നമ്മുടെ സാഹചര്യങ്ങളാണ്. പക്ഷേ, എല്ലാ മതവിശ്വാസിക്കും ശരീരപ്രവർത്തനം ഒരുപോലെയാണ്. പക്ഷേ, ഇവരുടെ മനസ്സ് വ്യത്യസ്തമായിരിക്കുകയും ചെയ്യും! 

മനസ്സിനെ നമുക്കു നിർവചിക്കുവാനാവില്ല. പക്ഷേ, നിയന്ത്രിക്കാനാകും. ശരീരവും മനസ്സും തമ്മിലുള്ള സുഖകരമായ ചേർച്ചയാണു ജീവിതം. സന്തോഷവും സംതൃപ്തിയും കൊണ്ടു മനസ്സിനെ ശക്തിപ്പെടുത്തിയാൽ ജീവിതം ആസ്വാദ്യകരമാക്കാം. ആ സന്തോഷവും സംതൃപ്തിയും നേടുന്നതിലെ വൈദഗ്ധ്യമാണു ശരീരത്തിന്റെ ഊർജം. ഒരു നിയന്ത്രണവുമില്ലാതെ മനസ്സിനെ കയറൂരി വിടാതിരിക്കാൻ ശ്രമിക്കാം. അലോസരപ്പെടുത്തുന്ന ചിന്തകളിൽനിന്ന് ഒഴിഞ്ഞുനിൽക്കാം. അതിനു വേണ്ടത് ആത്മധൈര്യമാണ്. ഒരിക്കൽ മാത്രമുള്ള ജീവിതത്തിൽ ശരീരത്തിന് ആവശ്യമായ സന്തോഷം മനസ്സിനു നൽകിയാൽ നാം വസിക്കുന്ന ലോകത്തിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com