ADVERTISEMENT

കേരള എൻ‌ട്രൻസിനുള്ള അപേക്ഷാ സമർപ്പണം 25ന് അവസാനിക്കും. പരീക്ഷ ഏപ്രിൽ 20, 21 ദിവസങ്ങളിലും. ഇനിയുള്ള രണ്ടു മാസത്തെ പരിശീലനം കാര്യക്ഷമമാക്കാൻ എന്തെല്ലാം ചെയ്യാം? എൻജിനീയറിങ്ങിന് ‘ഇഷ്‌ടം പോലെ’ സീറ്റുണ്ട്, എൻട്രൻസിലെ പ്രകടനം മോശമായാലും തകരാറില്ല എന്നു കരുതരുത്. നല്ല കോളജിൽ ഇഷ്ട ശാഖയിൽ പ്രവേശനം കിട്ടണമെങ്കിൽ പരമാവധി മികവു പുലർത്തിയേ മതിയാകൂ. എത്രനേരം പഠിക്കുന്നുവെന്നതിനെക്കാൾ പ്രധാനം എത്ര കാര്യക്ഷമമായി പഠിക്കുന്നുവെന്നതാണ്. എൻട്രൻസിൽ അറിവിലേറെ അഭ്യാസത്തിനാണു മുൻതൂക്കം. 50 % അറിവിന്, ശേഷിച്ച 50 % വേഗം, തന്ത്രം, ആത്മവിശ്വാസം എന്നു കരുതാം. പരിശീലനവും മോക് ടെസ്റ്റുകളും കഴിഞ്ഞെത്തുന്നവർ ഉയർന്ന റാങ്ക് കൈവരിക്കാറുണ്ട്. അതിനാൽ എൻട്രൻസ് ശൈലിക്കൊത്തു പരിശീലിക്കു‌ക.

എൻട്രൻസ്:  5   സവിശേഷതകൾ

∙ ചോദ്യങ്ങളെല്ലാം ഒബ്‌ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ്.

∙ എല്ലാം നിർബന്ധ ചോദ്യങ്ങൾ; ചോയ്സ് ഇല്ല. മാർക്കും തുല്യം.

∙ സമയക്കുറവിന്റെ പിരിമുറുക്കത്തിലിരുന്ന് യുക്‌തിപൂർവം ചിന്തിക്കേണ്ടിവരും. ഇതു ടൈം ടെസ്‌റ്റുമാണ്.

∙ എല്ലാം ഓർത്തു വയ്ക്കേണ്ടെന്നു പറഞ്ഞാലും,  തെറ്റുകൾക്കിടയിലെ ശരി തിരിച്ചറിയാൻ വിവേചനബുദ്ധി പ്രയോഗിക്കണം.

∙ എല്ലാം നേർചോദ്യങ്ങളായിരിക്കില്ല. തത്വങ്ങളുടെ പ്രയോഗത്തിലൂന്നിയും പല വിഷയഭാഗങ്ങളിലെ ആശയങ്ങൾ ചേർത്തുവച്ചും ചോദ്യങ്ങൾ വരാം.

പരിശീലനത്തിന് 5 ടിപ്സ്

∙ ഫോർമുലകളിലെ ആശയം മനസ്സിലാക്കി പഠിക്കുക. 

∙ പരീക്ഷയിൽ കാൽക്കുലേറ്ററില്ല. മനക്കണക്കും കണക്കുകൂട്ടാനുള്ള എളുപ്പവഴികളും ശീലിക്കുക.

∙ ഫോർമുലകളെല്ലാം മനഃപാഠമാക്കുക; അപ്പപ്പോൾ ഡിറൈവ് ചെയ്യാൻ നേരം കിട്ടില്ല.

∙ ഫിസിക്‌സിലെ വിവിധ അധ്യായങ്ങളിലായുള്ള ഫോർമുലകളെല്ലാം ഒരിടത്ത് ഒരുമിച്ചെഴുതിവച്ച് ഇടയ്‌ക്കിടെ നോക്കുക. മാത്‌സ്, കെമിസ്‌ട്രി ഫോർമുലകളുടെ കാര്യത്തിലും ഈ രീതി വേണം. കെമിസ്‌ട്രിയിലെ എല്ലാ രാസ സമവാക്യങ്ങളും ഒരിടത്ത് എഴുതിവയ്ക്കുക.

∙ പല കാര്യങ്ങളും നിശ്‌ചിത ക്രമത്തിൽ ഓർക്കാൻ VIBGYOR പോലെയുള്ള ഓർമസൂത്രങ്ങൾ (Mnemonics) ഉണ്ടാക്കുക.

മോക് ടെസ്റ്റ് പ്രധാനം

പരീക്ഷാ ഹാളിലെ അന്തരീക്ഷം കൃത്രിമമായി സൃഷ്‌ടിച്ച് അതിനിണങ്ങുന്ന രീതിയിൽ ആവർത്തിച്ചു സമയബദ്ധമായി മോക് ടെസ്‌റ്റ് പരിശീലിക്കുക. വിഷയങ്ങളും വിഷയഭാഗങ്ങളും മാറിമാറി നിത്യവും 30 മിനിറ്റ് നേരം വാച്ച് വച്ചു പരമാവധി ചോദ്യങ്ങൾക്കു ഉത്തരമെഴുതാൻ ശ്രമിക്കുക. വേഗം ക്രമേണ ഉയരും. വിപണിയിലും വെബ്‌സൈറ്റുകളിലും ലഭ്യമായിട്ടുള്ള മോഡൽ ചോദ്യങ്ങൾ പ്രയോജനപ്പടുത്താം.

കേരള എൻജിനീയറിങ് എൻട്രൻസിൽ 120 ചോദ്യങ്ങൾക്ക് 150 മിനിറ്റിൽ ഉത്തരം അടയാളപ്പെടുത്തണം. ഓരോ ചോദ്യത്തിനും നേർക്ക് അഞ്ചുത്തരങ്ങൾ തന്നിരിക്കും. ഒരു ചോദ്യം വായിച്ച് ആലോചിച്ച് ഉത്തരം അടയാളപ്പെടുത്താൻ ശരാശരി 75 സെക്കൻഡ്.

പരിശീലന സമയത്ത് ഉത്തരം അടയാളപ്പെടുത്തിപ്പോകുമ്പോൾ അവ ശരി തന്നെയോ എന്നു പരിശോധിക്കാൻ ഇടയ്‌ക്കിടെ ടെക്‌സ്‌റ്റ്‌ ബുക്കിലേക്കു പോകരുത്. 30 മിനിറ്റും തീർന്നിട്ട് ഉത്തരങ്ങൾ പരിശോധിച്ചു തെറ്റുണ്ടെങ്കിൽ മനസ്സിലാക്കാം.

പരീക്ഷയ്ക്കും   5 ടിപ്സ്

∙ ചോയ്സില്ലാത്ത പരീക്ഷയായതിനാൽ ചോദ്യങ്ങളെല്ലാം തുടക്കത്തിൽ ഒരു തവണ വായിച്ചുനോക്കി നേരം പാഴാക്കാതിരിക്കുക.

∙ ഒന്നാമത്തെ ചോദ്യം മുതൽ മുറയ്‌ക്കു വായിച്ച്, അപ്പപ്പോൾ ഉത്തരം അടയാളപ്പെടുത്തിപ്പോകുക.

∙ ചോദ്യം കഠിനമെങ്കിൽ നേരം കളയാതെ ആദ്യ റൗണ്ടിൽ ഒഴിവാക്കാം. ആവശ്യമെങ്കിൽ രണ്ടാം റൗണ്ടിലും ഈ രീതിയാകാം. ഒടുവിലുള്ള ഏതാനും ചോദ്യങ്ങൾ വായിക്കാൻ പോലും നേരം കിട്ടിയില്ലെന്ന പരാതി ഒഴിവാക്കുക.

∙ കടലാസിലെ പരീക്ഷയിൽ മഷികൊണ്ട് അടയാളപ്പെടുത്തിയ ഉത്തരം തിരുത്താൻ കഴിയില്ല. Think before you ink.

∙ തെറ്റിനു മാർക്ക് കുറയ്ക്കുമെന്നതിനാൽ ‘കുലുക്കിക്കുത്ത്’ വേണ്ട.

English Summary: Entrance practice and mock test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com