ADVERTISEMENT

സൈക്കിൾ ചവിട്ടുന്ന കുട്ടികൾക്കുപോലുമറിയാം, നീങ്ങിക്കൊണ്ടേയിരുന്നില്ലെങ്കിൽ മറിഞ്ഞുവീണതു തന്നെ. പുരോഗതി ആഗ്രഹിക്കുന്ന സ്ഥാപനങ്ങളുടെ കഥയും അതു പോലെ. മത്സരിച്ചു നിൽക്കുന്ന സ്ഥാപനങ്ങളിൽ വരുന്ന മാറ്റങ്ങൾ പകർത്തുകയെന്നതല്ല, അവർ സ്വപ‌്നം കാണുകപോലു‌ം ചെയ്യാത്ത പുതു‌മകൾ അവതരിപ്പിക്കുകയുമാണ് മികവിലേക്കുള്ള വഴി. ഇന്നലെ ചെയ്ത‌ത‌ു തന്നെ നാളെയും ആവർത്തിക്കാമെന്നു കരുതി മടിപിടിച്ചിരുന്നാൽ കിടമത്സരത്തിൽ പിൻതള്ളപ്പെടും. പാടിപ്പതിഞ്ഞ പാട്ടുകൾ മാത്രം പാടിയാൽ പോരാ, പുതിയ പാട്ടുകൾ കണ്ടെത്തി പാടുകയും വേണം.

കമ്പനികളുടെ മാത്രമല്ല, നമ്മുടെ  ജീവിതത്തിലും സമീപനം വളർച്ചയുടേതായിരിക്കണം. നാട്ടിലുണ്ടാകുന്ന നല്ല പരിഷ്കാരങ്ങൾ സ്വീകരിക്കാൻ വിമുഖത വേണ്ട. കെട്ടിക്കിടന്ന് മലിനമാകുന്ന വെള്ളംപോലെയാകരുത് ജീവിതം. എന്നും മുന്നേറണം. വെല്ലുവിളികളെ നേരിടണം.

ലഭ്യമായ സമയത്ത് കൂടുതൽ ചെയ്തുതീർക്കാൻ സ്വീകരിക്കാവുന്ന മാർഗമാണ് ‘ഡെഡ്‌ലൈൻ’ രീതി. അടുത്ത വെള്ളിയാഴ്ച അഞ്ചു മണിക്കകം ഇന്ന കാര്യം ചെയ്തുതീർക്കുമെന്ന് മുൻകൂട്ടി തീരുമാനിച്ച് പ്രവർത്തിക്കാം. അപ്രതീക്ഷിതതടസ്സങ്ങൾ വന്നാലും, വെള്ളിയാഴ്ചയല്ലെങ്കിൽ ശനിയാഴ്ചയെങ്കിലും ജോലി തീരും. രണ്ടു വർഷം കൊണ്ട് ഒരു നോവൽ എഴുതിപ്പൂർത്തിയാക്കണമെന്നു തീരുമാനിച്ചു മുന്നേറുന്ന എഴുത്തുകാരൻ ആറു മാസവും 12 മാസവും 18 മാസവും കഴിയുമ്പോൾ എത്ര തീർന്നു, ലക്ഷ്യം നേടണമെങ്കിൽ എഴുത്തിന്റെ ശ‌ൈലിയിൽ മാറ്റം വല്ലതും വേണോ എന്നെല്ലാം ചിന്തിക്കാൻ ഇടയുണ്ട്. ദൃഢനിശ്ചയമുണ്ടെങ്കിൽ മാറ്റം വരുത്തും, ലക്ഷ്യം നേടും, വിജയിക്കും. ഇത് ഡെഡ്‌ലൈൻ നൽകുന്ന സൗകര്യമാണ്. നേരേമറിച്ച് കുത്തഴിഞ്ഞ പുസ്തകം പോലെയാണ് കാര്യങ്ങളെങ്കിൽ, ലക്ഷ്യസ്ഥാനത്തെത്താൻ  ഏറെ വൈകാനോ, ഒരിക്കലും എത്താതെ പോകാനോ സാധ്യതയുണ്ട്.

ഇത് ആസൂത്രണത്തിന്റെ കാര്യംകൂടെയാണ്. ‘പ്ലാൻ യുവർ വർക് ആൻഡ് വർക് യുവർ പ്ലാൻ’ എന്ന വാക്യത്തിന് ഏതു ജോലി തീർക്കുന്ന കാര്യത്തിലും പ്രസക്തിയുണ്ടല്ലോ. അവ്യവസ്ഥിതമായി കാര്യങ്ങൾ ചെയ്യുന്നതു ശീലമാക്കി, സ്വന്തം കഴിവുകൾ പ്രയോജനപ്പെടുത്താതെ നഷ്ടപ്പെടുന്നതു ശീലമാക്കിയവരുണ്ട്. അവരോട് ഇതെല്ലാം പറഞ്ഞാൽ, പല മുട്ടുന്യായങ്ങളും കാട്ടി ആസൂത്രണവും അതനുസരിച്ചുള്ള പ്രവർത്തനവും അവർക്ക് അസാധ്യമെന്നു വാദിച്ചുകളയും. അതു വിജയത്തിലേക്കുള്ള വഴിയല്ല, തീർച്ച.

അസാധാരണപ്രതിഭാശാലികളായ ചിത്രകാരന്മാരും കവികളും മറ്റും ഡെഡ്‌ലൈൻ കൂടാതെയും, വാച്ചിന്റെയോ കലണ്ടറിന്റെയോ അടിമയാകാതെയും, പ്രചോദനം വന്നുചേരുന്ന മുറയ്ക്ക് സ്വാഭാവികമായി പ്രവർത്തിച്ച് അദ്ഭുതങ്ങൾ സൃഷ്ടിക്കാറുണ്ടായിരിക്കാം. പക്ഷേ നമ്മെപ്പോലെയുള്ള സാധാരണക്കാർക്ക് ഡെഡ്‌ലൈൻരീതി തീർച്ചയായും ലക്ഷ്യപ്രാപ്തിക്കു സഹായകമാകും. 

ദിനപത്രങ്ങളിൽ പ്രവർത്തിക്കുന്ന ജേണലിസ്റ്റുകൾ ഡെഡ്‌ലൈൻ  അടുക്കുമ്പോഴേക്കും കാര്യക്ഷമതയുടെ കൊടുമുടിയിലെത്തുന്നു. ‘ഒൻപതു മണിക്കു നല്‍കേണ്ട കോപ്പി അപ്പോൾ പ്രസ്സിലെത്തിച്ചില്ലെങ്കിൽ പിറ്റേന്നു പത്രത്തിൽ വരില്ല, മത്സരിച്ചു നിൽക്കുന്ന പത്രം ആ സ്റ്റോറി കൊടുക്കുകയും ചെയ്യും’ എന്നതു പതിവായാൽ ആ ജേണലിസ്റ്റിന്റെ നിലനിൽപ്പുതന്ന‌െ തകരാറിലാകും. നഷ്ടപ്പെട്ടു പോയ ഡെഡ്‌ലൈനുകളെപ്പറ്റി പശ്ചാത്തപിക്കാൻ ഇട നല്കാതിരിക്കാം.

പ്രശസ്ത കോമിക്ബുക് എഴുത്തുകാരിയായ ജെസിക്കാ ഏബൽ പറഞ്ഞു, ഡെഡ്‌ലൈനുകളില്ലെങ്കിൽ എനിക്ക് ഒരു ചുക്കും ചെയ്യാനാവുമായിരുന്നില്ല. അവ മാത്രമാണെനിക്ക് പ്രചോദനം. മറ്റാരും നിർദ്ദേശിക്കാതെ നാം സ്വയമുണ്ടാക്കുന്ന ഡെഡ്‌ലൈനുകളാകുമ്പോൾ, അവ പാലിക്കുന്നതു രസകരമാകും. 

നാലും അഞ്ചും പ്രസിദ്ധീകരണങ്ങളിൽ ഒരേ സമയം വീഴ്ചകൂടാതെ തുടർനോവലുകൾ എഴുതിവന്ന പ്രശസ്ത എഴുത്തുകാരനോട് ഒരിക്കൽ  ചോദിച്ചു, അദ്ദേഹത്തിന് ഇതെങ്ങനെ കഴിയുന്നുവെന്ന്. രണ്ടു ചിട്ടകളാണ് അദ്ദേഹത്തിന്. ഒന്ന്, ഓരോ വാരികയ്ക്കും മാറ്റർ നല്കാനുള്ള ഡെഡ്‌ലൈൻ എഴുതിവയ്ക്കും. രണ്ട്, ഓരോ നോവലിനും ഒരു കാർഡ് വച്ച് കഥ തുടങ്ങുന്ന വർഷം അടിസ്ഥാനമാക്കി ഓരോ കഥാപാത്രത്തിന്റെയും പ്രായവും മറ്റു കഥാപാത്രങ്ങളോടുള്ള ബന്ധവും എഴുതിവയ്ക്കും. കഥകളെല്ലാം സമയത്തു മുറയ്ക്കു വരും; കഥകളിൽ വൈരുധ്യമൊന്നും വരില്ല.

നമുക്കു സ്വപ്നങ്ങൾ വേണം; പക്ഷേ അവ ലക്ഷ്യങ്ങളാകണമെങ്കിൽ ഡെഡ്‌ലൈനും വേണം. ഡെഡ്‌ലൈനുകൾ പ്രായോഗികമാകണം; പത്തു വനിതകൾ ഒത്തുപിടിച്ചാലും ഒരു മാസം കൊണ്ട് കുഞ്ഞിനു ജന്മം നൽകാനാവില്ല.

English Sumamry: Deadline Method for Efficiency and Career Growth 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com