ADVERTISEMENT

വൈദ്യുതാഘാതം ഏൽക്കാൻ ആരും ഇഷ്ടപ്പെടുന്നുണ്ടാകില്ല. എന്നാൽ, ഷോക്കടിപ്പിക്കുന്നതിനു കാശ് കിട്ടുന്ന ജോലി കിട്ടിയാലോ? മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിലാണ് ഷോക്കടിപ്പിച്ചു വരുമാനം നേടാൻ അവസരമുള്ളത്! മെക്സിക്കോയിലെ തെരുവുകളിൽ തടികൊണ്ടു നിർമിച്ച ചെറിയ പെട്ടിയുമായി കറങ്ങുന്നവരെ കാണാം. ടോക്സ് (Toques) എന്നാണ് ഇവർ അറിയപ്പെടുന്നത്. ആളുകളുടെ അടുത്തു ചെന്ന് ഇവർ ചോദിക്കും‘ ‘ഒരു ഷോക്ക് തരട്ടെ?’. മിക്കവരും സമ്മതിക്കുകയും ചെയ്യും. ഉടനെ പെട്ടിയിൽനിന്നു ഷോക്കടിപ്പിക്കുന്ന ചെറിയൊരു ഉപകരണമെടുത്ത്, സമ്മതിച്ചയാളുടെ കൈവിരലുകളിൽ ഘടിപ്പിക്കും. എന്തിനാണ് ഇങ്ങനെ ഷോക്കടിക്കാ‍ൻ നിന്നുകൊടുക്കുന്നത് എന്ന് ആളുകളോടു ചോദിച്ചാൽ ഉത്തരം ഇങ്ങനെയാകും: ‘വെറുതെ, ഒരു നേരംപോക്കിന്!’. 

കാശു തരും ഷോക്ക്

ഒരു ഷോക്കിനു 2 മുതൽ 4 വരെ ഡോളർ ടോക്സുകൾക്കു ലഭിക്കും. വിവിധ ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണു മിക്കവാറും ഷോക്കടിപ്പിക്കുന്നവർ നിരത്തുകളിലിറങ്ങുന്നത്. ബാറുകൾക്കും പബ്ബുകൾക്കും മുന്നിലും ഇവരുണ്ടാകും. കൈവിരലുകളിലാണു ഷോക്കടിപ്പിക്കുക. 20 വോൾട്ട് വൈദ്യുതിയുടെ ആഘാതമാണ് ആദ്യം ഏൽപിക്കുക. പതുക്കെ വോൾട്ടേജ് വർധിപ്പിക്കും. എത്ര വോൾട്ടേജ് വരെ പിടിച്ചുനിൽക്കും എന്നറിയാനാണിത്. 60 വോൾട്ട് വരെയൊക്കെ ചിലപ്പോൾ പോയേക്കാം. (അതിനപ്പുറം പോയാൽ ആള് തട്ടിപ്പോയെന്നും വരാം). 50 വർഷത്തിലേറെയായി മെക്സിക്കോ സിറ്റിയിൽ നിലനിൽക്കുന്ന ‘ആചാരമാണിത്’. 

‘കൈവിട്ട’ കളി 

ഷോക്ക് തരുന്ന ഉന്മാദാവസ്ഥ ആസ്വദിക്കാനാണു മിക്കവരും ഇതിന് അനുവദിക്കുന്നതത്രെ ചിലരാണെങ്കിൽ തങ്ങളുടെ കഴിവു തെളിയിക്കാനും. കൂട്ടുകാർ സംഘം ചേർന്നു കൈകോർത്തു പിടിക്കും. എല്ലാവരും ഷോക്കിനെ അതിജീവിക്കണം. ആരെങ്കിലും ഒരാൾ കൈവിട്ടാൽ അയാൾ കളിയിൽനിന്നു പുറത്താകും. ഫുട്ബോൾ താരം ഡേവിഡ് ബെക്കാം 2015 ൽ മെക്സിക്കോ സിറ്റിയിൽ ഇതു കളിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

ഇത്രയുമൊക്കെ കേട്ട സ്ഥിതിക്ക് ഇതങ്ങു പരീക്ഷിക്കാമെന്നു കരുതേണ്ട. സംഗതി അത്ര അപകടകരമല്ലെങ്കിലും ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർക്ക് ഇതു മാരകമായേക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com