ADVERTISEMENT

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് (രണ്ടു കാറ്റഗറികളിലായി), ലാസ്റ്റ് ഗ്രേഡ് തസ്തികകൾക്കായി പിഎസ്‌സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകളിൽ ആകെ 25,287 പേർ. എന്നിട്ടും മൂന്നു കാറ്റഗറികളിലുമായി ഇതുവരെ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത് 1435 ഒഴിവുകൾ.

നൂറോളം പൊതുമേഖലാ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് നിയമനം പിഎസ്‌സി വഴിയാക്കിയിട്ടും  പകുതി സ്ഥാപനങ്ങൾ പോലും ഒഴിവുകൾ  റിപ്പോർട്ട് ചെയ്യുന്നില്ല. നിയമനത്തിനുള്ള ചട്ടം (സ്പെഷൽ റൂൾസ്)  യഥാസമയം തയാറാക്കാൻ സ്ഥാപന മേധാവികൾ തയാറാകാത്തതാണ് പിഎസ്‌സി വഴിയുള്ള നിയമനത്തിനു  തടസം. സർക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പല സ്ഥാപനങ്ങളും ഇക്കാര്യത്തിൽ ഒളിച്ചുകളി തുടരുകയാണ്.    അസിസ്റ്റന്റിന്റെ രണ്ടു കാറ്റഗറികളിലായി 1016 ഒഴിവും ലാസ്റ്റ് ഗ്രേഡിന്റെ 419 ഒഴിവുകളുമാണ് ഇതുവരെ വിവിധ സ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

25 സ്ഥാപനങ്ങൾ; 1300ൽ അധികം ഒഴിവുകൾ
ലഭ്യമായ കണക്കുകൾ പ്രകാരം   75ൽ അധികം  പൊതുമേഖലാ സ്ഥാപനങ്ങൾ സ്പെഷൽ റൂൾസ് തയാറാക്കാതെ പിഎസ്‌സി നിയമനത്തിനു തടയിടുന്നുണ്ട്. ഇതിൽ 25 സ്ഥാപനങ്ങളിലായി 1300ൽ അധികം തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. സ്വന്തം നിലയ്ക്കാണ് ഈ സ്ഥാപനങ്ങൾ നിയമനം നടത്തുന്നത്.  നിലവിൽ പിഎസ്‌സി വഴി നിയമനം നടത്തുന്ന ചില വകുപ്പുകളും സ്ഥാപനങ്ങളുമാകട്ടെ എല്ലാ തസ്തികകളിലും നിയമനം പിഎസ്‌സി വഴി നടത്തുന്നുമില്ല. നിയമനച്ചട്ടം തയാറാക്കാത്ത/ ഭേദഗതി വരുത്താത്ത ചില സ്ഥാപനങ്ങളും നിലവിലുള്ള ഒഴിവും ചുവടെ.

ഫിഷറീസ് വകുപ്പ്– 53
മിൽമ– 166
കേരള ഫീഡ്സ്– 40
ഡയറ്റ്– 86
സർവ വിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട്– 56
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്– 26
സീതാറാം ടെക്സ്റ്റൈൽസ്– 10
കേരള ഒാട്ടമൊബീൽസ്– 29
അനർട്ട്– 39
ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്– 4
ഭൂവിനിയോഗ ബോർഡ്– 7
റോഡ്സ് ആൻഡ് ഡവലപ്മെന്റ് കോർപറേഷൻ– 9
ജൈവവൈവിധ്യ ബോർഡ്– 8 

78 ഒഴിവ് മിണ്ടാതെ ഹൗസിങ് ബോർഡ് 
സംസ്ഥാന ഹൗസിങ് ബോർഡിൽ നിലവിലുള്ള 82 ലാസ്റ്റ് ഗ്രേഡ് ഒഴിവുകളിൽ 4 എൻജെഡി ഒഴിവുകൾ മാത്രമാണ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബാക്കി 78 ഒഴിവുകളെ കുറിച്ചു ഹൗസിങ് ബോർഡ് മിണ്ടുന്നില്ല. ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിലെ തസ്തിക ഉൾപ്പെടെ വിവിധ കാറ്റഗറികളിലായി 205 തസ്തിക റദ്ദാക്കാൻ ബോർഡ് ആലോചിക്കുന്നുണ്ട്. ഇതോടൊപ്പം ഒഴിഞ്ഞു കിടക്കുന്ന 481 തസ്തിക റദ്ദാക്കാനും നീക്കമുണ്ട്. ജീവനക്കാരുടെ ശമ്പളം, വിരമിച്ചവരുടെ പെൻഷൻ തുടങ്ങിയവ നൽകുന്നതിനുപോലും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പിഎസ്‌സി വഴി പുതിയ നിയമനങ്ങൾ നടത്തി അധിക സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാകില്ലെന്നു ഹൗസിങ് ബോർഡ് അധികൃതർ പറയുന്നു. 

ലിസ്റ്റിലുള്ളവർ കാത്തിരിപ്പിൽ 
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ റാങ്ക് ലിസ്റ്റുകളിൽ ഏറ്റവും കൂടുതൽ പേരെ ഉൾപ്പെടുത്തിയിട്ടുള്ളത് ലാസ്റ്റ് ഗ്രേഡ്  ലിസ്റ്റിലാണ്– 9615. ഏറ്റവും കുറവ് ഉദ്യോഗാർഥികൾ ഒൗഷധി, ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ് തുടങ്ങിയവയ്ക്കായി പ്രസിദ്ധീകരിച്ച അസിസ്റ്റന്റ് ലിസ്റ്റിൽ– 7702. കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളിലേക്കു പ്രസിദ്ധീകരിച്ച അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ 7970 പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്.  ഈ തസ്തികകളുടെ മുൻ ലിസ്റ്റുകളിൽ നിന്ന് ആകെ നടന്നത് 8447 നിയമനശുപാർശയാണ്.  റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്ന സ്ഥിതിക്ക് കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com