sections
MORE

കേരളത്തിന്റെ ഭാവി എന്താകും? നല്ല ഐഡിയകൾ നൽകി വിദ്യാർഥികൾ

professional-student-summit
SHARE

‘‘നമ്മുടെ സർക്കാർ ഓഫിസുകളിലും പൊലീസ് സ്റ്റേഷനുകളിലുമെല്ലാം എത്ര വാഹനങ്ങളാണു തുരുമ്പെടുത്തു നശിക്കുന്നത്. അവ എങ്ങനെയെങ്കിലും ഉപയോഗിക്കാൻ സാധിക്കാത്തത് എന്തുകൊണ്ട് ?’’ – കൊച്ചിയിൽ നടന്ന പ്രഫഷനൽ സ്റ്റുഡന്റ്സ് സമ്മിറ്റിലെ ക്ലസ്റ്റർ ചർച്ചയിൽ ഒരാളുടെ ചോദ്യം. ഇങ്ങനെ നമുക്കു ചുറ്റിലുമുള്ള പ്രശ്നങ്ങളിൽനിന്നുയർന്ന നൂറു നൂറു ചോദ്യങ്ങൾ.

ആ ചോദ്യങ്ങളായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമും (അസാപ്) ചേർന്നു സംഘടിപ്പിച്ച പ്രഫഷനൽ സ്റ്റുഡന്റ്സ് സമ്മിറ്റിന്റെ ശക്തിയും. 400 പ്രഫഷനൽ കോളജുകളിൽനിന്നായി 2000 വിദ്യാർഥികളാണു സംഗമത്തിൽ പങ്കെടുത്തത്.

മെഡിസിൻ, എൻജിനീയറിങ്, മാനേജ്മെന്റ്, ഫിഷറീസ്, നിയമം, കൃഷി, കംപ്യൂട്ടർ സയൻസ് എന്നിങ്ങനെ 12 മേഖലകളായി തിരിഞ്ഞുള്ള ചർച്ചകൾക്കൊടുവിൽ തങ്ങളുടെ ശുപാർശകൾ വിദ്യാർഥികൾ മുഖ്യമന്ത്രി പിണറായി വിജയനു മുൻപാകെ വച്ചു. പുതിയ ചിന്തയുടെ തെളിച്ചമുള്ള, കേരളത്തിന്റെ ഭാവി സ്വപ്നം കാണുന്ന ചില നിർദേശങ്ങളും അതിലുണ്ടായിരുന്നു.

വരട്ടെ, നാനോ വളങ്ങൾ
എല്ലായിടത്തും ഇപ്പോൾ നാനോയുടെ കാലമാണ്. കാർഷിക രംഗത്തും നാനോ സാങ്കേതികവിദ്യയ്ക്ക് ഊന്നൽ നൽകണമെന്നാണു കാർഷിക സർവകലാശാലയിലെ വിദ്യാർഥി സുരഭി ലൂക്കോസിന്റെ നിർദേശം. ആവശ്യമുള്ള സ്ഥലത്തു മാത്രം വളപ്രയോഗം നടത്തി മികച്ച ഉൽപാദനം കൈവരിക്കാം. സുസ്ഥിര, ജൈവകൃഷിക്ക് ഊന്നൽ നൽകണം.

കുട്ടികൾ നിയമം പഠിക്കട്ടെ
സ്കൂൾ തലം മുതൽ കുട്ടികൾ നിയമം പഠിക്കണമെന്നാണു തിരുവനന്തപുരം നാലാഞ്ചിറ മാർ ഗ്രിഗോറിയസ് ലോ കോളജിലെ നിയമ വിദ്യാർഥി സിറിൽ സജിയുടെ നിർദേശം. തർക്ക പരിഹാരത്തിനുള്ള ബദൽ സംവിധാനങ്ങൾക്കു കൂടുതൽ ഊന്നൽ വേണം, നൈപുണ്യ വികസനത്തിൽ ഊന്നിയുള്ള പ്രാക്റ്റിക്കൽ സെഷനുകൾ കൂടുതലായി നിയമ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തണമെന്നും നിയമ വിദ്യാർഥികൾ ആവശ്യപ്പെട്ടു.

‘റെഡിമെയ്ഡ്’ വീടുകൾ
നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പൊതു കെട്ടിട നിർമാണം വേഗത്തിലും കുറഞ്ഞ ചെലവിലുമാക്കണമെന്ന് കോതമംഗലം മാർ ബസേലിയോസ് കോളജിലെ സിവിൽ എൻജിനീയറിങ് വിദ്യാർഥി കിരൺ ചന്ദ്രൻ പറഞ്ഞു. ജിഎഫ്ആർജി (ഗ്ലാസ് ഫൈബർ റീഎൻഫോഴ്സ്ഡ് ജിപ്സം) പാനലുകൾ പ്രയോജനപ്പെടുത്തിയാൽ കെട്ടിട നിർമാണത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാം. ഈ സാങ്കേതികവിദ്യ കേരളത്തിലെത്തിയിരുന്നെങ്കിലും അനുകൂല വിപണനസാഹചര്യങ്ങൾ ഇല്ലാത്തതു തിരിച്ചടിയാകുകയായിരുന്നു.

മലയാളമുൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലൂടെ കാർഷിക മേഖലയിലെ സാങ്കേതികവിദ്യകൾ കൈകാര്യം ചെയ്യാൻ കഴിയണമെന്ന് കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥി അമൃത കെ. അനിൽകുമാർ പറഞ്ഞു. 

നാച്വറൽ ലാംഗ്വിജ് പ്രോസസിങ് (എൻഎൽപി) സാങ്കേതികവിദ്യയിലൂടെ സൈബർ സുരക്ഷയിൽ വലിയ മുന്നേറ്റമുണ്ടാക്കാനാവും. ഡേറ്റാ വിശകലനത്തിലൂടെ ഡിജിറ്റൽ സുരക്ഷ ഭീഷണിയുടെ വിദൂര സാധ്യത പോലും കണ്ടെത്താനാവും.

സ്റ്റാർട്ടപ് കാലം
എല്ലാവരും സംരംഭകരാകുന്ന സ്വപ്നമാണ് കുസാറ്റിലെ മാനേജ്മെന്റ് വിദ്യാർഥി എ. അഖിൽ പങ്കുവച്ചത്. പ്രശ്നങ്ങൾക്കു പോംവഴി കണ്ടെത്താൻ കഴിയുന്നവർക്കെല്ലാം സംരംഭകരാവാൻ കഴിയും. അവർക്ക് അതിനുള്ള വഴി തുറക്കാനുള്ള മെന്ററിങ്, ഏകജാലക സംവിധാനങ്ങൾ സർക്കാർ ഒരുക്കണം.

കൊയ്യാനിറങ്ങട്ടെ, ടൂറിസ്റ്റുകൾ
നമ്മുടെ കൃഷി വിനോദസഞ്ചാരികൾക്കു നേരിട്ട് അനുഭവിക്കാൻ കഴിയുന്ന തരത്തിലേക്കു ടൂറിസം വികസിപ്പിക്കണമെന്നായിരുന്നു വെറ്ററിനറി സയൻസ് വിദ്യാർഥി ടിറ്റു ഏബ്രഹാമിന്റെ നിർദേശം. മൃഗക്ഷേമ രംഗത്ത് ഡേറ്റാ മാനേജ്മെന്റ് ഫലപ്രദമായി വിനിയോഗിക്കാനാവണം.

എൻജിനീയറിങ് മേഖലയിൽ ഗവേഷണത്തിന് ഊന്നൽ നൽകാൻ സർക്കാർ സഹായം ലഭ്യമാക്കണം, സ്കൂളുകളിൽ കരിക്കുലത്തിന്റെ ഭാഗമായി തന്നെ പ്രഥമ ശുശ്രൂഷ ഉൾപ്പെടുത്തണം, ആയുഷ് സ്ഥാപനങ്ങളിൽ സംരംഭക സെല്ലുകൾ വേണം, മത്സ്യത്തൊഴിലാളികൾക്ക് ഇടനിലക്കാരില്ലാതെ സഹകരണ സംഘങ്ങൾ വഴി വിൽപനയ്ക്കു സൗകര്യമൊരുക്കണം, അവരുടെ വൈദഗ്ധ്യം പരസ്പരം പ്രയോജനപ്പെടുത്താൻ മൊബൈൽ ആപ്ലിക്കേഷനുകൾ വികസിപ്പിക്കണം, സംസ്ഥാനത്തെ വെള്ളപ്പൊക്ക, വരൾച്ചബാധിത പ്രദേശങ്ങളുടെ മാപ്പിങ് നടത്തണം തുടങ്ങിയ നിർദേശങ്ങളും സംഗമത്തിൽ ഉയർന്നു.

വലിയ മാറ്റങ്ങളിലേക്കു വഴി തുറന്നു എന്നതല്ല സംഗമത്തിന്റെ നേട്ടം. എന്നാൽ നാടിന് ആവശ്യമുള്ള വലിയ മാറ്റങ്ങളിൽ പങ്കാളികളാകാൻ തങ്ങൾക്കും അവസരമുണ്ടെന്ന ചിന്ത വിദ്യാർഥികളിലുണർത്താൻ കഴിഞ്ഞെന്നതാണ്; പാഠപുസ്തകത്തിന്റെ ഇത്തിരിവട്ടം വിട്ട് ചുറ്റുമുള്ള ലോകത്തേക്കു കൂടുതൽ കണ്ണോടിക്കണമെന്ന ബോധ്യം സൃഷ്ടിച്ചെന്നതാണ്. 

devadas_menon

പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ എപ്പോഴും ഐഐടി പ്രഫസർ തന്നെ വരണമെന്നു പറയരുത്. പ്രാദേശിക വികസന പ്രശ്നങ്ങൾക്കു സ്വയം പരിഹാരം കണ്ടെത്താൻ കഴിയണം. ആ വിപ്ലവം വിദ്യാർഥികളിൽനിന്നു തുടങ്ങണം. 

ഡോ. ദേവദാസ് മേനോൻ
ഇൻസ്റ്റിറ്റ്യൂട്ട് ചെയർ പ്രഫസർ, സിവിൽ എൻജിനീയറിങ് വിഭാഗം, ഐഐടി മദ്രാസ്

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA