sections
MORE

സിവിൽ സർവീസ് പരീക്ഷ വീണ്ടുമെത്തുന്നു; ഇന്റർവ്യൂ മോശമായാലും ജോലിക്കു ചാൻസ്!

civil_service_preparation
SHARE

ഐഎഫ്‌എസ്, ഐഎഎസ്, ഐപിഎസ് അടക്കം 24 സർവീസുകളിലേക്ക് യുപിഎസ്‌സി നടത്തുന്ന സിവിൽ സർവീസസ് പരീക്ഷയുടെ ആദ്യഘട്ടമായ പ്രിലിമിനറിക്കു മാർച്ച് 3 വരെ അപേക്ഷിക്കാം. https://upsconline.nic.in 

ചില വർഷങ്ങളിൽ സർവീസുകളുടെ എണ്ണത്തിൽ നേരിയ വ്യത്യാസം വരാം. പരീക്ഷ മേയ് 31ന്. ആകെ 796 ഒഴിവുകളാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. അപേക്ഷിക്കാനുള്ള വിശദനിർദേശങ്ങൾ സൈറ്റിലുണ്ട്. യുപിഎസ്‌സി സംബന്ധിച്ച വിവരങ്ങൾക്ക് https://upsc.gov.in എന്ന സൈറ്റ് നോക്കാം.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവയും പ്രിലിമിനറി പരീക്ഷാകേന്ദ്രങ്ങളിൽപ്പെടും. ആദ്യമാദ്യം ചോദിക്കുന്നവർക്ക് കേന്ദ്രം അനുവദിക്കുന്ന രീതിയാണ്. മെയിനിന് കേരളത്തിൽ തിരുവനന്തപുരം മാത്രമാണു കേന്ദ്രം.

അപേക്ഷായോഗ്യത
ഏതെങ്കിലും വിഷയത്തിലെ സർവകലാശാലാബിരുദം അഥവാ തുല്യയോഗ്യത മതി. മിനിമം മാർക്ക് നിബന്ധനയില്ല. മെയിൻ പരീക്ഷയ്‌ക്ക് അപേക്ഷിക്കുമ്പോൾ യോഗ്യതാപരീക്ഷ ജയിച്ച വിവരം അറിയിക്കാൻ കഴിയുന്ന അവസാന വർഷ ബിരുദ വിദ്യാർഥികളുടെ അപേക്ഷയും പരിഗണിക്കും.

മെഡിക്കൽ ബിരുദക്കാർ ഇന്റേൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഇന്റർവ്യൂ നേരത്ത് ഹാജരാക്കിയാൽ മതി സാങ്കേതികബിരുദത്തിനു തുല്യമായ പ്രഫഷനൽ യോഗ്യതയുള്ളവർക്കും പരീക്ഷയെഴുതാം. 

പ്രായം 2020 ഓഗസ്‌റ്റ് ഒന്നിന് 21 – 32 വയസ്സ്. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് യഥാക്രമം 37, 35 വയസ്സു വരെയാകാം; നിർവചിക്കപ്പെട്ട ഭിന്നശേഷിക്കാർക്ക് 42 വരെയും. വിമുക്‌തഭടന്മാർക്കും ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃതം ഇളവുണ്ട്. 

ആറു തവണ വരെ സിവിൽ സർവീസസ് പരീക്ഷയ്‌ക്ക് ഇരിക്കാം. പ്രിലിമിനറിയിലെ ഒരു പേപ്പറിനെങ്കിലും ഇരിക്കുന്നത് ചാൻസായി കണക്കാക്കും. പിന്നാക്കവിഭാഗക്കാർക്കും ജനറൽ / സാമ്പത്തികപിന്നാക്ക വിഭാഗത്തിലെ ഭിന്നശേഷിക്കാർക്കും ഒൻപതു തവണ വരെ എഴുതാം. പട്ടികവിഭാഗക്കാർക്ക് എത്ര തവണ വേണമെങ്കിലുമെഴുതാം; പ്രായപരിധി കടക്കരുതെന്ന് മാത്രം. 

പ്രിലിമിനറി
പ്രിലിമിനറി മികവു പുലർത്തിയാലേ മെയിൻ പരീക്ഷയെഴുതാൻ യോഗ്യത ലഭിക്കൂ. പക്ഷേ പ്രിലിമിനറിയിലെ മാർക്ക് അന്തിമ റാങ്കിങ്ങിനു പരിഗണിക്കില്ല. അതിന് ആധാരമായെടുക്കുന്നത് മെയിനിലെയും ഇന്റർവ്യൂവിലെയും ചേർത്തുള്ള 2025 മാർക്ക് മാത്രം. 

പ്രിലിമിനറിയിൽ രണ്ടു മണിക്കൂർ നേരം വീതമുള്ള രണ്ടു നിർബന്ധ പേപ്പറുകൾ. ഒബ്‌ജക്ടീവ് ചോദ്യങ്ങൾ മാത്രം. ഓരോന്നിനും 200 മാർക്ക്. തെറ്റിനു മാർക്ക് കുറയ്‌ക്കുന്ന നെഗറ്റീവ് മാർക്കിങ് രീതിയുണ്ട്.

പ്രിലിമിനറി ഒന്നാം പേപ്പറിലെ 200 മാർക്ക്  മാത്രം ആധാരമാക്കിയാവും മെയിനിലേക്കു കടക്കാനുള്ള റാങ്കിങ്. രണ്ടാം പേപ്പർ ക്വാളിഫൈയിങ് പേപ്പറായിരിക്കും. ഇതിൽ 33 % മാർക്ക് നേടണം. 

മെയിൻ പരീക്ഷ
സെപ്റ്റംബർ 18 മുതൽ 5 ദിവസം. വിവരണരീതിയിൽ മൂന്നു മണിക്കൂർ വീതമുള്ള പേപ്പറുകളിങ്ങനെ:

പേപ്പർ എ: മലയാളമടക്കം ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലെ ഏതെങ്കിലുമൊരു ഇന്ത്യൻ ഭാഷ

പേപ്പർ ബി: ഇംഗ്ലിഷ്

ഈ ഭാഷാ പേപ്പറുകളിൽ യോഗ്യത തെളിയിക്കാനുള്ള മാർക്ക് മതി. ഈ മാർക്കുകൾ റാങ്കിങ്ങിനു പരിഗണിക്കുകയില്ല. തുടർന്ന് 250 മാർക്ക് വീതമുള്ള ഏഴു പേപ്പറുകൾ

 പേപ്പർ 1: എസ്സേ

  പേപ്പർ 2: ജനറൽ സ്‌റ്റഡീസ് I (ഭാരതീയ പൈതൃകവും സംസ്‌കാരവും; ലോകചരിത്രവും ഭൂമിശാസ്‌ത്രവും)  

  പേപ്പർ 3: ജനറൽ സ്‌റ്റഡീസ് II (ഗവേണൻസ്, ഭരണഘടന, സാമൂഹികനീതി, ഭരണക്രമം, രാജ്യാന്തരബന്ധങ്ങൾ)  

 പേപ്പർ 4: ജനറൽ സ്‌റ്റഡീസ് III (ടെക്‌നോളജി, സമ്പദ്‌വികസനം, ജൈവവൈവിധ്യം, പരിസ്‌ഥിതി, സെക്യൂരിറ്റി,  അത്യാഹിത മാനേജ്‌മെന്റ് )  

 പേപ്പർ 5: ജനറൽ സ്‌റ്റഡീസ് IV (ധർമശാസ്‌ത്രം, സത്യസന്ധത, അഭിരുചി) 

  പേപ്പർ 6, 7: ഐച്ഛികവിഷയം ഒന്നും രണ്ടും പേപ്പറുകൾ (26 വിഷയങ്ങളും മലയാളമടക്കം 23 ഭാഷകളും ഉള്ളതിൽനിന്ന് ഇഷ്ടമുള്ള ഒന്ന് തിരഞ്ഞെടുക്കാം.) 

റാങ്കിങ്ങിന് എഴുത്തു പരീക്ഷയ്‌ക്ക് ആകെ 250 x 7 = 1750 മാർക്ക്. 

ഇന്റർവ്യൂ (പഴ്സനാലിറ്റി ടെസ്‌റ്റ്): 275 മാർക്ക്. 

റാങ്കിങ്ങിനു മൊത്തം മാർക്ക്: 2025. 

ശ്രദ്ധിക്കാൻ

പ്രിലിമിനറിയിലെ മികവു നോക്കി ഒഴിവുകളുടെ 12 / 13 മടങ്ങോളം പേരെ മെയിനിനു ക്ഷണിക്കും. ഇതിൽ നല്ല പ്രകടനം കാഴ്‌ച വയ്‌ക്കുന്നവർക്ക് ഇന്റർവ്യൂ.  ഒഴിവുകളുടെ ഇരട്ടിയോളം പേർക്ക് ക്ഷണം കിട്ടുമെന്ന് വിജ്ഞാപനത്തിലുണ്ടെങ്കിലും രണ്ടര മടങ്ങോളം പേരെ ക്ഷണിക്കാറുണ്ട്. 

സംശയപരിഹാരത്തിനു ഫോൺ: 011 2338 5271

ഫോറസ്‌റ്റ് സർവീസിനും ഇതേ പ്രിലിമിനറി 
ഇന്ത്യൻ ഫോറസ്‌റ്റ് സർവീസിനു ശ്രമിക്കുന്നവർക്കും സിവിൽ സർവീസസ് പ്രിലിമിനറിയുടെ അപേക്ഷ മതി. ഓൺലൈൻ അപേക്ഷയിൽ രണ്ടിലും താൽപര്യമുണ്ടോയെന്നു സൂചിപ്പിക്കാം. 

പക്ഷേ ഫോറസ്റ്റ് സർവീസിന് വെറ്ററിനറി, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്‌സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, അഗ്രികൾചർ, ഫോറസ്ട്രി, എൻജിനീയറിങ് ഇവയൊന്നിലെ ബിരുദം വേണം. പ്രിലിമിനറിയിൽ മികവുള്ളവരെ ഫോറസ്‌റ്റ് സർവീസ് മെയിനിന് ഇരുത്തും. മെയിൻ പരീക്ഷയുടെ ഘടന upsc.gov.in എന്ന വെബ്സൈറ്റിലുണ്ട്. 90 ഒഴിവുകൾ.

ഇന്റർവ്യൂ മോശമായാലും ജോലിക്കു ചാൻസ്

സിവിൽ സർവീസസ് പരീക്ഷയുടെ പ്രിലിമിനറിയും മെയിനും കടന്ന് ഇന്റർവ്യൂവിലെത്തിയെങ്കിലും, അവിടെ വിജയിക്കാൻ കഴിയാത്തവർ എഴുത്തുപരീക്ഷയ്ക്കും ഇന്റർവ്യൂവിനും നേടിയ മാർക്കുകൾ വെബ്സൈറ്റിൽ പരസ്യപ്പെടുത്തും. പൊതുമേഖലയിലെയോ സ്വകാര്യമേഖലയിലെയോ ഉദ്യോഗദാതാക്കൾക്ക് ഇതുനോക്കി ആവശ്യമെങ്കിൽ ഇവരുടെ സേവനം പ്രയോജനപ്പെടുത്താം. അഞ്ചു ലക്ഷത്തിലേറെപ്പേർ ദേശീയതലത്തിൽ മത്സരിച്ച്, ഏറ്റവും മികച്ച രണ്ടായിരത്തിൽപ്പെടുന്നവർക്ക് നിശ്ചയമായും പല സാമർഥ്യങ്ങളുമുണ്ടല്ലോ. 

ഇന്റർവ്യൂ ഘട്ടത്തിൽ ഇങ്ങനെ മാർക്കുകൾ പ്രസിദ്ധപ്പെടുത്താൻ സമ്മതം നൽകുന്നവരുടെ വിവരങ്ങൾ മാത്രമേ പ്രസിദ്ധപ്പെടുത്തൂ. ആകെ ഒഴിവുകളുടെ രണ്ടു മടങ്ങോളം പേർക്കുമാത്രമാണ് ഇന്റർവ്യൂവിന് അവസരമെന്നും ഓർക്കാം.

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA